HEALTH

2030ഓടെ എയ്ഡ്സ് മുക്തമാകുമോ ലോകം? ചികിത്സ സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കണക്കുകൾ

കഴിഞ്ഞ വര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്‌ഐവി ബാധിച്ചത്

വെബ് ഡെസ്ക്

ലോകം ഇന്ന് എയ്ഡ്‌സ് ദിനം ആചരിക്കുമ്പോള്‍ 2030ഓടെ എയ്ഡ്‌സ് മുക്തമാക്കാന്‍ സാധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ പങ്കുവെയ്ക്കുന്ന പ്രതീക്ഷ. 2023ഓടെ പൊതുജനാരോഗ്യ ഭീഷണിയായ എയ്ഡ്‌സ് അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐക്യരാഷ്ട്ര സഭ 2015ല്‍ തന്നെ പറഞ്ഞിരുന്നു. രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നില്ലെങ്കിലും എയ്ഡ്‌സിനെതിരെയുള്ള അവബോധം കൂടി വരുന്നതാണ് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നു.

യുഎന്‍ എയ്ഡ്‌സ് റിപ്പോര്‍ട്ട്

ലോകമെമ്പാടുമുള്ള 3.9 കോടി പേര്‍ക്കാണ് എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി (ഹ്യൂമന്‍ ഇമ്മ്യുണോ ഡെഫിഷ്യന്‍സി വൈറസ്) വൈറസ് ബാധിച്ചത്. അതില്‍ 2.08 കോടി ആളുകളും കിഴക്കന്‍ ആഫ്രിക്കയിലും വടക്കന്‍ ആഫ്രിക്കയിലുമുള്ളവരാണ്. 65 ലക്ഷം ഏഷ്യയിലും പസഫിക്കിലും. എന്നാല്‍ ഈ 3.9 കോടി മനുഷ്യരില്‍ 90 ലക്ഷം പേര്‍ക്കും ജീവന്‍ രക്ഷാ ചികിത്സകള്‍ ലഭിക്കുന്നില്ലെന്ന ഗുരുതര ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

എച്ച്‌ഐവി ഭീഷണി നേരിടുന്ന ലൈംഗിക തൊഴിലാളികള്‍, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍, ട്രാന്‍സ്ജന്റര്‍, ലഹരി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരായ ഗുരുതരമായ നിയമങ്ങളും നയങ്ങളും സേവന ഉദ്ദേശ്യത്തോടെ അവരെ സമീപിക്കുന്നവര്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും യുഎന്‍ എയ്ഡ്‌സ് പറയുന്നു. എയ്ഡ്‌സ് അവസാനിപ്പിക്കാനായി മുന്നോട്ട് വരുന്നവര്‍ക്ക് സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടേയും പൂര്‍ണ പിന്തുണ ആവശ്യമുണ്ടെന്നും യുഎന്‍ എയ്ഡ്‌സ് പറയുന്നു.

2022ല്‍ താഴ്ന്ന-ഇടത്തരം രാജ്യങ്ങളില്‍ 2.08 കോടി ഡോളര്‍ രൂപയാണ് എച്ച്‌ഐവി പ്രോഗ്രാമുകള്‍ക്ക് വേണ്ടി ചെലവഴിച്ചത്. 1995ല്‍ 25000 ഡോളറാണ് ഒരു എയ്ഡ്‌സ് രോഗിക്ക് ആവശ്യം വന്നതെങ്കില്‍ പല രാജ്യങ്ങളിലും ഇപ്പോഴത് 70 ഡോളറായി കുറഞ്ഞിട്ടുണ്ട്. എയ്ഡ്‌സ് രോഗികള്‍ക്ക് ആവശ്യമുള്ള തുകയുടെ ഫണ്ടിങ് 2012ലെ 31 ശതമാനത്തില്‍ നിന്നും 2021ലെത്തുമ്പോള്‍ 20 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്‌ഐവി ബാധിച്ചത്. 1995ലെ 32 ലക്ഷം എന്ന കണക്കില്‍ നിന്നും ഇത് കുറവാണ്. 2022ലെ കണക്കുപ്രകാരം എച്ച്‌ഐവി ബാധിതരായ 86 ശതമാനം പേര്‍ക്കും അവരുടെ രോഗാസ്ഥയെക്കുറിച്ച് അറിവുണ്ട്. 89 ശതമാനം പേരും ചികിത്സ സ്വീകരിക്കുന്നുമുണ്ട്. ഇതില്‍ 53 ശതമാനം പേരും സ്ത്രീകളും പെണ്‍കുട്ടികളുമാണ്.

എയ്ഡ്‌സ് ദിനം

ഏറെ തെറ്റിദ്ധാരണകൾ നിറഞ്ഞുനില്‍ക്കുന്ന ഒരു രോഗമായിരുന്നു എയ്ഡ്സ്. അതുകൊണ്ട് തന്നെ എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ 1988 മുതലാണ് ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ആര്‍എന്‍എ വിഭാഗത്തില്‍പ്പെട്ട റിട്രോ വൈറസായ എച്ച്‌ഐവിയാണ് എയ്ഡ്‌സുകളുണ്ടാക്കുന്നത്. 1984ല്‍ അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലേ ആണ് ഈ വൈറസ് കണ്ടെത്തിയത്. എയ്ഡ്‌സ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അത് സാധാരണ പകരുന്ന രീതിയിലല്ല മറ്റുള്ളവരിലേക്ക് പകരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തെ കൂടാതെ, എച്ച്‌ഐവി ബാധിതര്‍ ഉപയോഗിച്ച സിറിഞ്ച്, സൂചി എന്നിവയിലൂടെ, എച്ച്‌ഐവി ബാധിതയായ അമ്മയില്‍ നിന്നും മക്കളിലേക്ക്, എച്ച്‌ഐവി രോഗികളുടെ രക്തം സ്വീകരിക്കുക തുടങ്ങിയ രീതിയിലാണ് എയ്ഡ്‌സ് പകരുന്നത്.

എലിസ ടെസ്റ്റാണ് പ്രധാനമായും എച്ച്‌ഐവി അണുബാധ കണ്ടെത്തുന്ന പരിശോധന. എച്ച്‌ഐവിക്കെതിരായ ആന്റിബോഡി രക്തത്തിലുണ്ടോയെന്ന് പരിശോധിക്കുന്ന രീതിയാണിത്. മൂന്നു തവണ പരിശോധന നടത്തി ഫലം പോസിറ്റീവാണെങ്കില്‍ അയാള്‍ക്ക് എച്ചഐവി പോസിറ്റീവിനുള്ള സാധ്യത കൂടുതലാണ്. എയ്ഡ്സ് കണ്ടുപിടിക്കുന്ന മറ്റൊരു പരിശോധനയാണ് വെസ്‌റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ്.

എച്ച്‌ഐവിക്ക് നിലവില്‍ ചികിത്സാരീതികളില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. എങ്കിലും ചില മരുന്നുകള്‍ എയ്ഡ്ഡിന് പ്രയോഗിക്കുന്നുണ്ട്. എച്ച് ഐവി ചികിത്സിക്കുന്ന മരുന്നുകളെ ആന്റി റിട്രോ വൈറല്‍ മരുന്നുകള്‍ എന്നാണ് വിളിക്കുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനാക്കുന്ന രോഗം തന്നെയാണ് എയ്ഡ്സ്.

ലക്ഷണങ്ങള്‍

ചുവന്ന നിറത്തില്‍, ചുരണ്ടി കളയാന്‍ പറ്റുന്ന തരത്തില്‍ ചുണ്ടിന്റെ കോണുകളില്‍ കാണുന്ന പൂപ്പല്‍ ബാധ, മോണരോഗങ്ങള്‍, ബാക്ടീരിയ അണുബാധ, ചര്‍മത്തിലെ നിറവ്യത്യാസം, രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് കുറഞ്ഞ് രക്തം പൊടിയല്‍ തുടങ്ങിയവയാണ് എയ്ഡ്സിൻ്റെ പ്രധാന ലക്ഷണങ്ങള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ