മനുഷ്യ ശരീരത്തിലെ മൂത്രാശയ സംവിധാനം രണ്ട് കിഡ്നി, മൂത്രസഞ്ചി, മൂത്രനാളി എന്നിവ ഉള്‍പ്പെട്ടതാണ്. ബാക്ടീരിയയുടേയും ഫംഗസിന്റേയും സഞ്ചാരം മൂലം അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിലാണ് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതല്‍. ഗർഭധാരണം, പ്രായം, ആർത്തവവിരാമം, ശുചിത്വമില്ലായ്മ എന്നി അണുബാധയുടെ സാധ്യതകളെ വർധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഗർഭധാരണം, പ്രായം, ആർത്തവവിരാമം, ശുചിത്വമില്ലായ്മ എന്നി അണുബാധയുടെ സാധ്യതകളെ വർധിപ്പിക്കുന്നു
രോഗലക്ഷണങ്ങള്‍
മൂത്രവിസർജനത്തിനിടെ ഉണ്ടാകുന്ന വേദന
മൂത്രസഞ്ചി ശൂന്യാവസ്ഥയിലുള്ളപ്പോഴും അടിയന്തരമായി മൂത്രമൊഴിക്കാനുള്ള തോന്നല്‍
പനി, വിറയല്‍, ഓക്കാനം, ഛർദി
മൂത്രത്തില്‍ നിന്നുണ്ടാകുന്ന വിചിത്രമായ ഗന്ധം
പുറം വേദന
മൂത്രത്തില്‍ രക്തത്തിന്റെ അംശം
ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രോഗ നിര്‍ണയത്തിനുള്ള പരിശോധന. സണ്‍ഫോണമൈഡ്, അമോക്സിലിന്‍, സെഫാലോസ്പോരിന്‍സ്, ഡോക്സിസൈക്ലിന്‍ എന്നിവയാണ് മൂത്രാശയ അണുബാധയ്ക്ക് നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മൂത്രാശയ അണുബാധ ഒഴിവാക്കാനാകുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ധാരാളം വെള്ളം കുടിക്കുക
ബാക്ടീരിയയെ മൂത്രനാളിയില്‍ നിന്ന് പുറന്തള്ളാനുള്ള ഏറ്റവും നല്ല മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. പ്രതിദിനം ആറ് മുതല്‍ എട്ട് ഗ്ലാസ് വെള്ളം വരെ കുടിക്കുക. ഇതുമൂലം മൂത്രമൊഴിക്കുന്നതിന്റെ ഇടവേള കുറയും ശരീരത്തിലെ മാലിന്യം പുറന്തള്ളപ്പെടുകയും ചെയ്യും.
സുഖപ്രദമായ വസ്ത്രങ്ങള്‍ ധരിക്കുക
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ജനനേന്ദ്രയത്തിന് സമീപമുള്ള ഭാഗം ഈർപ്പമുള്ളതാക്കും. അണുക്കളുടെ വ്യാപനത്തിന് ഇത് കാരണമാകും. ഇത് തടയുന്നതിനായി കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുക.
ലൈംഗിക ബന്ധത്തില്‍ ശുചിത്വം പാലിക്കുക
ലൈംഗിക ബന്ധത്തിന് മുന്‍പും പിന്‍പുമുള്ള നിങ്ങളുടെ ശീലം അണുബാധയുടെ സാധ്യതകള്‍ നിർണയിക്കുന്നു. ഉദാഹരണത്തിന് അണുക്കളെ പുറന്തള്ളുന്നതിനായി ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും മൂത്ര വിസർജനം നടത്തുക. നിങ്ങള്‍ക്ക് മൂത്രവിസർജനം നടത്താനാകുന്നില്ലെങ്കില്‍ മൂത്രദ്വാരത്തിന്റെ ഭാഗം ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക. ഗർഭനിരോധന മാർഗങ്ങള്‍ തേടുകയാണെങ്കില്‍ വിദഗ്ധാഭിപ്രായം തേടുന്നതാണ് ഉചിതം.