HEALTH

ടൈപ്പ് 1 പ്രമേഹ ചികിത്സയില്‍ പുതിയ കണ്ടെത്തല്‍; രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുന്നതിനോട് തത്സമയം പ്രതികരിക്കുന്ന സ്മാര്‍ട്ട് ഇന്‍സുലിനുമായി ഗവേഷകര്‍

ഭാവിയില്‍, രോഗികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഇന്‍സുലിന്‍ ആവശ്യമായി വരൂവെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു

വെബ് ഡെസ്ക്

ലോകമെമ്പാടുമുള്ള ടൈപ്പ് 1പ്രമേഹരോഗികള്‍ക്ക് ആശ്വാസമാകുന്ന ഇന്‍സുലിനുമായി ഗവേഷകര്‍. ടൈപ്പ് 1 പ്രമേഹരോഗികളെ സംബന്ധിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴാണ് കൂടുന്നതെന്നോ കുറയുന്നതെന്നോ പറയാന്‍ സാധിക്കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനു പരിഹാരമാണ് തങ്ങള്‍ വികസിപ്പിച്ചെടുത്ത 'ഹോളി ഗ്രെയ്ല്‍' ഇന്‍സുലിന്‍ എന്നാണ് ഗവേഷകരുടെ അവകാശവാദം. രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുന്നതിനോട് തത്സമയം പ്രതികരിക്കുകയും ലോകമെമ്പാടുമുള്ള ടൈപ്പ് 1 പ്രമേഹമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ചികിത്സയില്‍ ഇത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

നിലവില്‍, ടൈപ്പ് 1 രോഗികള്‍ക്ക് പ്രമേഹാവസ്ഥ അതിജീവിക്കാന്‍ ഒരു ദിവസം പത്ത് തവണ വരെ സിന്തറ്റിക് ഇന്‍സുലിന്‍ നല്‍കേണ്ടതുണ്ട്. ഉയര്‍ന്നതും താഴ്ന്നതുമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് തമ്മിലുള്ള നിരന്തരമായ ഏറ്റക്കുറച്ചിലുകള്‍ ഹ്രസ്വ-ദീര്‍ഘകാല ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൂടാതെ അളവ് സ്ഥിരമായി നിലനിര്‍ത്താനുള്ള പോരാട്ടം അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കും.

ഗവേഷകര്‍ വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ഇന്‍സുലിന്‍ ശരീരത്തില്‍ ഇറങ്ങുകയും ആവശ്യമുള്ളപ്പോള്‍ മാത്രം പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. യുഎസിലെയും ഓസ്ട്രേലിയയിലെയും ചൈനയിലെയും ഗവേഷകരാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറ്റുന്നതിനോട് ശരീരത്തിന്റെ സ്വാഭാവിക പ്രതികരണത്തെ അനുകരിക്കുന്നതും തത്സമയം പ്രതികരിക്കുന്നതുമായ നോവല്‍ ഇന്‍സുലിന്‍ വിജയകരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് ഇന്‍സുലിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു, എന്നാല്‍ ഒരിക്കല്‍ ഇത് എത്തിക്കഴിഞ്ഞാല്‍, ഭാവിയിലെ ഏറ്റക്കുറച്ചിലുകളെ സഹായിക്കാന്‍ കഴിയില്ല. അതായത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രോഗികള്‍ക്ക് വീണ്ടും കൂടുതല്‍ ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ടിവരും.

ഹൈപ്പര്‍ ഗ്ലൈസീമിയ (രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ്) തടയാന്‍ രക്തത്തില്‍ ഒരു നിശ്ചിത അളവില്‍ പഞ്ചസാര ഉണ്ടെങ്കില്‍ മാത്രമേ പുതിയ ഗ്ലൂക്കോസ്-റെസ്‌പോണ്‍സീവ് ഇന്‍സുലിന്‍ (ജിആര്‍ഐ) സജീവമാകൂ. ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ കുറഞ്ഞ ഗ്ലൂക്കോസ്) ഒഴിവാക്കിക്കൊണ്ട്, ഒരു നിശ്ചിത പോയിന്റില്‍ താഴെയായി അളവ് കുറയുമ്പോള്‍ അവ വീണ്ടും പ്രവര്‍ത്തനരഹിതമാകും. ഭാവിയില്‍, രോഗികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഇന്‍സുലിന്‍ ആവശ്യമായി വരൂവെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.

സ്മാര്‍ട്ട് ഇന്‍സുലിന്‍സിന്റെ പിന്നിലെ ശാസ്ത്രജ്ഞര്‍ക്ക് അവയുടെ വികസനം വേഗത്തില്‍ ട്രാക്കുചെയ്യുന്നതിന് ദശലക്ഷക്കണക്കിന് പൗണ്ട് ഗ്രാന്‌റായി നല്‍കിയിട്ടുണ്ട്. ഡയബറ്റിസ് യുകെ, ജെഡിആര്‍എഫ്, സ്റ്റീവ് മോര്‍ഗന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ പങ്കാളിത്തമായ ടൈപ്പ് 1 ഡയബറ്റിസ് ഗ്രാന്‍ഡ് ചലഞ്ചില്‍ നിന്നാണ് ധനസഹായം ലഭിക്കുന്നത് . ടൈപ്പ് 1 പ്രമേഹത്തിനുള്ള പുതിയ ചികിത്സകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് അത്യാധുനിക ഗവേഷണത്തിനായി 50 മില്യണ്‍ പൗണ്ട് നിക്ഷേപിക്കുന്നുണ്ട്.

പ്രമേഹത്തിനെതിരായ യുദ്ധത്തില്‍ സ്മാര്‍ട്ട് ഇന്‍സുലിന്‍ ഒരു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ടൈപ്പ് 1 ഡയബറ്റിസ് ഗ്രാന്‍ഡ് ചലഞ്ചിന്റെ നോവല്‍ ഇന്‍സുലിന്‍ സയന്റിഫിക് അഡൈ്വസറി പാനലിന്റെ വൈസ് ചെയര്‍ ഡോ ടിം ഹെയ്സ് പറഞ്ഞു. ''നിലവില്‍ ലഭ്യമായ ആധുനിക ഇന്‍സുലിന്‍ ഉപയോഗിച്ച് പോലും, ടൈപ്പ് 1 പ്രമേഹമുള്ള ആളുകള്‍ക്ക് അവരുടെ പ്രമേഹം നിയന്ത്രിക്കുന്നതിന് ഒരു വശത്ത് സ്വീകാര്യമായ ഗ്ലൈസെമിക് നിയന്ത്രണവും മറുവശത്ത് ഹൈപ്പോഗ്ലൈസീമിയ ഒഴിവാക്കലും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്.

വ്യത്യസ്ത തരത്തിലുള്ള സ്മാര്‍ട്ട് ഇന്‍സുലിന്‍ വികസിപ്പിച്ച ആറ് ഗവേഷണ പ്രോജക്ടുകള്‍ക്ക് ഏകദേശം മൂന്ന് മില്യണ്‍ പൗണ്ട് ലഭിച്ചു. യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റി, ചൈനയിലെ സെജിയാങ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതില്‍ പങ്കെടുത്തത്. വികസനം ത്വരിതപ്പെടുത്തുകയും പരീക്ഷണങ്ങള്‍ എത്രയും വേഗം ആരംഭിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ടൈപ്പ് 1 പ്രമേഹത്തെ നിയന്ത്രിക്കുന്നതിന്റെയും ദീര്‍ഘകാല സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിന്‌റെയും ഗുരുതരാവസ്ഥ കുറയ്ക്കാന്‍ വേഗത്തിലും കൂടുതല്‍ കൃത്യമായും പ്രവര്‍ത്തിക്കാന്‍ സ്മാര്‍ട്ട് ഇന്‍സുലിന്‍ മികച്ചതാക്കാനാണ് ഓരോ പ്രോജക്ടും ലക്ഷ്യമിടുന്നത്. പ്രോജക്ടുകളില്‍ നാലെണ്ണം ജിആര്‍ഐകള്‍ പരീക്ഷിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

അഞ്ചാമത്തേത് ഒരു പുതിയ അള്‍ട്രാഫാസ്റ്റ്, ഷോര്‍ട്ട് ആക്ടിങ്് ഇന്‍സുലിന്‍ വികസിപ്പിച്ചെടുത്തു. ഇപ്പോള്‍ ലഭ്യമായ ഏറ്റവും വേഗതയേറിയ ഇന്‍സുലിന്‍ പോലും, മരുന്ന് നല്‍കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനുമിടയില്‍ കാലതാമസം സൃഷ്ടിക്കുന്നുണ്ട്. ഇന്‍സുലിന്‍ പ്രവര്‍ത്തിക്കുന്നതിനു മുമ്പ് രക്തത്തിലെ ഗ്ലൂക്കോസ് സുരക്ഷിതമല്ലാത്ത നിലയിലേക്ക് ഉയരാന്‍ ഇത് ഇടയാക്കും. ഇന്‍സുലിന്‍ പമ്പുകളുടെയും ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് സാങ്കേതികവിദ്യയുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേഗതയേറിയ ഇന്‍സുലിന്‍ ആവശ്യമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മാറുന്നതിനോട് തത്സമയം പ്രതികരിക്കുന്ന ഇന്‍സുലിന്‍ സംഭരിച്ചിരിക്കുന്നതിനെ ആശ്രയിക്കുന്ന ഒരു സംവിധാനമാണിത്.

ആറാമത്തെ പദ്ധതി ഇന്‍സുലിന്‍ മറ്റൊരു ഹോര്‍മോണായ ഗ്ലൂക്കോണുമായി സംയോജിപ്പിക്കുന്ന ഒരു പ്രോട്ടീനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ പോലെയല്ല, രക്തത്തിലെ അളവ് കുറയുമ്പോള്‍ കൂടുതല്‍ ഗ്ലൂക്കോസ് പുറത്തുവിടാന്‍ ഗ്ലൂക്കോണ്‍ കരളിനെ ഉത്തേജിപ്പിക്കുന്നു. രണ്ട് ഹോര്‍മോണുകളും ഒരു ഫോര്‍മുലേഷനില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതും കുറയുന്നതും പ്രതിരോധിച്ച് സന്തുലിതമായി നിലനിര്‍ത്താനാകും.

'ഇന്‍സുലിന്‍ തെറാപ്പിയിലെ പ്രധാന പോരായ്മകള്‍ പരിഹരിക്കാന്‍ ധനസഹായം നല്‍കിയ ആറ് പുതിയ ഗവേഷണ പദ്ധതികളെക്കുറിച്ച് ഹൈസ് പറഞ്ഞു. ഈ ഗവേഷണ പദ്ധതികള്‍, വിജയകരമാണെങ്കില്‍, ഇന്‍സുലിന്‍ തെറാപ്പിയില്‍ ഒരു പുതിയ യുഗം പ്രഖ്യാപിക്കുന്നതിലും തെറ്റില്ലെന്നാണ് ഹെസിന്‌റെ അഭിപ്രായം.

'ഇന്‍സുലിന്‍ ഇപ്പോള്‍ 100 വര്‍ഷത്തിലേറെയായി ജീവന്‍ രക്ഷിക്കുന്നു, മുമ്പത്തെ ഗവേഷണം ടൈപ്പ് 1 ഉള്ള ആളുകള്‍ക്ക് സുപ്രധാന മാറ്റങ്ങള്‍ വരുത്തിയെങ്കിലും, ഇത് ഇപ്പോഴും മതിയായതല്ല - ഇന്‍സുലിന്‍ ഉപയോഗിച്ച് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണ്, ഇത് പരിഹരിക്കാനുള്ള വഴികള്‍ ശാസ്ത്രം കണ്ടെത്തേണ്ട സമയമാണിത്.' - ജെഡിആര്‍എഫ് യുകെയിലെ ഗവേഷണ പങ്കാളിത്തത്തിന്‌റെ ഡയറക്ടര്‍ റേച്ചല്‍ കോണര്‍ പറഞ്ഞു. ഗ്ലൂക്കോസിന്റെ അളവ് മാറുന്നതിനോട് തത്സമയം പ്രതികരിക്കാന്‍ കഴിയുന്ന ഇന്‍സുലിന്‍ വഴി, ഈ ആറ് പ്രോജക്റ്റുകള്‍ക്ക് ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റേച്ചല്‍ പറഞ്ഞു.

ടൈപ്പ് 1 പ്രമേഹ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ പദ്ധതികള്‍ക്ക് കഴിയുമെന്ന് ഡയബറ്റിസ് യുകെയിലെ ഗവേഷണ ഡയറക്ടര്‍ ഡോ എലിസബത്ത് റോബര്‍ട്ട്‌സണ്‍ പറഞ്ഞു. ''ഈ ഗവേഷണ പദ്ധതികളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറ്റുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണങ്ങളെ കൂടുതല്‍ അടുത്ത് അനുകരിക്കുന്ന പുതിയ ഇന്‍സുലിന്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അവര്‍ പറഞ്ഞു. ഇത് ടൈപ്പ് 1 പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ദൈനംദിന വെല്ലുവിളികളെ ഗണ്യമായി കുറയ്ക്കുകയും ഈ അവസ്ഥയില്‍ ജീവിക്കുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ ഗവേഷണം ടൈപ്പ് 1 പ്രമേഹ പരിചരണത്തില്‍ ജീവിതത്തെ മാറ്റിമറിക്കുന്ന പുരോഗതിയിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- എലിസബത്ത് പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം