അസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിനാ കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തല്‍. കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് വ്യക്തമാക്കി അസ്ട്രസെനക്ക വിപണിയില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നത്. രക്തം കട്ടപിടിക്കുന്ന അസുഖം അപൂര്‍വമായി സംഭവിക്കാമെന്ന കമ്പനി നേരത്തെ സമ്മതിച്ചിരുന്നു.
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഓസ്‌ട്രേലിയയിലെ ഫ്‌ലിന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലാണ് കോവിഷീൽഡിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത്. വാക്‌സിന്‍ ഇന്‍ഡ്യൂസിഡ് ഇമ്മ്യൂണ്‍ ത്രോംബോസിറ്റോപേനിയ ആൻഡ് ത്രോംബോസിസ് (വിഐടിടി) എന്നാണ് ഈ അസുഖത്തിന് പേര് നല്‍കിയിരിക്കുന്നത്.
2021-ലെ കോവിഡ് മഹാമാരി കാലത്ത് അസ്ട്രസെനക വാക്‌സിന്‍ ഉപയോഗിച്ചശേഷമാണ് ഈ അസുഖം കണ്ടുതുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലേറ്റ്‌ലെറ്റ് ഫാക്ടര്‍ 4 (പിഎഫ് 4) എന്ന പ്രോട്ടീനിനെ ബാധിക്കുന്ന ഹാനികരമായ ഓട്ടോ ആന്റിബോഡിയാണ് വിഐടിടിക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.
2023-ലും സമാനമായ ഗവേഷണഫലം പുറത്തുവന്നിരുന്നു. രോഗപ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കുന്ന ഒരു തരം ആന്റിബോഡിയാണ് ഓട്ടോ ആന്റിബോഡി. ഇത് പുറത്തുനിന്നുള്ള അക്രമകാരികളാണെന്ന് കരുതി സ്വന്തം ശരീരത്തിലെ കോശങ്ങളെ തന്നെ പ്രതിരോധിക്കുന്നു. ഇത് രക്താര്‍ബുദം അടക്കമുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളിലേക്ക് നയിച്ചേക്കാം. സ്വന്തം ശരീരഭാഗത്തിനെതിരെ ശരീരത്തിലെ തന്നെ രോഗപ്രതിരോധ സവിധാനം പ്രതികരിക്കുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍.
രോഗബാധിതര്‍ക്കു പലപ്പോഴും തലച്ചോറിലോ ഉദരത്തിലോ അസാധാരണമായ സ്ഥലങ്ങളില്‍ രക്തം കട്ടപിടിക്കുന്നു. അവരുടെ രക്തത്തില്‍ ഡി-ഡൈമര്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉയര്‍ന്ന അളവുമുണ്ടാകും.
ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയില്‍ വികസിപ്പിച്ചെടുത്ത ഒരു നൂതന രീതി ഉപയോഗിച്ചുള്ള ഈ പുതിയ പഠനം കാണിക്കുന്നത് വൈറസുകളിലും വാക്സിനുകളിലും ഉള്ള ഒരു പൊതുഘടകം ഈ ദോഷകരമായ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നു എന്നാണ്.
കോവിഷീല്‍ഡ് സ്വീകരിച്ച നാല് മുതല്‍ 42 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് ഇത് സംഭവിക്കുക. കഠിനമായ തലവേദന, കാഴ്ച വ്യതിയാനങ്ങള്‍, വയറുവേദന,ഛര്‍ദ്ദി, നടുവേദന, ശ്വാസതടസം, കാലുവേദന, നീര്‍വീക്കം തുടങ്ങിയവയാണു രോഗത്തിനുള്ള ലക്ഷണങ്ങള്‍.
കോവിഡിനെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അസ്ട്രസെനകയുമായി സഹകരിച്ച് വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ വിപണയിലെത്തിച്ചത്.