ചീസ് കഴിക്കുന്നത് ഡിമെൻഷ്യ ഉൾപ്പടെ തലച്ചോറിനെ ബന്ധിക്കുന്ന അസുഖങ്ങളുണ്ടാവാനുള്ള സാധ്യത ചീസ് കുറയ്ക്കുമെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. ജപ്പാനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
65 ന് മുകളിൽ പ്രായമുള്ള 1500 പേരിലാണ് പഠനം നടത്തിയത്. ഇവരിൽനിന്ന് ശേഖരിച്ച വിവിധ ഡേറ്റൾ വിശകലനം ചെയ്തതിൽനിന്ന് സ്ഥിരമായി ചീസ് കഴിച്ചിരുന്ന ആളുകളിൽ തലച്ചോർ സംബന്ധമായ അസുഖങ്ങൾ കുറഞ്ഞ തോതിലാണെന്ന് കണ്ടെത്തി.
ഗാവ് റിസർച്ച് സെന്ററിലെ ഹുൻക്യുങ് കിമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പാലുൽപ്പന്നങ്ങളും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും വിശകലനം ചെയ്യുന്നത്. എന്നാൽ വൈജ്ഞാനിക പ്രവർത്തനങ്ങളിൽ പാലുല്പന്നങ്ങളുടെ പങ്ക് നിർണയിക്കാൻ കൂടുതൽ പഠനം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പഠനത്തിൽ പങ്കെടുത്തവരുടെ അവരുടെ ഭക്ഷണശീലങ്ങളും മൊത്തത്തിലുള്ള ആരോഗ്യവും പൂർണമായും പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ പത്തിൽ എട്ടുപേരും അവരുടെ ഭക്ഷണത്തിൽ ചീസ് ഉൾപ്പെടുത്തിയിരുന്നതായി കണ്ടെത്തി.
പ്രോസസ് ചെയ്ത ചീസ് മുതൽ ബ്രൈ, കാംബെർട്ട്, ബ്ലൂ മോൾഡ് ചീസ് തുടങ്ങിയ ഇനങ്ങൾ ഇവർ കഴിച്ചിരുന്നു. ഇവരുടെ വൈജ്ഞാനിക പ്രവർത്തനം അളക്കുന്നതിന് ഓറിയന്റേഷൻ, ശ്രദ്ധ, മെമ്മറി, ഭാഷ, വിഷ്വൽ-സ്പേഷ്യൽ കഴിവുകൾ എന്നിവ വിലയിരുന്ന സമഗ്രമായ ഒരു ടെസ്റ്റ് എല്ലാവരും പൂർത്തിയാക്കിയിരുന്നു. ചീസ് ഉപഭോഗം തലച്ചോറിന്റെ മികച്ച പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന നിരീക്ഷണത്തെ കൂടുതൽ ബലപ്പെടുത്തിക്കൊണ്ട് ഭക്ഷണക്രമത്തിൽ ചീസ് ഉൾപ്പെടുത്തിയവർ, നല്ല വൈജ്ഞാനിക പ്രവർത്തനത്തെ സൂചിപ്പിക്കുന്ന പരിധിയിൽ സ്കോർ ചെയ്തിട്ടുണ്ട്.
ചീസ് കഴിക്കുന്നവർ കുറഞ്ഞ ബിഎംഐ (ബോഡി മാസ് ഇൻഡക്സ്), മെച്ചപ്പെട്ട രക്തസമ്മർദ്ദം, വേഗതയേറിയ നടത്തം, വൈവിധ്യമാർന്ന ഭക്ഷ്യശീലങ്ങൾ എന്നീ പ്രത്യേകതകളും കാണിക്കുന്നു. എന്നിരുന്നാലും, അവരുടെ കൊളസ്ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് അൽപ്പം ഉയർന്നതാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ആഗോള ജനസംഖ്യയിൽ ഏറെപ്പേരെ ബാധിച്ചിരിക്കുന്ന ഡിമെൻഷ്യ പൂർണമായി ഇല്ലാതാക്കാനുള്ള ചികിത്സ ഇപ്പോൾ നിലവിൽ ഇല്ല. അതിനാൽ ഇതടക്കമുള്ള തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കുന്ന ഇത്തരം കണ്ടെത്തലുകൾ ഡിമെൻഷ്യ സാധ്യതകൾ കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്.