അടുത്ത കാലത്തായി പെണ്‍കുട്ടികളില്‍ കൂടിവരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം അഥവാ പിസിഒഎസ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം മിഥ്യാ ധാരണകളും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പിസിഒഎസ് എന്താണെന്നും ഇതിന്‍റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
കൗമാരത്തിന്റെ അവസാനഘട്ടത്തിലും പ്രായ പൂര്‍ത്തിയായ ശേഷവും ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം. ക്രമം തെറ്റിയുള്ള ആര്‍ത്തവം, നാളുകളോളം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം തുടങ്ങിയവ പിസിഒഎസിന്‍റെ സൂചനകളാണ്.
പിസിഒഎസ് ഉള്ള ഒരു സ്ത്രീയുടെ ശരീരത്തില്‍ ആന്‍ഡ്രൊജന്‍ ഹോര്‍മോണുകളുടെ ഉത്പാദനം വളരെ കൂടുതല്‍ ആയിരിക്കും. അണ്ഡാശയത്തിന്‍റെ പുറംഭാഗത്ത് ദ്രാവക സഞ്ചികള്‍ രൂപപ്പെടുന്നു. ഇവയെ സിസ്റ്റ് (നീര്‍സഞ്ചികള്‍) എന്ന് വിളിക്കുന്നു. ഈ ചെറിയ നീര്‍സഞ്ചികള്‍ക്കുള്ളില്‍ പൂർണ വളർച്ചയെത്താത്ത അണ്ഡങ്ങള്‍ ഉണ്ടായിരിക്കും. ഇവയെ ഫോളിക്കിള്‍സ് എന്നു വിളിക്കുന്നു. ഈ ഫോളിക്കിള്‍സിന് ക്രമമായി അണ്ഡങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കാതെ വരുന്നു.
പിസിഓഎസിന്‍റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ല. അസുഖം തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം വിദഗ്ധ ചികിത്സ നല്‍കുന്നതും ഹൃദ്രോഗം, ടൈപ് 2 പ്രമേഹം പോലുള്ള ദീര്‍ഘകാല സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കും.
ലക്ഷണങ്ങള്‍
പിസിഓഎസിന്‍റെ ലക്ഷണങ്ങള്‍ പൊതുവെ ആദ്യ ആര്‍ത്തവ ചക്രത്തില്‍ തന്നെ കാണപ്പെടാറുണ്ട്. അല്ലെങ്കില്‍ ആദ്യ ആര്‍ത്തവത്തിന് ശേഷം ലക്ഷണങ്ങള്‍ കൂടിവന്നെന്നും വരാം. കുറഞ്ഞത്, താഴെപറയുന്ന രണ്ട് ലക്ഷണങ്ങളെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഒരു വ്യക്തിയില്‍ പിസിഓഎസ് നിര്‍ണയിക്കാന്‍ സാധിക്കു:
1.ക്രമരഹിതമായ ആര്‍ത്തവം: ആര്‍ത്തവ കാലഘട്ടങ്ങള്‍ ഒരു സ്ത്രീയില്‍ കുറവാകുന്നത് അല്ലെങ്കില്‍ ക്രമരഹിതമാകുന്നത് പിസിഓഎസിന്‍റെ ലക്ഷണങ്ങളാണ്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ ആര്‍ത്തവം 9 തവണയില്‍ കുറവാകുന്നതും ആര്‍ത്തവ ചക്രം 35 ദിവസത്തേക്കാള്‍ നീണ്ടുനില്‍ക്കുന്നതും ഗര്‍ഭിണിയാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതാണ്.
2. പോളിസിസ്റ്റിക് ഓവറീസ്: അണ്ഡാശയം വലുതാകുകയും അണ്ഡാശയത്തിന് പുറമെ ഫോളിക്കിളുകള്‍ വളരുകയും അണ്ഡാശയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തെന്നു വരാം. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ പിസിഓഎസിന്‍റെ ലക്ഷണങ്ങള്‍ കൂടുതലായിരിക്കും.
3. ആന്‍ഡ്രൊജന്‍റെ അളവ് ശരീരത്തില്‍ കൂടുന്നത് അമിതമായ രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇതിനെ ഹിര്‍സുറ്റിസം എന്നാണ് വിളിക്കുന്നത്. കൂടാതെ, തീവ്രമായ മുഖക്കുരുവും പുരുഷന്‍മാരുടേത് പോലുള്ള കഷണ്ടിയും കാണപ്പെട്ടേക്കാം.
കാരണങ്ങള്‍ ?
1. ഇന്‍സുലിന്‍ പ്രതിരോധം: പാന്‍ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണ്‍ ആണ് ഇന്‍സുലിന്‍. ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തോട് പ്രതിരോധിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുന്നു. തുടര്‍ന്ന്, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത് പുരുഷഹോര്‍മോണായ ആന്‍ഡ്രൊജന്‍റെ അളവ് ശരീരത്തില്‍ കൂടുന്നതിന് കാരണമാകുന്നു. ഇത് അണ്ഡോത്പാദനത്തെ സാരമായി ബാധിക്കുന്നു.
ഇന്‍സുലിന്‍ പ്രതിരോധത്തിന്‍റെ ഒരു ലക്ഷണം, കഴുത്തിന്‍റെ താഴത്തെ ഭാഗങ്ങളിലോ,കക്ഷങ്ങളിലോ,ഞരമ്പുകളിലോ സ്തനങ്ങള്‍ക്ക് താഴെയോ വരകള്‍ പോലെ ഇരുണ്ടിരിക്കുന്നതാണ്. തീവ്രമായ വിശപ്പും ശരീരഭാരം കൂടുന്നതും മറ്റ് ലക്ഷണങ്ങളാണ്.
2. ലോഗ്രേഡ് ഇന്‍ഫ്ളമേഷന്‍ (വീക്കം): നമ്മുടെ ശരീരത്തിലെ വെളുത്ത രക്താണുക്കള്‍ പരിക്കുകളോടും അണുബാധകളോടും പോരാടുന്നു. ഇതിനെ ലോഗ്രേഡ് ഇന്‍ഫ്ളമേഷന്‍ എന്നാണ് പറയുന്നത്. ഗവേഷണങ്ങള്‍ കാണിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ലോഗ്രേഡ് ഇന്‍ഫ്ളമേഷനുകള്‍ കാണപ്പെടുന്നു എന്നാണ്. ഇത് പോളിസിസ്റ്റിക് അണ്ഡാശയങ്ങള്‍ ആന്‍ഡ്രൊജന്‍ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു.
3. പാരമ്പര്യം: ചില ജീനുകള്‍ പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും പിസിഒഎസ് ഉള്ളത് രോഗാവസ്ഥ വരുന്നതിനുള്ള സാധ്യത കൂട്ടുന്നു.
4. അമിതമായുള്ള ആന്‍ഡ്രൊജന്‍: പിസിഒഎസുള്ള വ്യക്തികളില്‍ അണ്ഡാശയം അമിതമായി ആന്‍ഡ്രജന്‍റെ ഉത്പാദിപ്പിക്കുന്നു. ഇത് വഴി, അണ്ഡങ്ങള്‍ സ്ഥിരമായി വളരാതിരിക്കുകയും ഫോളിക്കിള്‍സില്‍ നിന്ന് പുറത്ത് വരാതിരിക്കുകയും ചെയ്യുന്നു.
എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത് ?
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, ഗര്‍ഭധാരണത്തിന് പ്രയാസം, ശരീരം അമിതമായി ആന്‍ഡ്രൊജന്‍ പുറപ്പെടുവിക്കുന്ന അവസ്ഥ തുടങ്ങി മുകളില്‍ കൊടുത്തിരിക്കുന്ന ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് ഉചിതം.