വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് നഖസംരക്ഷണം. നഖം വൃത്തിയാക്കി സൂക്ഷിക്കുന്നില്ലെങ്കില്‍ പല രോഗത്തിനും കാരണമാകും. ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ തന്നെ നഖങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ നഖങ്ങള്‍ക്കുള്ള ഉടനടിയുള്ള പരിഹാരം അക്രിലിക് മാനിക്യൂര്‍ പോലുള്ള ജെല്‍ പുരട്ടുന്നതാണെന്നത് പലരുടെയും തെറ്റിദ്ധാരണയാണ്. എന്നാല്‍, അത്തരത്തിലുള്ള ജെല്ലുകളുടെ ഉപയോഗം താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുന്നുള്ളു. മാത്രമല്ല അവയുടെയെല്ലാം ഉപയോഗം കൂടുതല്‍ പ്രശ്‌നങ്ങള്‍ നഖങ്ങള്‍ക്കുണ്ടാക്കിയേക്കാം.
നഖവുമായി ബന്ധപ്പെട്ട് നേരിടുന്ന രോഗങ്ങള്‍
ല്യൂക്കോണിക്ക
പലരുടെയും നഖങ്ങളില്‍ വെളുത്ത പാടുകള്‍ കാണുന്നത് ല്യൂക്കോണിക്ക എന്ന അസുഖം മൂലമാണ്. നഖം കടിക്കുന്നത് കൊണ്ടും അത് പറിച്ചെടുക്കുന്നത് കൊണ്ടുമാണ് ഈ രോഗം ഉണ്ടാകുന്നത്. കൊച്ചുകുട്ടികളിലാണ് ഇത് അധികവും കണ്ട് വരുന്നത്. സിങ്ക്, വിറ്റമിന്‍ ഡി, വിറ്റമിന്‍ ഇ, കാല്‍സ്യം എന്നിവയുടെ അഭാവം കൊണ്ടാണ് നഖത്തിൽ വെളുത്തപാടുകളും അണുബാധയും ഫംഗസുമെല്ലാം ഉണ്ടാകുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ രോഗം പരിഹരിക്കാവുന്നതേയുള്ളു.
നഖങ്ങളുടെ ബലക്കുറവ്
നേര്‍ത്ത കനമില്ലാത്ത നഖങ്ങള്‍ ബലക്കുറവിൻറെ അടയാളമാണ്. പോഷകാഹാരക്കുറവ്, ശരീരത്തില്‍ എന്തെങ്കിലും പരുക്കുകള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്നുണ്ടെങ്കിലാണ് നഖങ്ങള്‍ക്ക് ദുര്‍ബലത അനുഭവപ്പെടുക. നഖങ്ങളുടെ അടിത്തറയ്ക്ക് തന്നെ കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് നഖം നേര്‍ത്തതായി തീരുന്നത്. ഇത് ദൈനംദിന ജോലികള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.
ഒണൈക്കോളിസിസ്
നഖവും അതിന് താഴെയുള്ള ചര്‍മവും വേര്‍പിരിയുന്ന രോഗമാണ് ഒണൈക്കോളിസിസ്. സാധാരണ നഖത്തിന്റെ അഗ്രത്തില്‍ നിന്ന് ആരംഭിച്ച് ചര്‍മത്തിലേക്ക് നീങ്ങുന്നു എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
പരോണിക്കിയ
നഖങ്ങള്‍ക്ക് ചുറ്റും വീക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പരോണിക്കിയ മൂലമാണ്. നഖത്തിനടുത്ത് ചെറിയ മുറിവുകള്‍ സംഭവിക്കുകയോ അതിലൂടെ അപകടകരമായ ബാക്ടീരിയകള്‍ മുറിവിനുള്ളിലേയ്ക്ക് പ്രവേശിക്കുമ്പോഴോ ആണിത് സംഭവിക്കുന്നത്.
സോറിയാസിസ്
സോറിയാസിസ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും സ്വഭാവിക നഖത്തില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. നഖത്തിനിടയില്‍ ചെറിയ കുഴികള്‍, നീണ്ട വരകള്‍, നഖത്തിന് കട്ടികൂടൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. നഖത്തിനിടയിലെ ചുവപ്പ്, നഖം പിളരുക, രക്തസ്രാവം എന്നിവയും പ്രധാന ലക്ഷണമാണ്.
ഒണികോമൈസിസ്
നഖങ്ങള്‍ക്ക് മഞ്ഞ നിറമോ കട്ടിയോ ഉണ്ടാകുന്നത് ഒണികോമൈസിസ് എന്ന രോഗത്തിന്റെ ഫലമായിട്ടാണ്. മറ്റെന്തെങ്കിലും രോഗത്തിന് ചികിത്സിക്കുന്നവരോ പ്രമേഹമുള്ളവരോ ഈ രോഗത്തിന് ചികിത്സ നേടേണ്ടത് അനിവാര്യമാണ്. ഇത് താനേ മാറാത്ത അണുബാധയല്ലാത്തതിനാല്‍ ചികിത്സിക്കേണ്ടത് അനിവാര്യമാണ്.
ചികിത്സയും പ്രതിരോധവും
നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധ മാർഗം. സ്ത്രീ പുരുഷ ഭേദമന്യേ നഖ സംരക്ഷണവുമായി അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്. വിവിധ നെയില്‍ പോളിഷ് ഉപയോഗിച്ച് നഖം ഭംഗിയാക്കുന്നതില്‍ മാത്രമല്ല നഖത്തിന്റെ ആരോഗ്യമിരിക്കുന്നത്. നഖം ട്രിം ചെയ്യുന്നതും അവയെ ഈര്‍പ്പുള്ളമാതാക്കി നിര്‍ത്തുക എന്നിവയും പ്രധാനമാണ്.
ആര്‍ക്കെങ്കിലും പ്രമേഹമോ, പ്രതിരോധ ശേഷി കുറവോ ഉണ്ടെങ്കില്‍ പ്രധാനമായും നഖം വെട്ടി സൂക്ഷിക്കേണ്ടതുണ്ട്. അണുബാധ ഒഴിവാക്കാന്‍ എല്ലാ പ്രായക്കാരും നഖം വെട്ടി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടെങ്കിലും ഇങ്ങനെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നഖങ്ങളില്‍ ജലാശം വര്‍ധിപ്പിക്കേണ്ടതും നഖ സംരക്ഷണത്തിന് നിർബന്ധമാണ്.
പതിവായി നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുന്നത് നഖത്തിന്റെ നിറവ്യത്യാസത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍ നെയില്‍ പോളിഷുകള്‍ കൃത്യമായ ഇടവേളകള്‍ നല്‍കി ഉപയോഗിക്കുക. നഖങ്ങള്‍ വ്യത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുന്നതും ഇത്തരം രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും. നനഞ്ഞ കൈയുറകളോ ഷൂകളോ അധിക നേരം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഗ്ലിസറിന്‍ രാത്രി കിടക്കുന്നതിന് മുന്‍പ് ഉപയോഗിക്കുന്നത് നല്ലതാണ്. നാരങ്ങാനീര് ഉപയോഗിക്കുന്നതും ഫലപ്രദമാണ്. കാല്‍വിരലുകളിലും ഈ നിര്‍ദേശങ്ങള്‍ എല്ലാം ബാധകമാണ്. ആരോഗ്യമുള്ള പാദങ്ങള്‍ക്ക് കാലിലെ നഖങ്ങള്‍ വെട്ടേണ്ടതും അത്യാവശ്യമാണ്. വെട്ടാന്‍ പ്രയാസമുള്ള നഖങ്ങളാണെങ്കില്‍ ചെറു ചൂട് വെള്ളത്തില്‍ 10 മിനിറ്റോളം കാല്‍ മുക്കിവയ്ക്കുക. അതിന് ശേഷം വെട്ടുക.