HEALTH

മൂന്ന് സെക്കന്‍ഡില്‍ ഒരാള്‍ക്കുവീതം പക്ഷാഘാതം, ഇരകളായി യുവാക്കളും; അറിയാം കാരണങ്ങള്‍

40-44 പ്രായമുള്ളവരില്‍ ഒരു ലക്ഷത്തില്‍ 41 പേര്‍ക്ക് എന്ന കണക്കിലാണ് ഒരു വര്‍ഷത്തില്‍ പക്ഷാഘാതം സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ പഠനം പറയുന്നു

വെബ് ഡെസ്ക്

ആഗോളതലത്തില്‍ മരണത്തില്‍ രണ്ടാം സ്ഥാനത്തും ദീര്‍ഘകാലത്തേക്ക് ശാരീരികയ വൈകല്യവും സൃഷ്ടിക്കുന്ന ഒന്നാണ് പക്ഷാഘാതം. 65 വയസ് പിന്നിട്ടവരിലാണ് കൂടുതലായും പക്ഷാഘാതം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കളും ഇതിന്‌റെ ഇരകളാകുകയാണ്. 40-44 പ്രായമുള്ളവരില്‍ ഒരു ലക്ഷത്തില്‍ 41 പേര്‍ക്ക് എന്ന കണക്കിലാണ് ഒരു വര്‍ഷത്തില്‍ പക്ഷാഘാതം സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ പഠനം പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, പ്രമേഹം, പുകവലി, ഹൃദ്രോഗങ്ങള്‍ എന്നിവ പക്ഷാഘാതത്തിന് കാരണമായി പറയുന്നുണ്ട്. ജോലിസമ്മര്‍ദം, അലസമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ രോഗസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. വിനോദത്തിനും ജോലിക്കുമായി മണിക്കൂറുകളോളം സ്‌ക്രീനിനു മുന്നില്‍ ചിലവഴിക്കുകയാണ് ഇന്നത്തെ യുവത്വം. വ്യായാമം തീരെ ഇല്ലെന്നു പറയാം. കൂടിയ അളവില്‍ ഉപ്പും പഞ്ചസാരയും അടങ്ങിയതും അനാരോഗ്യ കൊഴുപ്പുള്ളതുമായ ഭക്ഷണക്രമം ഉള്‍പ്പെട്ട ജീവിതരീതിയാണ് പിന്തുടരുന്നതും. ഇത് പക്ഷാഘാത സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.

രക്തസമ്മര്‍ദം നിയന്ത്രിക്കുകയും പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഡയറ്റ് ഉള്‍പ്പെടെ ക്രമീകരിച്ച് ജീവിതശൈലിയില്‍ തനതായ മാറ്റങ്ങള്‍ വരുത്തുകയുംവഴി അപകടസാധ്യത കുറയ്ക്കാനാകും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധവും കൃത്യമായ ആരോഗ്യപരിശോധനകളും യുവാക്കള്‍ക്കിടയിലെ പക്ഷാഘാതം നിയന്ത്രിക്കാന്‍ സഹായിക്കും.

ലോകത്താകമാനം ഒരു വര്‍ഷം 122 ലക്ഷം പേര്‍ക്ക് പക്ഷാഘാതം സംഭവിക്കുന്നതായി മുംബൈ ധീരുഭായി അംബാനി ഹോസ്പിറ്റലിലെ കണ്‍സല്‍റ്റന്‌റ് ന്യൂറോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഡോ. അന്നു അഗര്‍വാള്‍ പറയുന്നു. അതായത് മൂന്ന് സെക്കന്‍ഡില്‍ ഒരാള്‍ക്കുവീതം സ്‌ട്രോക്ക് സംഭവിക്കുന്നുണ്ട്. നാലില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ജീവിതകാലത്ത് ഒരിക്കലെങ്കിലും പക്ഷാഘാതമുണ്ടാകാം. 63 ശതമാനം പക്ഷാഘാതവും 70 വയസിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്നും 10-15 ശതമാനം സംഭവിക്കുന്നത് 18നും 50നും ഇടയില്‍ പ്രായമുള്ളവരിലാണെന്നും ഡോ. അന്നു പറയുന്നു.

ചെറുപ്പക്കാരിലെ പക്ഷാഘാതത്തിനും കാരണമായി അന്നു ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇവയാണ്

1. രക്തസമ്മര്‍ദം, പ്രമേഹം എന്നിവ പ്രായമായവരുടെ രോഗങ്ങളായാണ് കരുതിയിരുന്നത്. എന്നാല്‍ ഇവ ചെറുപ്പക്കാരിലുണ്ടാകുന്നത് പക്ഷാഘാത -ഹൃദയാഘാത സാധ്യത കൂട്ടുന്നു.

2. ഉയര്‍ന്ന അളവിലുള്ള സിസ്റ്റോളിക് പ്രഷര്‍, ബോഡി മാസ് ഇന്‍ഡെക്‌സ്, ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍, വായു മലിനീകരണം, പുകവലി, കൂടിയ അളവില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ് പ്രോട്ടീനുമടങ്ങിയ ഡയറ്റ്, കൂടിയ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തത്, മദ്യപാനം, വ്യായാമമില്ലായ്മ, ശരിയായ ഉറക്കമില്ലായ്മ എന്നിവ ആപത്ഘടകങ്ങളാണ്.

3. അലസമായ ജീവിതശൈലിയെ ഇപ്പോള്‍ പുതിയ കാലത്തിന്‌റെ പുകവലിയായാണ് വിശേഷിപ്പിക്കുന്നത്.

ലഹരി ഉപയോഗം, തലച്ചോറിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പരിക്ക്, അപൂര്‍വ തരത്തിലുള്ള രക്തം കട്ട പിടിക്കുന്നതു പോലുള്ള വൈകല്യങ്ങള്‍, ഹാര്‍ട്ട് വാല്‍വിനുണ്ടാകുന്ന വൈകല്യങ്ങള്‍, ചില കാര്‍ഡിയാക് അരിത്മിയ, എച്ച്‌ഐവി, ഹെര്‍പ്‌സ് അണുബാധ, കോവിഡ്-19 ഒന്നാം തരംഗത്തിലെ അണുബാധ, ചില റൂമറ്റോളജിക് പ്രശ്‌നങ്ങള്‍ എന്നിവയും യുവാക്കളിലെ പക്ഷാഘാതത്തിനു പിന്നിലുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം