ഫാറ്റി ലിവർ രോഗത്തിന്റെ ഗുരുതരമായ അവസ്ഥയായ നോൺ ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് (എൻഎഎസ്എച്ച്) രോഗത്തിനെതിരെ വികസിപ്പിച്ചെടുത്ത ആദ്യ മരുന്നിന് അംഗീകാരം നൽകി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാഡ്രിഗൽ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത 'റെസ്ഡിഫ്ര' എന്ന ടാബ്ലറ്റാണ് നോൺ ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് ബാധിച്ച ആളുകളിൽ രോഗം ഭേദപ്പെടുത്തുന്നതായി കണ്ടെത്തിയത്. നൂറിലധികം എൻഎഎസ്എച്ച് ബാധിതരെ ഉൾപ്പെടുത്തി നടത്തിയ ക്ലിനിക്കൽ ട്രയലിന് ശേഷമാണ് റെസ്ഡിഫ്രയ്ക്ക് അമേരിക്കൻ എഫ്ഡിഎ അംഗീകാരം നൽകിയത്. അടുത്ത മാസത്തോടെ ഈ മരുന്ന് അമേരിക്കയിൽ ലഭ്യമാകും.
കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. രണ്ട് തരത്തിലാണ് പ്രധാനമായും ഈ രോഗാവസ്ഥ കാണപ്പെടുന്നത്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും മറ്റുള്ളവരിലുണ്ടാകുന്ന അവസ്ഥയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും പറയുന്നു.
അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ഉള്ളവർക്കുാണ് സാധാരണയായി നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിക്കുന്നത്. കരളില്‍ നിറയുന്ന കൊഴുപ്പിന്റെ സാന്നിധ്യം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. അതേസമയം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല.
അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങൾ. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം തുടങ്ങിയവയിലൂടെയും ഡോക്ടറുടെ നിർദേശാനുസരണം കൊളസ്ട്രോൾ കുറക്കുന്ന മരുന്നുകളും വൈറ്റമിൻ ഇ എന്നിവയിലൂടെയും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിനെ പ്രതിരോധിക്കാനാകും. എന്തെങ്കിലും മരുന്നുകളോ സപ്ലിമെന്‌റുകളോ തുടങ്ങുന്നതിനു മുന്‍പ് വിദഗ്ധ നിര്‍ദേശം സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. ചില മരുന്നുകള്‍ കരളിന്‌റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കരളിന് ആരോഗ്യപ്രശ്‌നങ്ങളുള്ളവരും നോണ്‍ ആല്‍ക്കഹോളിpക് ഫാറ്റി ലിവര്‍ രോഗസാധ്യത ഉള്ളവരും എന്ത് മരുന്ന് കഴിക്കുന്നതിനു മുന്‍പും ഡോക്ടറോട് അക്കാര്യം സൂചിപ്പിക്കണം.
ഒരു ജീവിതശൈലീ രോഗമാണ് ഫാറ്റി ലിവര്‍. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും. അമിതവണ്ണമുള്ളവരില്‍ 40 മുതല്‍ 90 ശതമാനം വരെ സാധ്യതയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്. ജീവിതശൈലീ നിയന്ത്രണങ്ങള്‍ കൊണ്ടും മതിയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ചില മരുന്നുകള്‍ കൊണ്ടും ഈ ഫാറ്റി ലിവര്‍ ഭേദമാക്കാവുന്നതാണ്.