HEALTH

കോവിഡ് വന്നുപോയവരിൽ ബീജത്തിന്റെ എണ്ണം കുറയുന്നെന്ന് റിപ്പോർട്ട്; വിശദമായ പഠനം വേണമെന്ന് ഐഎംഎ

സാമ്പിളിനായി ശേഖരിച്ച 30 പുരുഷന്മാരിൽ 12 പേർക്കും (40%) ബീജത്തിന്റെ എണ്ണത്തിൽ കുറവ് സംഭവിച്ചതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

അരുൺ സോളമൻ എസ്

കോവിഡ് പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ സാരമായി ബാധിക്കുന്നെന്ന് പഠനം. കോവിഡ് വന്നു പോയ പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണത്തിൽ കുറവ് സംഭവിച്ചതായാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ജേണൽ ഓഫ് മെഡിക്കൽ ക്യൂറിസ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തൽ. സാമ്പിളിനായി ശേഖരിച്ച 30 പുരുഷന്മാരിൽ 12 പേർക്കും (40%) ബീജത്തിന്റെ എണ്ണത്തിൽ കുറവ് സംഭവിച്ചതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ആദ്യ പരിശോധന നടത്തി രണ്ടര മാസത്തിന് ശേഷം നടത്തിയ പഠനത്തിൽ 10 ശതമാനം വ്യക്തികളിൽ ഈ കുറവ് കണ്ടെത്തിയിരുന്നു. എയിംസ്, ഡൽഹി,ആന്ധ്രയിലെ മം​ഗള​ഗിരി എന്നിവിടങ്ങളിലെ ​ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. 2020 ഒക്ടോബറിനും 2021 ഏപ്രിലിനും ഇടയിൽ കോവിഡ് ബാധിതരായി എയിംസിൽ പ്രവേശിച്ച 19നും 43നും ഇടയിൽ പ്രായമുളള 30 പേരിലാണ് പഠനം നടത്തിയത്.

ശുക്ലത്തിന്റെ അളവ് ഓരോ സ്ഖലനത്തിലും 1.5 മുതൽ 5 മില്ലി ലിറ്റർ വരെയാണ് ഉണ്ടായിരിക്കേണ്ടത്. എയിംസിൽ പ്രവേശിപ്പിച്ചവരിൽ ആദ്യ സാമ്പിളെടുത്ത 30 പേരിൽ 33 ശതമാനം പേരിലും 1.5 മില്ലിയിൽ കുറവാണ് കണ്ടെത്തിയത്. അതായത് സാമ്പിളിന് വിധേയരായവരിൽ 10 പേരിലും ശുക്ലത്തിന്റെ അളവ് കുറവായിരുന്നു. ആദ്യ സാമ്പിൾ നൽകിയവരിലെ ശുക്ലത്തിന്റെ വിസ്കോസിറ്റിയും (ശുക്ലത്തിന്റെ കട്ടി) ബീജത്തിന്റെ എണ്ണവും, ചലിക്കുന്ന ബീജത്തിന്റെ എണ്ണവും കാര്യമായി കുറഞ്ഞുവെന്നും പഠനം വെളിപ്പെടുത്തുന്നു. സാമ്പിൾ നൽകിയവരിൽ 87 ശതമാനം പേരിൽ ശുക്ലത്തിന്റെ വിസ്കോസിറ്റിയെയും, 97 ശതമാനം പേരിൽ ബീജത്തിന്റെ എണ്ണത്തെയും ബാധിച്ചപ്പോൾ 74 ശതമാനം പേരിലാണ് ചലിക്കുന്ന ബീജത്തിന്റെ എണ്ണത്തെ ബാധിച്ചിരിക്കുന്നത്.

അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) ക്ലിനിക്കുകളും ബീജ ബാങ്കിങ് സംവിധാനങ്ങളും കോവിഡ് ബാധിച്ച പുരുഷന്മാരെ സംബന്ധിച്ച വിശദമായ പഠനങ്ങളും വിലയിരുത്തലുകളും നടത്തണമെന്നും, നിലവില്‍ കോവിഡ് പോസിറ്റീവായ പുരുഷന്മാരെ ഇതിൽ നിന്നും ഒഴിവാക്കണമെന്നും ഡോ. സതീഷ് പി ദീപാങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ നിർദേശിക്കുന്നു. ശുക്ലത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കാണാറില്ലെങ്കിലും അണുബാധയ്ക്കിടെ റിയാക്ടീവ് ഓക്സിഡേറ്റീവ് സ്ട്രെസ് ഉത്പാദനം വർദ്ധിക്കുന്നതും ലൂക്കോസൈറ്റുകളുടെ അളവ് വർദ്ധിക്കുന്നതും ശുക്ലത്തിന്റെ ​ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.

ഡോ. അനുപമ രാമചന്ദ്രൻ

അതേസമയം, ഏത് വൈറൽ ഇന്‍ഫെക്ഷന്‍ മൂലവും പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണത്തിൽ കുറവുണ്ടാവുകയും അവയുടെ ചലനത്തിലും, ബീജത്തിന്റെ ഘടനയിലും മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്ന് ഇൻഫെർട്ടിലിറ്റി വിദ്​ഗ്ധ ഡോ. അനുപമ രാമചന്ദ്രൻ പറഞ്ഞു. മഹാമാരി വന്ന സ‌മയം ചൈന അടക്കമുളള രാജ്യങ്ങളിൽ ഇത്തരത്തിലുളള പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും 20 ശതമാനത്തോളം കൗണ്ട് കുറയുന്നതായാണ് കണ്ടതെന്നും ഡോ.അനുപമ പറഞ്ഞു

ഒരു വ്യക്തിയ്ക്ക് കോവിഡ് വന്ന് മൂന്ന് മാസത്തിന് ശേഷം പരിശോധന നടത്തിയാൽ മിക്കവാറും ബീജത്തിന്റെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടാകാം. സാധാരണ​ഗതിയിൽ ഏത് വൈറൽ ഇൻഫെക്ഷൻ വന്ന് കഴിഞ്ഞാലും ഒന്നര മാസത്തിന് ശേഷമേ കൗണ്ട് പരിശോധിക്കാൻ പാടുളളൂ. ഇതിൽ കുറവ് കാണിക്കുന്നുണ്ടേൽ ആറ് മാസം കഴിഞ്ഞും ഒരു വർഷം കഴിഞ്ഞും വീണ്ടും പരിശോധിച്ചു നോക്കണം. അപ്പോഴും കുറവാണ് കാണിക്കുന്നതെങ്കിൽ അത് താത്ക്കാലികമായി സംഭവിച്ച ഒന്നല്ല എന്നുവേണം മനസ്സിലാക്കാനെന്നും ഡോ അനുപമ രാമചന്ദ്രന്‍ കൂട്ടിച്ചേർത്തു

ഡോ. എന്‍ സുൽഫി

എന്നാൽ നിലവിലെ പഠനം പൂർണമല്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എന്‍ സുള്‍ഫി പറയുന്നു. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിനനുസരിച്ചുളള സാമ്പിളുകൾ ശേഖരിക്കാൻ ഈ പഠനത്തിന് കഴിഞ്ഞിട്ടില്ല. 30 പേരെന്നത് വളരെ കുറ‍ഞ്ഞ സാമ്പിൾ ശേഖരണമാണ്. കൂടുതൽ ആളുകളെ പഠനത്തിന് വിധേയരാക്കിയാല്‍ മാത്രമേ ഇപ്പോഴത്തെ പഠനത്തിന് സാധുത ഉണ്ടോയെന്ന് പറയാൻ കഴിയൂ. കൂടാതെ, കോവിഡ് വന്ന് മൂന്ന് വർഷമാകുന്നു. ഇതിനിടയിൽ പ്രത്യുത്പാദന നിരക്ക് കൂടുകയാണുണ്ടായത്. ലോകത്താകമാനം ലോക്ഡൗൺ സംവിധാനം വന്നപ്പോൾ പ്രത്യുത്പാദന നിരക്ക് കൂടിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ തുടർന്നും പഠനങ്ങൾ നടത്തണമെന്ന് അദ്ദേഹം ദ ഫോർത്തിനോട് പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ