മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ ജനനവും മാതാപിതാക്കളുടെ മാനസികാരോഗ്യവും തമ്മിൽ ഏറെ ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. മാതാവിന്റെ മാനസികാരോഗ്യമാണ് ഏറെ ബാധിക്കുന്നതെങ്കിലും പിതാവിന്റേതും കുഞ്ഞിന്റെ ആരോഗ്യകരമായ ജനനത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ന്യൂയോർക്ക് മൗണ്ട് സിനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിൻസ്, കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പിഎൽഒഎസ് എന്ന ഓപ്പൺ ആക്സസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
സ്വീഡനിലെ നോർഡിക് മാതാപിതാക്കളെയാണ് (കുഞ്ഞിന്റെ മാതാപിതാക്കളിൽ ആരെങ്കിലും സ്വീഡൻ, ഫിൻലാൻഡ്, നോർവേ, ഡെൻമാർക്ക്, ഐസ്‌ലാൻഡ് എന്നിവിടങ്ങളിൽ ജനിച്ചവർ) ഗവേഷകർ പഠനത്തിനായി തിരഞ്ഞെടുത്തത്. പഠനത്തിനായി തിരഞ്ഞെടുത്തവർ എല്ലാവരും 1997-നും 2016-നും ഇടയിൽ ജനിച്ചവരാണ്.
മെഡിക്കൽ രജിസ്റ്ററിൽ നിന്ന് ഗർഭകാല വിവരങ്ങളും, ഇവരുടെയെല്ലാം മാനസിക രോഗ നിർണയങ്ങളും ഉപയോഗിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.
മാതാപിതാക്കളിൽ സ്ത്രീകളെ പോലെ പുരുഷന്മാരും കുഞ്ഞുങ്ങളുടെ മാസം തികയാതെയുള്ള ജനനത്തിന് കാരണമാകുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. ഇത്തരത്തിൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ ജീവിത കാലം മുഴുവൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നും ഗവേഷകർ പറയുന്നു.
1.5 ദശലക്ഷം കുട്ടികളുടെ ജനന കണക്കുകൾ പരിശോധിച്ചപ്പോൾ അതിൽ 15 ശതമാനവും മാനസിക പ്രതിസന്ധികള്‍ നേരിടുന്ന മാതാപിതാക്കളുടെ കുട്ടികളായിരുന്നു.
രോഗ നിർണയം നടത്തിയ അച്ഛൻമാർക്ക് മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് 6.3 ശതമാനവും അമ്മമാരിലത് 7.3 ശതമാനവുമാണ്. എന്നാൽ മാതാപിതാക്കളിൽ ഇരുവരും മാനസിക പ്രതിസന്ധി നേരിടുന്നവരുടെ കുഞ്ഞുങ്ങളില്‍ 8.3 ശതമാനം പേരാണ് മാസം തികയാതെ ജനിച്ചത്.
"പഠനം നടത്തിയത് സ്വീഡനിലാണെങ്കിലും മാതാപിതാക്കളുടെ മാനസികാവസ്ഥ കുഞ്ഞുങ്ങളുടെ ജനനത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അഞ്ച് കുട്ടികളിൽ ഒരാളുടെ രക്ഷിതാവെങ്കിലും മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ്. അതിനാൽ ഈ പഠനം പൊതുജനങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്" സീവർ ഓട്ടിസം സെന്റർ ഫോർ റിസർച്ച് ആൻഡ് ട്രീറ്റ്‌മെന്റിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സ്വെൻ സാൻഡിൻ പറഞ്ഞു.