സ്വകാര്യഭാഗങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ച് ലൈംഗിക സംതൃപ്തി നേടുക എന്നതാണ് നഗ്നതാ പ്രദർശനം അല്ലങ്കിൽ എക്സിബിഷനിസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങൾ, ഇടവഴികൾ, റോഡുകൾ എന്നിവിടങ്ങളിൽ വെച്ച് എതിർലിംഗത്തിൽപ്പെട്ടവർ വരുമ്പോൾ വസ്ത്രമുരിഞ്ഞ് കാണിക്കുകയാണ് എക്സിബിഷനിസ്റ്റുകളുടെ രീതി. രതിമൂർച്ഛയിലേക്ക് എത്താനുള്ള എക്സൈറ്റ്മെന്റിനായാണ് പലരും നഗ്നതാ പ്രദർശനം നടത്തുന്നതെന്നാണ് കണ്ടെത്തൽ.കാണുന്ന വ്യക്തിയുടെ മുഖത്ത് പ്രകടമാകുന്ന നടുക്കത്തിൽ നിന്ന് ലൈംഗികോത്തേജനം നേടുന്നു എന്നതാണ് എക്സിബിഷനിസത്തിന്റെ മനഃശാസ്ത്രം.
എക്സിബിഷനിസ്റ്റുകൾ സാധാരണയായി അപകടകാരികളല്ലെന്ന് പറയുമ്പോഴും പലപ്പോഴും ഇത് മറ്റുള്ളവരിൽ ഭയവും അറപ്പുമാണ് ഉണ്ടാക്കുന്നത്. പൊതുവേ ഇതൊരു മാനസിക വൈകല്യമായാണ് കണക്കാക്കുന്നത്. പാരാഫീലിയ എന്നറിയപ്പെടുന്ന മനോരോഗവിഭാഗത്തിലാണ് എക്സിബിഷനിസം ഉൾപ്പെടുന്നത്. ഒന്നോ രണ്ടോ തവണ നഗ്നത പ്രദർശിപ്പിക്കുന്നതും മദ്യലഹരിയിൽ വസ്ത്രമുരിയുന്നതും രോഗമായി പരിഗണിക്കാനാകില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ദർ പറയുന്നത്. എന്നാൽ ഇത്തരം പ്രവർത്തി ആറുമാസത്തോളം സ്വബോധത്തില്‍ ചെയ്യുന്നത് തുടർന്നാല്‍ രോഗമായി പരിഗണിക്കാം.
സ്ത്രീകളിലെ നഗ്നതാ പ്രദർശനം
സ്ത്രീകളും പലപ്പോഴും നഗ്നതാ പ്രദർശനം നടത്താറുണ്ടെങ്കിലും എക്സിബിഷനിസത്തിന്റെ പേരിൽ കുറ്റക്കാരായി പിടിക്കപ്പെടുന്നത് പൊതുവെ പുരുഷന്മാരാണ്. സ്ത്രീകൾക്ക് അവരുടെ ശരീരം പ്രദർശിപ്പിക്കുന്നതിന് സാമൂഹികമായി സ്വീകാര്യമായ വഴികൾ ഉള്ളതിനാൽ സാധാരണയായി ആരും കുറ്റപ്പെടുത്തുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. 81 ശതമാനം പുരുഷന്മാരും 84 ശതമാനം സ്ത്രീകളും ഇത്തരം പൊതു ലൈംഗികതയിലൂടെ ലൈംഗിക ഉത്തേജനം അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കുട്ടികൾക്ക് മുന്നിൽ പോലും ഇത്തരക്കാർ നഗ്നത പ്രദർശിപ്പിക്കും. ശാരീരികമോ മാനസികമോ ആയ കാരണങ്ങളാൽ സാധാരണ മാർഗങ്ങളിലൂടെ ലൈംഗിക സംതൃപ്തി നേടാൻ കഴിയാത്ത വ്യക്തികളാണ് ഇത്തരം നഗ്നതാ പ്രദർശനങ്ങൾ നടത്തുന്നത്. ഇത്തരത്തിൽ കുട്ടികളെ അടക്കം സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുന്നതിലൂടെ ഇവര്‍ക്ക് ലൈംഗികാനുഭൂതിയും ലഭിക്കുന്നു. പ്രായപൂർത്തിയായ ഒരാൾക്ക് കുട്ടികളോട് തോന്നുന്ന ലൈംഗികാസക്തിയെ പീഡോഫീലിയ എന്നാണ് പറയുക. ഇത് ഗുരുതരമായ മാനസിക രോഗമാണ്. പൊതുസ്ഥലങ്ങളിലെ നഗ്നതാപ്രദര്‍ശനവും ലൈംഗിക പ്രവൃത്തികളും ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കുറ്റകരമാണ്.
ചെറുപ്പത്തിൽ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർ, കുട്ടിയായിരിക്കുമ്പോൾ തന്നെ നിരന്തരം ലൈംഗിക ദൃശ്യങ്ങളുള്ള പുസ്തകങ്ങളോ നീലചലച്ചിത്രങ്ങളോ കാണാൻ ഇടവന്നിട്ടുള്ളവർ എന്നിവരിലും എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ അടക്കമുള്ള ലൈംഗിക വൈകൃതങ്ങള്‍ കൂടുതലായി കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ അവസ്ഥയ്ക്ക് പലരും ചികിത്സ തേടാറില്ല എന്നതാണ് വാസ്തവം. മനഃശാസ്ത്ര ചികിത്സയിലൂടെ പാരാഫീലിയ ഒരു പരിധി വരെ നിയന്ത്രിക്കാം.കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, എമ്പതി ട്രെയിനിംഗ്, കോപിങ് സ്കിൽ ട്രെയിനിംഗ്, റിലാക്‌സ്സേഷൻ ട്രെയിനിംഗ് എന്നിവ വളരെ ഫലപ്രദമായി കാണാറുണ്ട്. പെട്ടന്നുള്ള ഇത്തരം ഉൾപ്രേരണകളെ നിയന്ത്രിക്കാനുള്ള പരിശീലനവും നൽകാറുണ്ട്. മരുന്നുകൾ കൊണ്ട് ലൈംഗിക ഹോർമോണുകൾ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ എക്സിബിഷനിസത്തിന്റെ ലക്ഷണങ്ങൾ കുറയുന്നതായും കണ്ടുവരുന്നു.