കോവിഡ് 19 മഹാമാരിയെക്കാള്‍ ഇരുപത് മടങ്ങ് കൂടുതല്‍ മരണകാരണമാകാന്‍ ശേഷിയുള്ള ഒരു പകര്‍ച്ചവ്യാധി ഡിസീസ് എക്‌സിന്‌റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഈ ആഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ചേരുന്ന വേള്‍ഡ് ഇക്കമോമിക് ഫോറത്തില്‍ ചര്‍ച്ചയാകും.
മനുഷ്യരില്‍ രോഗങ്ങളുണ്ടാക്കുമെന്ന് ഇതുവരെ അറിവായിട്ടില്ലാത്ത ഒരു രോഗകാരി മൂലം ഭാവിയില്‍ ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധിയുടെ ആസൂത്രണത്തെയും പ്രതിരോധത്തെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ഡിസീസ് എക്‌സ്.
ലോകാരോഗ്യ സംഘടനയുടെ തലവന്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നാളെ നയിക്കുന്ന 'ഡിസീസ് എക്‌സ് തയ്യാറെടുപ്പ് എന്ന സെഷനില്‍ ബ്രസീലിയന്‍ ആരോഗ്യ മന്ത്രി നിസിയ ട്രിന്‍ഡേഡ് ലിമ, ഫാര്‍മസ്യൂട്ടിക്കല്‍ ആസ്ട്രസെനെക്കയുടെ ബോര്‍ഡ് ചെയര്‍ മൈക്കല്‍ ഡെമാരേ, റോയല്‍ ഫിലിപ്സ് സിഇഒ റോയ് ജേക്കബ്‌സ്, ഇന്ത്യന്‍ ആശുപത്രി ശൃംഖലയായ അപ്പോളോയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ പ്രീത റെഡ്ഡി എന്നിവര്‍ പങ്കെടുക്കും. ലോകം കൂടുതല്‍ മാരകമായ ഒരു മഹാമാരിയെ പ്രതിരോധിക്കണമെങ്കില്‍ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്ക് ഒന്നിലധികം വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ നൂതന ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വേള്‍ഡ് എക്കണോമിക് ഫോറം പറഞ്ഞു.
വാക്സിനുകള്‍, ഡ്രഗ് തെറാപ്പികള്‍, പരിശോധനകള്‍ എന്നിവയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനാണ് യോഗങ്ങള്‍ നടക്കുന്നത്. ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ ഈ തയ്യാറെടുപ്പുകളും അറിവുകളും രോഗത്തെ ചെറുക്കുന്നതിന് പ്രയോജനപ്പെടുത്താനാകും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരാന്‍ സാധ്യത കൂടുതലായതിനാല്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയായ വൈറസുകളെ കണ്ടെത്തേണ്ടതുമുണ്ട്.
2014-2016 ലെ പശ്ചിമാഫ്രിക്കയിലെ എബോള പകര്‍ച്ചവ്യാധി എക്‌സ് രോഗത്തിന് 'പ്രസക്തമായ ആദ്യകാല ക്രോസ്-കട്ടിംഗ് ആര്‍ ആന്‍ഡ് ഡി തയ്യാറെടുപ്പ് സാധ്യമാക്കുന്നതിനുള്ള പ്രധാന കാരണമായി ലോകാരോഗ്യ സംഘടന പറയുന്നു. എബോളയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ സാധിക്കാത്തതിനാല്‍തന്നെ 11,000 ജീവന്‍ നഷ്ടപ്പെട്ടതായി ആഗോള ആരോഗ്യ ഏജന്‍സി വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടന പിന്നീട് മുന്‍ഗണനാ രോഗങ്ങളുടെ ഒരു ലിസ്റ്റ് പുറത്തിറക്കുകയും ഈ രോഗങ്ങള്‍ക്കുള്ള മരുന്നുകളുള്‍പ്പടെയുള്ള അവശ്യ സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഒരു ആര്‍ ആന്‍ഡ് ഡി ബ്ലൂപ്രിന്റ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. കോവിഡ്-19, ക്രിമിയന്‍-കോംഗോ ഹെമറാജിക് ഫീവര്‍, എബോള വൈറസ്, മാര്‍ബര്‍ഗ് വൈറസ്, ലസ്സ ഫീവര്‍, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്), സാര്‍സ്, നിപ്പ, ഹെനിപവൈറല്‍ രോഗങ്ങള്‍, റിഫ്റ്റ് വാലി ഫീവര്‍, സിക്ക, എക്‌സ് എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ മുന്‍ഗണനാ പട്ടികയിലെ രോഗങ്ങള്‍.