HEALTH

ശ്വാസത്തിലൂടെ അര്‍ബുദം കണ്ടുപിടിക്കാം; പുതിയ സാങ്കേതിക വിദ്യ വികസിക്കാൻ യുഎസിലെ ഇന്ത്യൻ സംരംഭകൻ

പദ്ധതിക്ക് പിന്നിലുള്ള യുഎസ് സംരംഭകനായ വിവേക് വാധ്വാ അമേരിക്കയിലെ സിലിക്കൺ വാലി കമന്റേറ്റർ കൂടിയാണ്

വെബ് ഡെസ്ക്

ശ്വാസത്തിലൂടെ അര്‍ബുദത്തെ കണ്ടുപിടിക്കാൻ സാധിക്കുന്ന നൂതന വിദ്യ വികസിപ്പിച്ചെടുക്കാനൊരുങ്ങി ഇന്ത്യൻ വംശജനായ യുഎസിലെ സംരംഭകൻ വിവേക് വാധ്വാ. ഒരു ബ്രീത്ത് അനലൈസർ പോലെ ഉപഗോഗിക്കാൻ സാധിക്കുന്ന ഉപകരണത്തെ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.

അഞ്ച് വർഷം മുൻപ് വിവേകിന്റെ ഭാര്യ തവിൻഡർ അർബുദത്തെ തുടർന്ന് മരിക്കുകയുണ്ടായി. ഈ സംഭവത്തിന് ശേഷമാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് വിവേക് എത്തിച്ചേരുന്നത്. സിലിക്കൺ വാലി കമന്റേറ്റർ കൂടിയായ വിവേക് വാധ്വാ അഞ്ചു വർഷമായി കണ്ടുപിടിത്തത്തിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ്.

വിവേകിന്റെ പുതിയ കമ്പനിയായ 'വിയോനിക്സ് ബയോസയൻസസ് ഇങ്ക്' ആണ് പുതിയ സംരംഭം പ്രാവർത്തികമാക്കുന്നത്. ഹാർവാർഡ് മെഡിക്കൽ സ്കൂൾ, മയോ ക്ലിനിക്ക്, മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഉപദേശകരെ കൊണ്ടുവന്നാണ് പുതിയ സംരംഭത്തിനുള്ള തുടക്കം.

2024 ഓടെ ഇതിന്റെ വർക്കിങ് പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുക്കാനാണ് നിലവിലെ ശ്രമങ്ങൾ. ഏകദേശം നാല് കോടി രൂപ പദ്ധതിക്കായി വിവേക് ചെലവഴിച്ചുകഴിഞ്ഞു. തുടർന്നും വലിയരീതിയിലുള്ള നിക്ഷേപം ഈ പദ്ധതിക്കായി വിവേക് മാറ്റിവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ശ്രമങ്ങൾ വിജയിച്ചാൽ, വൈദ്യശാസ്ത്രത്തില്‍ വലിയൊരു മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ, അര്‍ബുദങ്ങള്‍ പെട്ടെന്നു തിരിച്ചറിയാനാവുമെന്നും അവസാന ഘട്ടത്തിൽ തിരിച്ചറിയുന്നതിലൂടെയുള്ള ദുര്‍വിധി മറികടക്കാൻ ആകുമെന്നുമാണ് നിഗമനം.

ഇന്ത്യൻ വംശജനായ വിവേക് യുഎസിലേക്ക് കുടിയേറുകയായിരുന്നു. അവിടെ സാങ്കേതിക വ്യവസായത്തിൽ ചേർന്ന അദ്ദേഹം രണ്ട് കമ്പനികൾ സ്ഥാപിക്കുകയും അഞ്ച് പുസ്‌തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

2018ൽ ഭാര്യക്ക് അപൂർവ അർബുദം സ്ഥിരീകരിച്ചപ്പോൾ, വിവേക് തന്റെ സമയത്തിന്റെ ഭൂരിഭാഗവും ഈ രോഗത്തെക്കുറിച്ച് പഠിക്കാൻ നീക്കിവച്ചു. നിലവിലുള്ള പരിശോധനകളെ അപേക്ഷിച്ച് ഉയർന്ന തലത്തിലുള്ള വിശദാംശങ്ങൾ നൽകുന്ന ഓൺ-സൈറ്റ് ടെസ്റ്റുകൾ നടത്താൻ സാധിക്കുന്ന ഉപകരണം ഡോക്ടർമാർക്ക് ആവശ്യമാണെന്ന് അദ്ദേഹം ഉറപ്പിച്ചു. തുടർന്ന്, കൊണ്ടുനടക്കാൻ സാധിക്കുന്ന, ഏകദേശം 5,000 ഡോളറിൽ താഴെ വിലവരുന്ന 100 വാട്ടിൽ കൂടുതൽ കറന്റ് ഉപയോഗിക്കാത്ത, അഞ്ച് മിനുട്ടിനുള്ളിൽ ഫലം തരാൻ കഴിയുന്ന ഒരു ഉപകരണമാണ് വികസിപ്പിച്ചെടുക്കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നു.

പദ്ധതിക്കായി വിയോണിസ് എന്ന കമ്പനിയുമായി സംയോജിച്ച് പുതിയ രീതി എത്രയും വേഗം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് വിവേകും സംഘവും. രക്തപരിശോധനയിൽ തുടങ്ങാനായിരുന്നു ആദ്യ പദ്ധതി. പക്ഷെ വിയോണിക്‌സിന്റെ ചീഫ് സയന്റിഫിക് ഓഫീസറും ജീനോം ശാസ്ത്രജ്ഞനുമായ ബിനയ് പാണ്ടയുൾപ്പെടെയുള്ള ഡയഗ്‌നോസ്റ്റിക് സ്‌പെഷ്യലിസ്റ്റുകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം മാറ്റുകയായിരുന്നു.

തീവ്രമായ ചികിത്സ നൽകിയിരുന്നെങ്കിലും, നേരത്തെ കണ്ടുപിടിക്കാൻ സാധിക്കാതിരുന്നതിലാണ് അർബുദത്തെ തുടർന്ന് ഭാര്യ മരിച്ചതെന്നും ഭാര്യയുടെ ആഗ്രഹപ്രകാരമാണ് ഇങ്ങനെ ഒരാശയം വിപുലീകരിക്കാൻ തീരുമാനിക്കുന്നതെന്നും വിവേക് പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം