HEALTH

ഓട്ടിസം രോഗമല്ല; മാറ്റി നിർത്തേണ്ട, മനസ്സിലാക്കി കൈ പിടിക്കാം

ദൃശ്യ പുതിയേടത്ത്‌

ഓട്ടിസം ഒരു രോഗമാണോ? അത്തരം അവസ്ഥയിലുള്ള കുട്ടികളെ എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ കഴിയുക? ഓട്ടിസത്തെ പറ്റി അങ്ങനെ ആളുകള്‍ക്ക് നിരവധി സംശയങ്ങളുണ്ട്. ഓട്ടിസം ബാധിച്ചവരെ മാറ്റി നിര്‍ത്തിയിരുന്ന സമൂഹത്തില്‍ നിന്ന് അവരെക്കൂടി പരിഗണിക്കുന്ന ലോകത്തേക്ക് നമ്മള്‍ വളരുകയാണ്. എങ്കിലും പൂര്‍ണമായും ഈ കാര്യത്തില്‍ ബോധവാന്മാരായിട്ടില്ലെന്നതാണ് യാഥാർഥ്യം. ഓട്ടിസത്തെക്കുറിച്ച് കൃത്യമായ ധാരണ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്

ഓട്ടിസം എന്നാല്‍ എന്താണ്?

ഓട്ടിസം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. വളര്‍ച്ചാവികാസത്തില്‍ തലച്ചോറിലുണ്ടാകുന്ന ഉണ്ടാകുന്ന വൈകല്യങ്ങളാണ് ഓട്ടിസം സ്‌പെക്ട്രം എന്നതുകൊണ്ട് അർഥമാക്കുന്നത്. ആശയവിനിമയശേഷി ഇല്ലാതിരിക്കുക, സമൂഹവുമായുള്ള ഇടപെടലുകളില്‍ വിമുഖത കാണിക്കുക, ഭാഷാവൈകല്യം, നിയന്ത്രിത താത്പര്യങ്ങള്‍, ആവര്‍ത്തിച്ചുള്ള പെരുമാറ്റം എന്നിവയൊക്കെ ഓട്ടിസത്തിന്റെ ഭാഗമാണ്.

കുട്ടികളിലെ ഓട്ടിസം

ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ സാധാരണയായി വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ പ്രകടമാകും. ലക്ഷണങ്ങള്‍ എപ്പോഴും ഒരുപോലെയാകണമെന്നില്ല, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. ഗര്‍ഭസ്ഥ ശിശുവിന്റെ മറ്റ് വൈകല്യങ്ങള്‍ തിരിച്ചറിയുന്നത് പോലെ ഓട്ടിസം സ്ഥിരീകരിക്കാന്‍ കഴിയില്ല. ഏകദേശം 1 1/2 - 2 വയസിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും.എന്നാല്‍ എപ്പോഴും ആ പ്രായത്തിനുള്ളില്‍ തന്നെ മനസ്സിലാകണമെന്നും ഇല്ല. ഓട്ടിസം നേരത്തെ തിരിച്ചറിയുകയും വേഗത്തില്‍ ഇടപെടുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യസമയത്ത് പരിചരണവും പിന്തുണയും ലഭിക്കുന്നത് അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കും.

ഓട്ടിസം എങ്ങനെ തിരിച്ചറിയാം?

  • കുഞ്ഞിനെ പേരു വിളിക്കുമ്പോഴോ സംസാരിക്കുമ്പോഴോ മുഖം തരാതിരിക്കുകയോ തിരിച്ച് പ്രതികരിക്കാതിരിക്കുകയോ ചെയ്യുക

  • കണ്ണിലേക്ക് നോക്കി സംസാരിക്കാതിരിക്കുക

  • സംസാരവൈകല്യം

  • കുഞ്ഞിന് ആവശ്യമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചോ ചോദിച്ചോ ആവശ്യപ്പെടാതിരിക്കുക

  • സുഹൃത്തുക്കളുമായി കളിക്കുന്നതിന് പകരം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് മാത്രം കളിക്കുക,

  • ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക

  • ആളുകളുമായി ഇടപെടാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുക

  • ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുക

  • പ്രത്യേകമായ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാവുക, അല്ലെങ്കില്‍ ചിലതില്‍ ഒട്ടും താല്പര്യമില്ലാതിരിക്കുക

  • സെന്‍സറി ഹൈപ്പര്‍സെന്‍സിറ്റിവിറ്റി- ഉദാഹരണത്തിന് ചില ശബ്ദങ്ങളോടും, സ്പര്‍ശനങ്ങളോടും ഉള്ള അസഹിഷ്ണുത

  • സ്റ്റീരിയോടൈപിക് ചലനങ്ങള്‍- അതായത് കൈകള്‍ പ്രത്യേകമായി ചലിപ്പിക്കുക

ഓട്ടിസത്തിന്റെ കാരണങ്ങള്‍

ഓട്ടിസത്തിന്റെ കാരണങ്ങള്‍ ഇതുവരെ ആധികാരികമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് ഓട്ടിസം ബാധിതരായ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. മുന്‍പ് നൂറില്‍ ഒരാളായിരുന്നെങ്കില്‍ ഇന്ന് അത് 65 ല്‍ ഒന്നായി മാറിയിരിക്കുന്നു. അതിന് പ്രധാന കാരണം ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം തന്നെയാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കി പെട്ടെന്ന് ചികിത്സ നേടാന്‍ കഴിയുന്നൊരു സമൂഹമാണ് വളര്‍ന്നു വരുന്നത്.

ഓട്ടിസം പൂര്‍ണമായും ഒരു ജനിതക രോഗമാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ കുടുംബത്തില്‍ ഒരു കുട്ടിക്കുണ്ടെങ്കില്‍ അടുത്ത കുട്ടിക്കും വരാനുള്ള സാധ്യത 10-20 ശതമാനം വരെയാണ്. മാറിവരുന്ന ജീവിതശൈലിയും ഈ അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്നു എന്നത് ഒരു വസ്തുതയാണ്. അണുകുടുംബങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളിലുള്ള ശ്രദ്ധ കുറയുകയും അവര്‍ ടിവിയുടെയും മൊബൈല്‍ സ്‌ക്രീനിന്റെയും മുന്നിലേക്ക് ഒതുങ്ങുകയും ചെയ്യുന്നു. അത് അവരുടെ സാമൂഹികവും മാനസികവുമായ വികാസത്തെ ബാധിക്കും.

ഒറ്റപ്പെട്ടുപോകുന്ന ചില കുട്ടികള്‍ ഓട്ടിസം സ്പെക്ട്രത്തിലേക്ക് വരാനും സാധ്യതയുണ്ട്. സാമൂഹിക ഇടപെടലുകള്‍ ഇല്ലാതെ വരുന്ന കുട്ടികള്‍ക്ക് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടത് എങ്ങനെയാണെന്ന് അറിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാകും, കോവിഡും ഓട്ടിസം കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് ആളുകളെ നാലുചുവരുകള്‍ക്കുള്ളിലേക്ക് ഒതുക്കിയപ്പോള്‍ അത് കൂടുതലായും ബാധിച്ചത് കുഞ്ഞുങ്ങളെയാണ്. ഇതൊന്നും ആധികാരികമായ കാരണങ്ങളായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെങ്കിലും ഇവയൊക്കെ ഓട്ടിസത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളായി വിലയിരുത്തപ്പെടുന്നു

മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളിലുള്ള ശ്രദ്ധ കുറയുകയും അവര്‍ ടിവിയുടെയും മൊബൈല്‍ സ്‌ക്രീനിന്റെയും മുന്നിലേക്ക് ഒതുങ്ങുകയും ചെയ്യുന്നു. അത് അവരുടെ സാമൂഹികവും മാനസികവുമായ വികാസത്തെ ബാധിക്കും

മാസം തികയാതെ പിറക്കുന്ന കുട്ടികളിലും പ്രായമായ ദമ്പതികള്‍ക്ക് ജനിക്കുന്ന കുട്ടികളിലും ചിലപ്പോള്‍ ഓട്ടിസത്തിനുള്ള സാധ്യതയുണ്ട്. അങ്ങനെ ഹൈ റിസ്‌കിലുണ്ടാകുന്ന ചില കുട്ടികള്‍ക്ക് മാനസിക വികാസം കുറച്ച് പുറകോട്ടായിരിക്കും. അത്തരം കുട്ടികളെ കൂടുതലായി ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്ക് വരുന്ന ടോക്‌സോപ്ലാസ്മ, റുബെല്ല പോലുള്ള ചില അണുബാധകള്‍, അമ്മമാര്‍ അപസ്മാരം പോലുള്ള അസുഖങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം ഇതൊക്കെ കുട്ടിയുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും. കുഞ്ഞുങ്ങള്‍ക്ക് എടുക്കുന്ന വാക്‌സിനുകള്‍ ഓട്ടിസമുണ്ടാക്കുന്നു എന്നത് തെറ്റാണെന്ന് തെളിയിക്കുന്ന പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കുട്ടികളുമായി സമയം ചിലവിടാനും അവരുടെ കൂടെ കളിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. ഒറ്റയ്ക്കുള്ളതിനേക്കാള്‍ കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നത് മാതാപിതാക്കളുമായി സംസാരിക്കുമ്പോഴാണ്

ഓട്ടിസം - ചികിത്സാരീതികള്‍

പലരീതിയിലുള്ള തെറാപ്പികളിലൂടെയാണ് ഓട്ടിസം ചികിത്സിക്കുന്നത്. ചികിത്സ തുടങ്ങുന്നതിന് മുന്‍പേ കുഞ്ഞുങ്ങളുടെ വൈകല്യത്തിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്, അതനുസരിച്ചാണ് ചികിത്സ. അതില്‍ ഏറ്റവും പ്രധാനപങ്ക് വഹിക്കുന്നത് കുട്ടികളുടെ മാതാപിതാക്കളും കുടുംബവും തന്നെയാണ്. കുട്ടികളുമായി സമയം ചിലവിടാനും അവരുടെ കൂടെ കളിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. ഒറ്റയ്ക്കുള്ളതിനേക്കാള്‍ കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നത് മാതാപിതാക്കളുമായി സംസാരിക്കുമ്പോഴാണ്. രണ്ട് വയസിനുള്ളില്‍ ഓട്ടിസം കണ്ടെത്തിയാലാണ് ഈ രീതി കൂടുതല്‍ പ്രായോഗികമാകുക. വൈകി സ്ഥിരീകരിക്കുന്ന സാഹചര്യങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. അത്തരം സന്ദര്‍ങ്ങളില്‍ ഡോക്ടര്‍മാർ നിര്‍ദേശിക്കുന്ന രീതിയിലാണ് തെറാപ്പികള്‍. അവരുടെ പെരുമാറ്റവും കഴിവും മെച്ചപ്പെടുത്താനുള്ള തെറാപ്പികളാണ് ചെയ്യുക. മിക്കവാറും അത് മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് നടക്കുക.

അടിസ്ഥാന കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനുള്ള കഴിവ് അവരില്‍ ഉണ്ടാക്കിയെടുക്കുകയാണ് ആദ്യ പടി

കുട്ടിയോട് എങ്ങനെ പെരുമാറണമെന്ന് ഓരോ തെറാപ്പി സെഷനിലും പറഞ്ഞുകൊടുക്കുന്നു. അടിസ്ഥാന കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനുള്ള കഴിവ് അവരില്‍ ഉണ്ടാക്കിയെടുക്കുകയാണ് ആദ്യ പടി. ആദ്യം കുട്ടികളില്‍ സ്പീച്ച് തെറാപ്പി അല്ല ചെയ്യേണ്ടത്. കുട്ടികളെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ പഠിപ്പിക്കണം. ചുറ്റുമുള്ളവരെ തിരിച്ചറിയാനും ആവശ്യമുള്ള കാര്യങ്ങള്‍ ആംഗ്യഭാഷയിലെങ്കിലും ചോദിക്കാനുമുള്ള കഴിവ് അവരിലുണ്ടാക്കണം. പിന്നീട് സാവധാനം വാക്കുകള്‍ പറഞ്ഞ് പഠിപ്പിക്കും.

ഓട്ടിസം ബാധിച്ച കുട്ടികളില്‍ പത്ത് ശതമാനം പേർ ഏതെങ്കിലും ഒരു കാര്യത്തില്‍ പ്രാവീണ്യമുള്ളവരാകും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആ കഴിവുകള്‍ മനസിലാക്കി അതിനെ വളര്‍ത്തിയെടുക്കാവുന്ന തരത്തിലുള്ള തെറാപ്പികള്‍ നല്‍കും. കുട്ടി കൂട്ടുതല്‍ ആക്രമണ സ്വഭാവം കാണിക്കുന്നുണ്ടെങ്കിലോ ആവര്‍ത്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ ആണെങ്കിലോ ഒക്കെ മരുന്നുകള്‍ നല്‍കേണ്ടി വരും. എങ്കിലും മരുന്നുകളേക്കാള്‍ തെറാപ്പികളിലൂടെയാണ് ചികിത്സ നടക്കുന്നത്. കൃത്യമായ പരിശീലനം യഥാസമയം നല്‍കിയാല്‍ കുട്ടികളെ ഒരു പരിധി വരെ സാധാരണ ഗതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയും.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ.ശൈലജ ശ്രീജിത്ത്, ഡെവലപ്മെന്‍റല്‍ പീഡിയാട്രീഷ്യന്‍

ഡോ. വിദ്യ വി കെ, പീഡിയാട്രീഷ്യന്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്