കോവിഡ്- 19 ആഗോള അടിയന്തരാവസ്ഥ അല്ലെങ്കിലും രോഗസാധ്യത ഇപ്പോഴും കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം പുതുവര്‍ഷത്തില്‍ ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വൈറസ് ഇപ്പോഴും വ്യാപകമായി പടരുകയും രൂപമാറ്റം സംഭവിക്കുകയും മരണം നടക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യുന്നത് കോവിഡിന്‌റെ ജെഎന്‍.1 വകഭേദമാണ്. ക്രിസ്മസും അവധിക്കാല ഒത്തുചേരലുകളും കാരണമാകാം കഴിഞ്ഞ മാസം യൂറോപ്പിലും അമേരിക്കയിലും കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. നവംബര്‍ മാസവുമായി താരതമ്യം ചെയ്താല്‍ ഡിസംബറില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ 42 ശതമാനവും ഇന്‌റന്‍സീവ് കെയര്‍ യൂണിറ്റുകളിലെ പ്രവേശനത്തില്‍ 62 ശതമാനവും വര്‍ധന ഉണ്ടായിട്ടുണ്ട്.
വൈറസ് നിരീക്ഷണവും ക്രമീകരണവും ശക്തമാക്കാനും വിശ്വസനീയമായ പരിശോധനകളും ചികിത്സയും വാക്‌സിനുകളും സജ്ജമാക്കാനും ടെഡ്രോസ് സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു. കൂടാതെ, വാക്‌സിനേഷന്‍ നല്‍കാനും പരിശോധിക്കാനും ആവശ്യമുള്ളിടത്ത് മാസ്‌കുകള്‍ ധരിക്കാനും തിരക്കേറിയ ഇന്‍ഡോര്‍ ഇടങ്ങള്‍ നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കാനും വ്യക്തികളോടും ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര പോലുള്ള സ്ഥലങ്ങളില്‍ ജെഎന്‍.1 വകഭേദം പ്രബലമാണ്. യുഎസിലെ 60 ശതമാനത്തിലധികം കോവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍.1 വകഭേദമാണ്. 'ജെഎന്‍.1 ശൈത്യകാലത്ത് കോവിഡ്-19 ന്റെ വ്യാപനം തീവ്രമാക്കിയേക്കാമെന്ന് യുഎസ് സിഡിസി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കോവിഡ്-19നെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ കൈ കഴുകുകയും തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിക്കുകയും നല്ല ശുചിത്വം ശീലമാക്കുകയും ചെയ്യാം. പ്രാദേശിക മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും വാക്‌സിനേഷന്‍ അപ്‌ഡേറ്റുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. കണ്ണുകള്‍, മൂക്ക്, വായ എന്നിവയില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക. ആരോഗ്യം നിരീക്ഷിക്കുകയും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദഗ്‌ധോപദേശം തേടുകയും ചെയ്യണം.