ഇന്ത്യയിലെ രോഗങ്ങളുടെ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്‌റെ മൊത്തം രോഗഭാരത്തിന്‌റെ 56 ശതമാനവും ഭക്ഷണ തിരഞ്ഞെടുപ്പിലെ അപാകതകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പോഷകാഹാരക്കുറവ് തടയുന്നതിനും രാജ്യത്ത് വര്‍ധിച്ചുവരുന്ന സാംക്രമികേതര രോഗങ്ങളുടെ അപകട സാധ്യത പരിഹരിക്കുന്നതിനുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും(എന്‍ഐഎന്‍) ഭക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും കൊറോണറി ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയുടെ അനുപാതം ഗണ്യമായി കുറയ്ക്കുമെന്നും ടൈപ്പ് 2 പ്രമേഹം 80 ശതമാനം വരെ തടയുമെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ അകാലമരണങ്ങളുടെ എണ്ണവും കുറയ്ക്കാനാകും.
സമീകൃതാഹാരത്തിന്‌റെ പ്രാധാന്യം വ്യക്തമാക്കുന്ന ഐസിഎംആര്‍ റിപ്പോര്‍ട്ട് പോഷകാഹാരക്കുറവിന്‌റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാനും പരമാവധി വികാസവും വളര്‍ച്ചയും ഉറപ്പാക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. പഞ്ചസാരയും കൊഴുപ്പും അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗത്തിലെ വര്‍ധനവ്, ശാരീരിക പ്രവര്‍ത്തനങ്ങളിലെ അപര്യാപ്തത, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ ഉപയോഗം, മൈക്രോന്യൂട്രിയന്‌റുകളുടെ കുറവ്, അമിതഭാരം, അമിതവണ്ണം എന്നിവ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങളെക്കാള്‍ ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ കിട്ടാവുന്നതുമായി ആനാരോഗ്യകരമായ, സംസ്‌കരിച്ച, ഉയര്‍ന്ന അളവില്‍ പഞ്ചസാരയും കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ മാറിയതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ഐസിഎംആറിന്‌റെ മാര്‍ഗനിര്‍ദേശത്തില്‍ സമീകൃതാഹാരം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‌റെ ആവശ്യകത വ്യക്തമാക്കുന്നു. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷണം, ശിശുക്കള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഭക്ഷണം, പ്രായമായവര്‍ക്കു വേണ്ട പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍, സുരക്ഷിതമായ ഭക്ഷണരീതി, വൃത്തിയുള്ള ഭക്ഷണം, ആവശ്യത്തിനു കുടിക്കേണ്ട വെള്ളം എന്നിവയുടെ വിവരണവും നിര്‍ദേശത്തിലുണ്ട്.
'മൈ പ്ലേറ്റ് ഓഫ് ദ ഡേ' എന്നതിനായി എട്ട് ഭക്ഷണഗ്രൂപ്പുകളില്‍നിന്ന് മാക്രോന്യൂട്രിയന്‌റുകളും മൈക്രോന്യൂട്രിയന്‌റുകളും കണ്ടെത്തണമെന്ന് മാര്‍ഗനിര്‍ദേശം ശിപാര്‍ശ ചെയ്യുന്നു. പ്ലേറ്റിന്‌റെ പകുതിയായി പച്ചക്കറികളും പഴങ്ങളും ഇലക്കറികളും കിഴങ്ങ് വര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. ബാക്കി പകുതിയില്‍ ധാന്യങ്ങള്‍, തിന, പയര്‍ വര്‍ഗങ്ങള്‍, മാംസാഹാരം, മുട്ട, നട്‌സ്, സോയ പോലുള്ള ഓയില്‍ സീഡുകള്‍, പാല്‍ അല്ലെങ്കില്‍ തൈര് എന്നിവ ഉള്‍പ്പെടുത്താം.
ധാന്യങ്ങളുടെ ഉപഭോഗം മൊത്തം ഊര്‍ജത്തിന്‌റെ 45 ശതമാനമായി പരിമിതപ്പെടുത്തണം. പയര്‍വര്‍ഗങ്ങള്‍, മുട്ട, മാംസം എന്നിവയ്ക്ക് 14-15 ശതമാനവും മൊത്തം കൊഴുപ്പ് ഉപഭോഗം 30 ശതമാനവും നട്‌സ്, ഓയില്‍ സീഡ്, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ എട്ട് മുതല്‍ പത്ത് ശതമാനവും ആകണം.
മസിലുകളുടെ നിര്‍മാണത്തിനായി പ്രോട്ടീന്‍ സപ്ലിമെന്‌റുകളുടെ ഉപയോഗം ഒഴിവാക്കുക, അകത്തേക്കെത്തുന്ന ഉപ്പിന്‌റെ അളവ് പരിമിതപ്പെടുത്തുക, കൊഴുപ്പുകളും എണ്ണയും ശരീരത്തിലെത്തുന്നത് കുറയ്ക്കുക, അമിതഭാരം തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, കൃത്യമായി വ്യായാമം ചെയ്യുക, സംസ്‌കരിച്ച ഭക്ഷണ ഉപയോഗം നിയന്ത്രിക്കുക, ഫുഡ് ലേബലുകള്‍ വായിച്ചുനോക്കി പോഷകങ്ങളുടെ അളവ് മനസിലാക്കി ഭക്ഷണം ക്രമീകരിക്കുക എന്നിങ്ങനെ നല്ല ഭക്ഷണശീലങ്ങള്‍ക്കായി പിന്തുടരേണ്ട കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
പ്രതിദിനം വേണ്ട ഊര്‍ജത്തിന്‌റെ 50 മുതല്‍ 70 ശതമാനം വരെ ധാന്യങ്ങള്‍ സംഭാവന ചെയ്യുമ്പോള്‍ പയര്‍വര്‍ഗങ്ങള്‍, മാസം, മുട്ട, മത്സ്യം എന്നിവ ആറ് മുതല്‍ ഒന്‍പത് ശതമാനം വരെ സംഭവാന ചെയ്യുന്നു.
'കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇത് സാംക്രമികേതര രോഗങ്ങളുടെ വ്യാപനത്തിന്‌റെ വര്‍ധനവിന് കാരണമാകുന്നു. അതേ സമയം പോഷകാഹാരക്കുറവിന്‌റെ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുമുണ്ടെന്ന്' ഐസിഎംആര്‍ ഡയറക്ടര്‍ ജനറലും ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയുമായ രാജീവ് ബഹല്‍ പറഞ്ഞു.