HEALTH

അവധിദിവസം ഉറങ്ങിത്തീര്‍ക്കുന്നവരാണോ? ഹൃദയാരോഗ്യം മെച്ചപ്പെടുമെന്ന് പഠനം

ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍കാര്‍ഡ് അനുസരിച്ച് ഇന്ത്യന്‍ ജനതയുടെ 88 ശതമാനവും മതിയായ ഉറക്കം ലഭിക്കാത്തവരാണ്

വെബ് ഡെസ്ക്

അവധിദിവസം ആയെങ്കില്‍ ധൃതിപിടിച്ചുള്ള രാവിലത്തെ ഉറക്കമുണരല്‍ ഒഴിവാക്കി സംതൃപ്തിയോടെ ഒന്നുറങ്ങാരുന്നു... ഇങ്ങനെ ഒന്ന് ആഗ്രഹിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. ഇത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണംകൂടി ഇപ്പോള്‍ എത്തിയിട്ടുണ്ട്. അവധി ദിവസത്തിലെ അധിക ഉറക്കം ഹൃദയാഘാതം പ്രതിരോധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറക്കം ഒരാള്‍ക്ക് അനിവാര്യമാണെന്ന് പറയുമ്പോഴും ഈ ഉറക്കദൈര്‍ഘ്യത്തിലേക്ക് എത്താന്‍ പലര്‍ക്കും സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്. ഇത്തരക്കാര്‍ പലപ്പോഴും ആഗ്രഹിക്കുന്നത് അലാറത്തിന്‌റെ ശബ്ദമില്ലാത്ത ഒരു വീക്കെന്‍ഡാകും. ബാക്കിയുള്ള ദിവസങ്ങളില്‍ നഷ്ടമായ ഉറക്കം വീണ്ടെടുക്കുന്നതും ഈ അവധിദിവസത്തിലൂടെയാകും.

ഹൃദയത്തിന്‌റെ മാത്രമല്ല, ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഉറക്കത്തിന് പ്രാധാന്യമുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍കാര്‍ഡ് അനുസരിച്ച് ഇന്ത്യന്‍ ജനതയുടെ 88 ശതമാനവും മതിയായ ഉറക്കം ലഭിക്കാത്തവരാണ്. ഈ ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദം, ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു. ഇത് ഹൃദ്രോഗത്തിലേക്കു നയിക്കുന്ന നീര്‍വീക്കത്തിനു കാരണമാകും.

യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം അനുസരിച്ച് ആവശ്യത്തിനുള്ള ഉറക്കമില്ലായ്മ ശരീരത്തില്‍ കോശജ്വലന പ്രതികരണം ഉണ്ടാക്കുന്നു. ഇത് അനിയന്ത്രിതമായാല്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്‌നങ്ങല്‍ക്ക് കാരണമാകും. ഉറക്കത്തില്‍ ശ്വാസോച്ഛാസം തടസപ്പെടുത്തുന്ന ഒബ്‌സ്ട്രകീടീവ് സ്ലീപ് അപ്‌നിയ ഹൃദയത്തിന്‌റെ ആയാസം കൂട്ടുകയും ഇത് ഹൃദയപരാജയത്തിലേക്ക് നയിക്കുകയും ചെയ്യും.

ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒഴിവുദിവസമുള്ള അധിക ഉറക്കം സഹായിക്കുമെന്ന് സ്ലീപ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ആറ് ദിവസം ആറു മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറങ്ങുന്ന, നഷ്ടമാകുന്ന ഉറക്കം ഒഴിവുദിവസം ഉറങ്ങിത്തീര്‍ക്കുന്നവരെയാണ് പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചത്. എല്ലാ ദിവസവും ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുമായി താരതമ്യം ചെയ്തപ്പോള്‍ വീക്കെന്‍ഡില്‍ ഉറങ്ങിത്തീര്‍ക്കുന്നവര്‍ക്ക് കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

അവധിദിവസം ഉറക്കം വീണ്ടെടുക്കുന്നതുവരെ ഉറങ്ങുന്നത് നല്ല ഉറക്കശീലത്തില്‍ പെടുന്നില്ലെങ്കിലും കാര്‍ഡിയോ വാസ്‌കുലാര്‍ ആരോഗ്യത്തിന് ഇത് ഗുണകരമാകുന്നുണ്ട്. ആരോഗ്യകരമായ ഉറക്കത്തില്‍ മതിയായ ദൈര്‍ഘ്യം മാത്രമല്ല, ഉയര്‍ന്ന നിലവാരമുള്ള പുനഃസ്ഥാപിക്കുന്ന ഉറക്കവും സ്ഥിരമായ ഉറക്ക ഷെഡ്യൂളും ഉള്‍പ്പെടുന്നെന്ന് ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് പറയുന്നു. ദിവസവും ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അവധിദിവസം പോലും മതിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് ഹൃദ്രോഗം ഉള്‍പ്പെടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത അധികമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനു പുറമേ മൂഡും വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിനും സ്‌ട്രെസ് ലെവല്‍ കുറയ്ക്കാനും ഒഴിവുദിവസത്തെ അധിക ഉറക്കം സഹായിക്കും. ശരീരത്തെ സ്വയം റിപ്പയര്‍ ചെയ്യുന്നതിനൊപ്പം ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉറക്കം സഹായിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം