മുതിര്‍ന്നവരില്‍ പുകയില ഉപേക്ഷിക്കുന്നതിനുള്ള ആദ്യത്തെ ക്ലിനിക്കല്‍ ചികിത്സാമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന. പുകയില ഉപയോഗം നിര്‍ത്തുന്നതിനുള്ള ഫലപ്രദമായ ചികിത്സകളായി ആഗോള ആരോഗ്യ സംഘടന വാരെനിക്ലിന്‍, ബ്യുപ്രോപിയോണ്‍, സിസ്റ്റിസൈന്‍, നിക്കോട്ടിന്‍ റീപ്ലേസ്‌മെന്‌റ് തെറാപ്പി(എന്‍ആര്‍ടി) എന്നിവയാണ് ശിപാര്‍ശ ചെയ്തത്.
'പുകവലിക്കാര്‍ അത് ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ പല വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വരും. ഈ ആസക്തി മറികടക്കാന്‍ വ്യക്തികളും കുടുംബാംഗങ്ങളും പലപ്പോഴും നന്നായി കഷ്ടപ്പെടാറുണ്ട്', ലോകാരോഗ്യ സംഘടന ഹെല്‍ത്ത് പ്രമോഷന്‍ ഡയറക്ടര്‍ ഡോ. ഡീഗര്‍ ക്രെച്ച് പറയുന്നു. പുകയില ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധ്യമായ സഹായവും മികച്ച പിന്തുണയും നല്‍കാന്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹത്തെയും സര്‍ക്കാരുകളെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ചികിത്സാ മാര്‍ഗനിര്‍ദേശത്തിലെ അഞ്ച് പ്രധാന പോയിന്‌റുകള്‍
1. സിഗരറ്റ്, വാട്ടര്‍ പൈപ്പ്, പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍, ചുരുട്ടുകള്‍, ചൂടാക്കിയ പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്നവര്‍ക്കാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ ചികിത്സാമാര്‍ഗനിര്‍ദേശങ്ങള്‍.
2. ഗ്ലോബല്‍ ഹെല്‍ത്ത് ബോഡിയുടെ അഭിപ്രായത്തില്‍ നിക്കോട്ടിന്‍ റീപ്ലേസ്‌മെന്‌റ് തെറാപ്പി, ബ്യുപ്രോപിയോണ്‍, സിസ്റ്റിസൈന്‍ എന്നിവ പുകയില ഉപയോഗം നിര്‍ത്തുന്നതിനുള്ള ഫലപ്രദമായ ചികിത്സയായി തിരഞ്ഞെടുക്കാം.
3. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളില്‍ പതിവായി നല്‍കേണ്ട ഹ്രസ്വ ആരോഗ്യ പ്രവര്‍ത്തക കൗണ്‍സലിങ് (30 സെക്കന്‌റ് മുതല്‍ മൂന്ന് മിനുറ്റ് വരെ) ഉള്‍പ്പെടെയുള്ള പെരുമാറ്റ ഇടപെടലുകളും അധികാരികള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
4. താല്‍പര്യമുള്ള ഉപയോക്താക്കള്‍ക്ക് തീവ്രമായ ബിഹേവിയറല്‍ സപ്പോര്‍ട്ട് (വ്യക്തിഗതം, ഗ്രൂപ്പ്, ഫോണ്‍ കൗണ്‍സലിങ്) ഉണ്ടായിരിക്കണമെന്നും ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥര്‍ പറയുന്നു.
5. ടെക്സ്റ്റ് മെസേജിങ്, സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍, ഇന്‌റര്‍നെറ്റ് പ്രോഗ്രാമുകള്‍ എന്നിവ പോലുള്ള ഡിജിറ്റല്‍ ഇടപെടലുകള്‍ സെല്‍ഫ് മാനേജ്‌മെന്‌റ് ടൂളുകളായി ഉപയോഗിക്കാം.
പുകവലി ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കാം?
ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, ശ്വസന പ്രശ്‌നങ്ങള്‍, പക്ഷാഘാതം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുകവലി കാരണമാകുന്നുണ്ട്. പുകയിലയിലെ വിഷമയമായ രാസവസ്തുക്കള്‍ ശ്വാസകോശത്തിനും മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും ശാശ്വത തകരാറ് ഉണ്ടാക്കുകയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ പുകവിലക്കാത്തവരെ അപകടത്തിലാക്കുന്ന നിഷ്‌ക്രിയ പുകവലി പൊതുജനാരോഗ്യ പ്രശ്‌നമാണ്.