കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ കായികാധ്വാനം കൂടിയ പ്രവൃത്തികളില്‍നിന്ന് കുറച്ചുകാലം മാറിനില്‍ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് ഹൃദയാഘാത മരണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍)ന്‌റെ പഠനം ആസ്പദമാക്കിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. കോവിഡിന്‌റെ ഭവിഷ്യത്തുകള്‍ ഗുരുതരമായി അനുഭവിച്ചവര്‍ കഠിന ജോലികളും വ്യായാമവും ചെയ്യുന്നതില്‍നിന്ന് ഒന്നോ രണ്ടോ വര്‍ഷംവരെ വിട്ടുനില്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ഹൃദയാഘാതംമൂലമുള്ള മരണങ്ങള്‍ തുടരുകയാണ്. ഇതില്‍ കൂടുതലും യുവാക്കളും മധ്യവയസ്‌കരുമാണ്. സൗരാഷ്ട്രയില്‍ ഹൃദയാഘാത മരണങ്ങള്‍ അപകടമാംവിധം കൂടുകയാണ്. യുവാക്കളാണ് ഹൃദയാഘാത മരണങ്ങള്‍ക്ക് കൂടുതലും ഇരയായിക്കൊണ്ടിരിക്കുന്നത്. ഗാര്‍ബ നൃത്തം കളിക്കുന്നതിനിടെ ഒരു 17 വയസുകാരന്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണം മരിച്ചിട്ട് ദിവസങ്ങളായിട്ടേ ഉള്ളു.
നൃത്തപരിപാടിക്കിടെ തലചുറ്റല്‍ അനുഭവപ്പെട്ട കുട്ടി പെട്ടെന്ന് ബോധരഹിതനാകുകയായിരുന്നു. അവിടെയുണ്ടായിരുന്ന മെഡിക്കല്‍സംഘം ഉടന്‍ സിപിആര്‍ നല്‍കി പ്രാഥമിക പരിശോധനകള്‍ നടത്തിയെങ്കിലും പള്‍സ് കിട്ടിയിരുന്നില്ല. മൂന്ന് റൗണ്ട് സിപിആര്‍ നല്‍കിയെങ്കിലും ശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് എഎന്‍ഐക്ക് വിവരങ്ങള്‍ പങ്കുവച്ച് ഡോ.ആയുഷ് പട്ടേല്‍ പറഞ്ഞിരുന്നു.
കോവിഡ് ബാധിച്ച് രണ്ടും മൂന്നും വര്‍ഷം പിന്നിട്ടവരില്‍പ്പോലും രോഗത്തിന്‌റെ പ്രത്യാഘാതങ്ങള്‍ കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് രോഗബാധയെത്തുടര്‍ന്ന് പലരിലും പ്രമേഹം അനിയന്ത്രിതമാംവിധം കൂടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കടുത്ത ക്ഷീണം, ഇടവിട്ടുള്ള പനി, പ്രതിരോധശേഷിക്കുറവ് തുടങ്ങിയവയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞത് ഏഴുദിവസം കിടപ്പിലായ രോഗികള്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷവും രോഗം നല്‍കിയ ശാരീരിക അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതായി ദി ലാന്‍സെറ്റ് റിജിയണല്‍ ഹെല്‍ത്-യൂറോപ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണവും പറയുന്നു.
ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചു വേദന, തലചുറ്റല്‍, തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ ലോംഗ് കോവിഡിന്റെ ഭാഗമായി നിലനില്‍ക്കുന്നുണ്ടെന്ന് സ്വീഡനിലെ ഗവേഷകര്‍ പറയുന്നു.