HEALTH

'ഗുണനിലവാരമില്ല'; ഈ രണ്ട് ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ ഉപയോഗിക്കരുത്, ഉസ്‌ബെക്കിസ്ഥാന് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ആംബ്രോണോൾ സിറപ്പ്, ഡോക്ക്-1 മാക്‌സ് സിറപ്പ് എന്നീ കഫ് സിറപ്പുകള്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന

വെബ് ഡെസ്ക്

നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന. ആംബ്രോണോൾ സിറപ്പ്, ഡോക്ക്-1 മാക്‌സ് സിറപ്പ് എന്നീ കഫ് സിറപ്പുകള്‍ നല്‍കരുതെന്നാണ് ശുപാർശ. ഉത്തർപ്രദേശിലെ മരിയോണ്‍ ബയോടെക് നിര്‍മിച്ച ഡോക് -1 മാക്‌സ് എന്ന കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാര്‍ശ.

ഉസ്ബെക്കിസ്ഥാനിലെ ദേശീയ ഗുണനിലവാര നിയന്ത്രണ ലബോറട്ടറികൾ നടത്തിയ വിശകലനത്തിൽ രണ്ട് ഉത്പ്പന്നങ്ങളിലും അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. ഈ രണ്ട് ഉത്പ്പന്നങ്ങൾക്കും മേഖലയിലെ മറ്റ് രാജ്യങ്ങളിൽ മാർക്കറ്റിംഗ് അംഗീകാരം ഉണ്ടായിരിക്കാം. അവ അനൗപചാരിക വിപണികളിലൂടെ മറ്റ് രാജ്യങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ വിതരണം ചെയ്തിരിക്കാമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പിൽ പറയുന്നു. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നുകൾ കഴിച്ച് 19 കുട്ടികൾ മരിച്ചതായി ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചത്. തുടർന്ന് മരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.

മതിയായ രേഖകൾ നൽകാത്തതിനെ തുടർന്ന് മരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഗൗതം ബുദ്ധ് നഗർ ഡ്രഗ് ഇൻസ്പെക്ടർ വൈഭവ് ബബ്ബർ പറഞ്ഞു. പരിശോധനാ സമയത്ത് ആവശ്യപ്പെട്ട രേഖകൾ നൽകാത്തത്തിനെ തുട‍ർന്ന് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഫ് സിറപ്പ് ഡോക് 1 മാക്സ് ഗുണനിലവിരമില്ലാത്തവയാണെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് നോയിഡ ആസ്ഥാനമായുള്ള ഫാര്‍മ കമ്പനിയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

നേരത്തെ ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പ് കഴിച്ച് ഗാംബിയയിൽ 70 ഓളം കുട്ടികള്‍ മരിച്ചിരുന്നു. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മയില്‍ നിര്‍മിച്ച കഫ്‌സിറപ്പാണ് അന്ന് വില്ലനായത്. 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ