HEALTH

ശൈത്യകാലത്ത് വർധിച്ചുവരുന്ന ജലദോഷവും പനിയും: കാരണങ്ങള്‍ കണ്ടെത്തി ശാസ്ത്രലോകം

ബോസ്റ്റണിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ റിനോളജിസ്റ്റ് ഡോ. ബെഞ്ചമിൻ ബ്ലെയറും സംഘവുമാണ് പഠനം നടത്തിയത്

വെബ് ഡെസ്ക്

ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന്റെയും കാരണങ്ങൾ കണ്ടെത്തി ശാസ്ത്രലോകം. ബോസ്റ്റണിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗം ചെയർമാനായ റിനോളജിസ്റ്റ് ഡോ. ബെഞ്ചമിൻ ബ്ലെയറും സംഘവുമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 4.4 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നാലുപേരുടെ മൂക്കിനുള്ളിൽ നടക്കുന്ന മാറ്റങ്ങൾ 15 മിനിറ്റ് പരിശോധിച്ചാണ് പഠനം പൂർത്തിയാക്കിയത്. ദി ജേർണൽ ഓഫ് അലർജി ആൻഡ്‌ ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ ഡിസംബര്‍ ആറിന് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

മൂക്കിനുള്ളിലെ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞാൽ, ഇത് വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാൻ സഹായിക്കുന്ന കോശങ്ങൾ നശിക്കാൻ കാരണമാകും

തണുത്ത അന്തരീക്ഷ വായുവിൽ വൈറസിന്റെ സാന്നിധ്യം കൂടുതലാണ്. ഇത് മനുഷ്യരില്‍ പ്രതിരോധശേഷി കുറയ്ക്കാന്‍ കാരണമാകുമെന്ന് ഹാർവാർഡ് മെഡിക്കൽ അസോസിയേറ്റ് പ്രൊഫസർ കൂടിയായ ബെഞ്ചമിൻ ബ്ലെയർ വ്യക്തമാക്കി. മൂക്കിനുള്ളിലെ താപനിലയിൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞാൽ, ഇത് വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാൻ സഹായിക്കുന്ന കോശങ്ങൾ നശിക്കാൻ കാരണമാകും എന്നാണ് പഠനത്തിൽ പറയുന്നത്. ശീതകാലത്ത് രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ശാസ്ത്രീയമായ നിർവചനത്തിലേക്ക് ശാസ്ത്രലോകം എത്തുന്നത് ആദ്യമായാണെന്ന് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയ ഡോ സാറാ പട്ടേൽ പറഞ്ഞു.

ബാക്ടീരിയ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ അവയെ പ്രതിരോധിക്കാൻ ശരീരം ശ്രമിക്കുന്ന പ്രവർത്തനമാണ് ജലദോഷമായി മാറുന്നത്

''മൂക്കിനുള്ളിലേക്ക് കയറുന്ന ബാക്ടീരിയയെ ആദ്യം തിരിച്ചറിയുക മുൻഭാഗങ്ങളിലെ കോശങ്ങളാണ്. ഉടൻ തന്നെ, അവ ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന കോശങ്ങളുടെ കോടിക്കണക്കിന് പകർപ്പുകൾ സൃഷ്ടിക്കാൻ തുടങ്ങും. ഇവയ്ക്ക് എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകൾ അല്ലെങ്കിൽ ഇ വികൾ എന്നാണ് പറയുന്നത്. കോശങ്ങള്‍ക്ക് സമാനമായി വിഭജിക്കാനുള്ള കഴിവ് എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകൾക്കില്ല. ഇവ അണുബാധ പ്രതിരോധിക്കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്. വൈറസുകളും ബാക്ടീരിയകളും കോശങ്ങൾക്ക് പകരം ഇ.വികളിലാണ് പറ്റിപ്പിടിക്കുക. അവ പിന്നീട് കഫത്തിലൂടെ പുറന്തള്ളപ്പെടും. ബാക്ടീരിയ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ അവയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന പ്രവർത്തനമാണ് ജലദോഷമായി മാറുന്നത്. ഇത് രോഗാണുക്കൾ പെരുകുന്നത് തടയാൻ സഹായിക്കും'' ബ്ലെയർ പറയുന്നു. ഇങ്ങനെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ, എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകളുടെ എണ്ണം 160 ശതമാനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

തണുത്ത കാലാവസ്ഥയിൽ മൂക്കിനുള്ളിലെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറയാനുള്ള സാധ്യതയുണ്ട്. ഓരോ വെസിക്കിളുകളുടെയും ഉപരിതലത്തിലെ ഗ്രാഹികളുടെ എണ്ണത്തിൽ 70% വരെ കുറവുണ്ടാകാം. ഇത് മേൽപ്പറഞ്ഞ പ്രതിരോധ പ്രവർത്തനങ്ങളെ തടയാൻ കാരണമാകും. ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാനുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ കഴിവ് ഇത് പകുതിയായി കുറയ്ക്കുന്നു. ഈ സാഹചര്യത്തിൽ, ജലദോഷം, പനി, കോവിഡ്-19 എന്നിവയെ ചെറുക്കാനുള്ള കഴിവ് നശിക്കുകയാണ് ചെയ്യുന്നത്.

മാസ്കിന്റെ ഉപയോഗം ഒരു പരിധിവരെ ഇത്തരം അണുബാധയെ ചെറുക്കാൻ സഹായിക്കും. മാത്രമല്ല, മൂക്കിനും ശ്വാസകോശത്തിനും ചുറ്റും ചൂട് നിലനിർത്താനും സഹായകരമാകുമെന്ന് പഠനം നടത്തിയ സംഘം അഭിപ്രായപ്പെടുന്നു. പുതിയ ശാസ്ത്രീയ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, അണുബാധ തടയുന്നതിനായി മൂക്കില്‍ ഒഴിയ്ക്കുന്ന കൂടുതല്‍ പ്രതിരോധമേറിയ മരുന്നുകൾ വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം