കോവിഡ് വാക്‌സിനേഷന്‍ ഹൃദയവീക്കത്തിന് കാരണമാകുന്നില്ലെന്ന് പഠനം. കോവിഡ് വാക്‌സിനേഷനെത്തുടർന്നുണ്ടാകുന്ന ആന്റിബോഡികൾ മൂലമല്ല, ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണ് ഹൃദയവീക്കമുണ്ടാവുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയുടെ പഠനത്തിലാണ് കണ്ടെത്തല്‍.
കോവിഡ് വന്ന് വാക്സിനേഷന്‍ സ്വീകരിക്കാത്ത ആളുകളില്‍ രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നുവെന്നും സൈറ്റോകൈന്‍, സെല്ലുലാര്‍ റെസ്‌പോണ്‍സ് എന്നിവയെ പുനരുജ്ജീവിപ്പിക്കുന്നുവെന്നാണ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.
ജേര്‍ണല്‍ സയന്‍സ് ഇമ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഹൃദയ വീക്കത്തിന്റെ പല കാരണങ്ങളെയും ഗവേഷകര്‍ തള്ളിക്കളയുന്നു. വാക്സിനേഷൻ മൂലം രക്തം കട്ടപിടിക്കൽ, ഹൃദയത്തിന്റെ വീക്കം എന്നീ പാർശ്വഫല സാധ്യതകൾ വളരെ വിരളമാണെന്നാണ് പഠനം പറയുന്നത്.
എംആര്‍എന്‍എ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചവരില്‍ പ്രത്യേകിച്ച് 20 വയസുവരെയുള്ള ചെറുപ്പക്കാരില്‍ ഹൃദയത്തിലെ മസിലുകളുടെ വീക്കമായ മയോകാര്‍ഡൈറ്റിസിന്റെ തോത് വര്‍ധിച്ചെന്നാണ് പഠനം പറയുന്നത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്നും ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ വിശകലനമാണ് യേല്‍ സര്‍വകലാശ നടത്തിയിരിക്കുന്നത്. വാക്‌സിനേഷന്‍ ഷോട്ടുകള്‍ക്കിടയിലെ ഇടവേള നാല് ആഴ്ചയില്‍നിന്ന് എട്ടായി വര്‍ധിപ്പിച്ചാല്‍ ഹൃദയവീക്കത്തിന്റെ തോത് കുറയുമെന്നാണ് മുന്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിൽ കോവിഷീൽഡ് വാക്‌സിന് 12 ആഴ്ചയും കോവാക്സിന് നാലാഴ്ചയുമാണ് ഒന്നും രണ്ടും ഡോസുകൾ എടുക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഇടവേള.
അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ഡ്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച് വാക്‌സിന്‍ സ്വീകരിച്ചവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ച് വാകിസിനേഷന്‍ ചെയ്യാത്തവരില്‍ മയോകാര്‍ഡൈറ്റിസിന്റെ സാധ്യത കൂടുതലാണെന്നാണ് യേല്‍ സര്‍വകലാശാലയിലെ ഇമ്യൂണോബയോളജി പ്രൊഫസര്‍ കാരി ലൂക്കാസ് പറയുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നത് കോവിഡാനന്തരം ഉണ്ടാകുന്ന അസുഖങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കും.
2020ൽ അമേരിക്കയാണ് ആദ്യമായി അടിയന്തര ഉപയോഗത്തിന് മെസഞ്ചർ ആർഎൻഎ (mRNA)യ്ക്ക് അനുമതി നൽകിയത്. ഗുരുതരമായ അണുബാധകളും മരണങ്ങളും കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ വാക്സിനുകളായാണ് എംആർഎൻഎ കണക്കാക്കപ്പെടുന്നത്.