വിട്ടുമാറത്ത രോഗങ്ങളുടെ പട്ടികയിലുള്ള പാർക്കിൻസൻസിനെതിരായ ശസ്ത്രക്രിയ വിജയകരം. ഒമ്പത് വർഷമായി പാർക്കിൻസൺസ് രോഗം മൂലം ബുദ്ധിമുട്ട് നേരിട്ടിരുന്ന 51കാരിയിൽ നടത്തിയ ശസ്ത്രക്രിയയാണ് വിജയിച്ചത്. മസ്തിഷ്ക ഉത്തേജക ശസ്ത്രക്രിയയിലൂടെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. ഇതുവരെ മരുന്നുകളുടെ സഹായത്തോടെയാണ് രോഗി കിടക്കയിൽ നിന്നും എഴുന്നേൽക്കുകയും ചെറിയ രീതിയിൽ നടക്കുകയും ചെയ്തിരുന്നത്.
എന്നാൽ മരുന്നുകളുടെ നിത്യോപയോഗമുണ്ടാക്കിയ പാർശ്വഫലം വലുതായിരുന്നു. രോഗിയുടെ കൈകാലുകൾക്ക് അനിയന്ത്രിതമായ ചലനം അനുഭവപ്പെട്ടിരുന്നു. സർജറിക്ക് ശേഷം ഇത്തരം ബുദ്ധിമുട്ടുകൾ പൂർണമായി മാറുമെന്നും സാധാരണ ജീവിതത്തിലേക്ക് രോഗി മടങ്ങി എത്തുമെന്നും ഡോക്ടറുമാർ ഉറപ്പ് നൽകി. ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് ചില കോശങ്ങള്‍ നശിക്കുകയും അതിന്റെ ഫലമായി ഡോപമിന്‍ എന്ന രാസവസ്തുവിന്റെ ഉത്പാദനം കുറയുകയും ചെയ്യുന്നതാണ് പാര്‍ക്കിന്‍സന്‍സ് രോഗത്തിന് കാരണം.പാര്‍ക്കിന്‍സന്‍സ് രോഗം മരണത്തിന് കാരണമാകാറില്ല. അതുപോലെ തന്നെ ചികിത്സിച്ച് ഭേദമാക്കാനും സാധിക്കില്ല.
എന്നാൽ ഡൽഹിയിലെ ആശുപത്രിയിൽ വച്ച് രോഗിയിൽ നടത്തിയ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ സർജറിലൂടെ തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് തലച്ചോറിന്റെ പേസ്മേക്കർ പോലെയാണ് പ്രവർത്തിക്കുന്നതെന്നും സർ ഗംഗാ റാം ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലെ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ ശ്രേയ് ജെയിൻ വ്യക്തമാക്കി. സർജറിക്ക് പിന്നാലെ തലച്ചോറിലെ സബ്തലാമിക് ന്യൂക്ലിയസിനെ ഉത്തേജിപ്പിക്കാനും പദ്ധതിയിടുന്നതായി ഡോക്ടർ കൂട്ടിച്ചേർത്തു. രോഗത്തെ നിയന്ത്രിക്കുകയും രോഗിയുടെ ജീവിതശൈലി മെച്ചപ്പെടുത്തുകയുമാണ് ശസ്ത്രക്രിയയുടെ ലക്ഷ്യമെന്നും ഡോ ശ്രേയ് ജെയിൻ വ്യക്തമാക്കി.
അതേസമയം പാർക്കിൻസൺസ് രോഗം കൂടാതെ വിറയൽ, ഡിസ്റ്റോണിയ, ഒസിഡി, അപസ്മാരം, വിട്ടുമാറാത്ത വേദന തുടങ്ങിയ രോഗങ്ങൾക്ക് ഈ ശസ്ത്രക്രിയ ഏറെ ഫലപ്രദമാണ്. വിഷാദം, മാനിയ തുടങ്ങിയ മാനസിക രോഗാവസ്ഥകളിലും നല്ല മാറ്റമുണ്ടാക്കാൻ സാധിക്കും. രോഗി ഉണർന്നിരിക്കുമ്പോൾ വിദഗ്‌ദ്ധരായ അനസ്‌തെറ്റിസ്റ്റുകളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തുന്നത്.അതേസമയം ശസ്ത്രക്രിയയിലൂടെ രോഗം പൂർണമായും ഭേദമാകില്ല എന്ന വസ്തുത പ്രത്യേകം മനസിലാക്കണമെന്നും ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളേജിലെ പ്രൊഫസറും ഇഎൻടി മേധാവിയുമായ ഡോ. കേണൽ അനിൽ കക്കർ പറഞ്ഞു.
2021 ജൂൺ 16നാണ് താൻ പാർക്കിൻസൻസിനെതിരായ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സർജറി ഫലപ്രദമായിരുന്നുവെന്നും തന്റെ അസ്വസ്ഥകൾ മാറി മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിച്ചുവെന്നും അദ്ദേഹം അനുഭവം പങ്കുവച്ചു. പാർക്കിൻസൻസ് കാരണം ശരീരത്തിന് അനിയന്ത്രിതമായ ചലനം അനുഭവപ്പെട്ടിരുന്നു. ഇതോടെ ഗോൾഫ് കളിക്കലും ഡ്രൈവിംഗുമെല്ലാം ജീവിതത്തിൽ നിന്നും ഒഴിവാക്കി. സർജറിക്ക് ശേഷം ഇത്തരം അവസ്ഥകൾക്ക് മാറ്റമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.