HEALTH

ഇ-സിഗരറ്റ് സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയെ ബാധിച്ചേക്കാം; ഉപയോഗം ഒഴിവാക്കണമെന്ന് പഠനം

ഇ-സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന 8,340 സ്ത്രീകളില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്

വെബ് ഡെസ്ക്

ഇ-സിഗരറ്റിന്റെ ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ഗർഭിണിയാകാന്‍ താല്‍പ്പര്യപ്പെടുന്നവർ ഇ-സിഗരറ്റിന്റെ ഉപയോഗം അവസാനിപ്പിക്കണമെന്നും പഠനം നിർദേശിക്കുന്നു.

ഇ-സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന 8,340 സ്ത്രീകളില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പ്രസ്തുത വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ ആന്റി മുള്ളേറിയന്‍ ഹോർമോണുകളുടെ (എഎംഎച്ച്) അളവ് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ അണ്ഡാശയത്തില്‍ എത്ര അണ്ഡങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഹോർമോണുകളാണിത്. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന എല്ലാ പ്രായക്കാരിലും അല്ലാത്തവരെ അപേക്ഷിച്ച് എഎംഎച്ചിന്റെ അളവ് കുറവാണ്.

ഗർഭം ധരിക്കാന്‍ ശ്രമിക്കുന്ന നാലിലൊന്ന് പേരും ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരാണെന്നാണ് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹെർട്ടിലിറ്റി എന്ന സ്ഥാപനം പങ്കുവെക്കുന്ന വിവരം. 20നും 30നും ഇടയില്‍ പ്രായമുള്ള യുകെയിലെ 3.25 ലക്ഷം സ്ത്രീകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്ക്.

ഗർഭിണിയാകാതിരിക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന ശീലം ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് നിർദേശം നല്‍കണമെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടണിലെ റിപ്രൊഡക്ടീവ് ആന്‍ഡ് മോളിക്കുലാർ ജെനറ്റിക്‌സ് അധ്യാപകനുമായ ഡോ. ഹെലന്‍ ഒ'നില്‍ പറഞ്ഞു.

ഗർഭിണിയാകാന്‍ പദ്ധതിയുള്ള സ്ത്രീകള്‍ മദ്യപാനം, പുകവലി, ലഹരിവസ്തുകള്‍ എന്നിവ ജീവിതശൈലിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഡോ. ഹെലനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു വലിയ ജനസംഖ്യയില്‍ പ്രത്യുത്പാദനശേഷിയും ഇ-സിഗരറ്റും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യ തെളിവാണ് പഠനമെന്നും അവർ കൂട്ടിച്ചേർത്തു.

യുകെയില്‍ കുട്ടികള്‍ക്കിടയിലും പുകവലി ആസക്തി വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകള്‍. 2009ന് ശേഷം ജനിച്ച കുട്ടികളെ പുകവലിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമം കഴിഞ്ഞ മാസം സർക്കാർ പാസാക്കിയിരുന്നു. ഇതിനുപുറമെ ഇ-സിഗരറ്റിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 15 വയസുള്ള പെണ്‍കുട്ടികളിലും 17 വയസുള്ള ആണ്‍കുട്ടികളിലുമാണ് ഇ-സിഗരറ്റിന്റെ ഉപയോഗം കൂടുതലും. കഴിഞ്ഞ ഒരു മാസത്തെ കണക്കില്‍, മേല്‍പ്പറഞ്ഞ പ്രായവിഭാഗത്തിലുള്ള കുട്ടികളില്‍ 30 ശതമാനം പേരും ഇ-സിഗരറ്റ് ഉപയോഗിച്ചിട്ടുണ്ട്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി