പാര്‍ക്കിന്‍സണ്‍സ് പിടിപെടാനുള്ള സാധ്യതയുണ്ടോ എന്ന് രോഗം വരുന്നതിന് ഏഴ് വര്‍ഷം മുന്നേ കണ്ടെത്താമെന്ന് ഗവേഷകര്‍. എഐ അടിസ്ഥാനമാക്കിയുള്ള രക്തപരിശോധനയിലൂടെയാണ് ഇത് സാധ്യമാകുക. ആഗോളതലത്തില്‍ പത്ത് ദശ ലക്ഷം പേര്‍ക്ക് ഇതിന്‌റെ പ്രയോജനം ലഭിക്കുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ലോകത്ത് ഏറ്റവും വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡറാണ് പാര്‍ക്കിന്‍സണ്‍സ്. ജര്‍മനി ഗോട്ടിങ്ഗന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‌ററിലെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെയും ഗവേഷകരാണ് എഐ അടിസ്ഥാനമാക്കിയുള്ള ഈ രക്തപരിശോധനയ്ക്ക് പിന്നില്‍.
സാധാരണ പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ വിറയല്‍, ചലനത്തിലും നടത്തത്തിലുമുള്ള മന്ദത, ഓര്‍മപ്രശ്‌നങ്ങള്‍ എന്നിവ വികസിച്ചതിനുശേഷം ഡോപ്പാമിന്‍ റീപ്ലേസ്‌മെന്‌റ് തെറാപ്പിയാണ് നല്‍കുന്നത്. എന്നാല്‍ ഡോപ്പാമിന്‍ ഉല്‍പാദിപ്പിക്കുന്ന മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിച്ചുകൊണ്ട് പാര്‍ക്കിന്‍സണ്‍സ് മന്ദഗതിയിലാക്കാനോ തടയാനോ കഴിയുന്ന ചികിത്സകള്‍ കണ്ടെത്തുന്നതിന് നേരത്തേയുള്ള രോഗനിര്‍ണയം സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗം നിര്‍ണയിക്കാന്‍ എഐയുടെ മെഷീന്‍ ലേണിങ്ങാണ് ഗവേഷകര്‍ പരീക്ഷിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗികളിലെ രക്തത്തിലെ പ്രധാന എട്ട് മാറ്റങ്ങള്‍ കൃത്യതയോടെ എഐ വിശകലനം ചെയ്തു. റാപ്പിഡ് ഐ മൂവ്‌മെന്‌റ് ബിഹേവിയര്‍ ഡിസോര്‍ഡര്‍(ഐആര്‍ബിഡി) ഉള്ള 72 രോഗികളെയാണ് ഗവേഷകര്‍ ഇതിനായി നിരീക്ഷിച്ചത്. ഇതില്‍ 75-80 ശതമാനം ആളുകളിലും പാര്‍ക്കിന്‍സണ്‍സിനൊപ്പം മസ്തിഷ്‌ക കോശങ്ങളില്‍ അസാധാരണമായി ആല്‍ഫ സിനുക്ലിന്‍ അടിഞ്ഞുകൂടുന്നതു കാരണമുണ്ടാകുന്ന മസ്തിഷ്‌ക വൈകല്യവും ഉണ്ടായിരുന്നു. മെഷീന്‍ ലേണിങ് ഈ രോഗികളുടെ രക്തം പരിശോധിച്ചപ്പോള്‍ ഐആര്‍ബിഡി രോഗികളില്‍ 79 ശതമാനം പേര്‍ക്കും പാര്‍ക്കിന്‍സണ്‍സ് ബാധിച്ച ഒരാളുടെ അതേ പ്രൊഫൈല്‍ ഉണ്ടെന്ന് കണ്ടെത്തി.
ചലനത്തെ ബാധിക്കുന്ന ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡറാണ് പാര്‍ക്കിന്‍സണ്‍സ്. ചലനം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ സബ്സ്റ്റാന്‍ഷ്യ നിഗ്രയിലെ ഡോപ്പാമിന്‍ ഉല്‍പാദിപ്പിക്കുന്ന ന്യൂറോണുകളുടെ അപചയം മൂലമാണ് ഇത് സംഭവിക്കുന്നത്. പേശീചലനങ്ങള്‍ സുഗമമാക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാണ് ഡോപ്പാമിന്‍. എന്നാല്‍ ഈ ന്യൂറോണുകള്‍ മോശമാകുമ്പോള്‍ ഡോപ്പാമിന്‍ അളവ് കുറയുകയും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‌റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നു.
വിറയല്‍, ചലനങ്ങളിലെ മന്ദത, മൂഡാ മാറ്റങ്ങള്‍, ഉറക്കമില്ലായ്മ, വൈജ്ഞാനിക വൈകല്യം തുടങ്ങിയയവയാണ് പാര്‍ക്കിന്‍സണ്‍സിന്‌റേതായി പ്രത്യക്ഷമാകുന്ന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുടെ പുരോഗതിയും തീവ്രതയും വ്യക്തികള്‍ക്കിടയില്‍ വ്യത്യാസപ്പെടാം.
പ്രായമാണ് ഒരു പ്രധാന അപകടഘടകം. 60 വയസ് പിന്നിട്ടവരിലാണ് കൂടുതലായും കാണുന്നതെങ്കിലും അടുത്ത കാലത്തായി യുവജനങ്ങള്‍ക്കിടയിലും പാര്‍ക്കിന്‍സണ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലവില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സ ഇല്ല. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ചികിത്സ കേന്ദ്രീകരിക്കുന്നത്. ഫിസിക്കല്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ജീവിതശൈലീ ക്രമീകരണം എന്നിവ രോഗലക്ഷണങ്ങള നിയന്ത്രിക്കാന്‍ സഹായിക്കും. ചില രോഗികള്‍ക്ക് മസ്തിഷ്‌ക ഉത്തേജനം പോലെയുള്ള ചികിത്സകള്‍ ആവശ്യമാകാം. ഈ രോഗത്തിനു ശാശ്വത പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.