HEALTH

ആഘോഷിക്കാം രക്തദാനം; രക്ഷിക്കാം മനുഷ്യ ജീവന്‍, പ്രതിരോധിക്കാം രോഗങ്ങള്‍

'ദാനത്തിന്റെ 20 വര്‍ഷം ആഘോഷിക്കുന്നു: രക്തദാതാക്കള്‍ക്ക് നന്ദി' എന്നതാണ് ഇത്തവണത്തെ ലോക രക്തദാന ദിനത്തിന്റെ പ്രമേയം

വെബ് ഡെസ്ക്

ജീവന്‍ നിലനിര്‍ത്തുന്നതില്‍ മഹത്തായ ഒരു ദൗത്യമാണ് രക്തദാനം. രക്തനഷ്ടം, വിളര്‍ച്ച തുടങ്ങി അര്‍ബുദ ചികിത്സയില്‍വരെ രക്തം ആവശ്യമായി വരാം. രക്തബാങ്കിലേക്കോ രക്തം ശേഖരിക്കുന്ന സംഘടനയിലേക്കോ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാനാകും. ആരോഗ്യകരമായ രക്തപ്രവാഹത്തിന് ഇടയ്ക്കിടെ രക്തം ദാനം ചെയ്യുന്നത് നല്ലതാണ്. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്.

'ദാനത്തിന്റെ 20 വര്‍ഷം ആഘോഷിക്കുന്നു: രക്തദാതാക്കള്‍ക്ക് നന്ദി' എന്നതാണ് ഇത്തവണത്തെ ലോക രക്തദാന ദിനത്തിന്റെ പ്രമേയം. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍തന്നെ രക്തദാനത്തിന്റെ ചരിത്രം ആരംഭിക്കുന്നു. 1940ല്‍ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ലോവര്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നുമില്ലാതെ രണ്ട് പട്ടികള്‍ക്കിടയില്‍ രക്തപ്പകര്‍ച്ച നടത്തിയിരുന്നു. ആധുനിക രക്തപ്പകര്‍ച്ച ടെക്‌നിക്കുകള്‍ വികസിപ്പിക്കാന്‍ ഇത് വഴിവെക്കുകയും പിന്നീട് രക്തദാനം ആരോഗ്യ മേഖലയിലെ നിത്യസംഭവമായി മാറുകയുമായിരുന്നു.

2005ലാണ് ജൂണ്‍ 14ന് രക്തദാന ദിനമായി ആചരിക്കാമെന്ന് ലോകാരോഗ്യ അസംബ്ലി ഏകകണ്‌ഠേന പ്രഖ്യാപിക്കുന്നത്. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യവും ആരോഗ്യമേഖലയില്‍ സുസ്ഥിരമായ രക്തവിതരണം ഉറപ്പാക്കുന്നതിനുമാണ് രക്തദാന ദിനം ആചരിക്കുന്നത്. ആരോഗ്യമേഖലയിലെ സങ്കീര്‍ണ ഘട്ടങ്ങളില്‍ രക്തദാതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതിനും ഈ ദിനം പ്രാധാന്യം വഹിക്കുന്നു.

രക്തദാനം എങ്ങനെ ആചരിക്കാം?

രക്തം ദാനം ചെയ്യുക

രക്തദാനം ചെയ്യാന്‍ പ്രാപ്തരായവര്‍ രക്തദാനത്തില്‍ പങ്കാളികളാകുക. ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗത്തിന്റെ ഒരു നിര്‍ണായക ഘട്ടം കൂടിയാണ് ഇത്.

രക്തദാനത്തിന് പ്രേരിപ്പിക്കുക

ആരോഗ്യപരമായി രക്തം ദാനം ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരല്ലെങ്കില്‍ അതിന് ഉതകുന്ന ആളുകളെ പ്രേരിപ്പിക്കുക. അതിനായി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുകയോ, സാമൂഹ്യ മാധ്യമങ്ങള്‍ വഴി കാംപെയിനുകള്‍ നടത്തുകയോ ചെയ്യുക.

രക്തദാന പരിപാടികള്‍ സംഘടിപ്പിക്കുക

ആശുപത്രികളിലും മറ്റ് രക്ത ബാങ്കുകളിലും, സ്‌കൂള്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും രക്ത ദാന ക്യാമ്പ് നടത്തുക. ഇതിലൂടെ രക്തം ദാനം ചെയ്യാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരികയും രക്തദാനത്തിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാകുകയും ചെയ്യും.

പണം നല്‍കുക

രക്തദാനം ചെയ്യുവാനോ രക്തദാനവുമായി ബന്ധപ്പെട്ട കാംപെയിനുകളില്‍ നേരിട്ട് പങ്കാളികളാകാനോ സാധിക്കാതെ വന്നാല്‍ പകരം രക്തബാങ്കിലേക്കോ മറ്റ് സംഘടനകളിലേക്കോ പണം നല്‍കി സഹായിക്കാവുന്നതാണ്.

രക്തദാനത്തിന്റെ ഗുണങ്ങള്‍

രക്തം ദാനം ചെയ്യുമ്പോള്‍ നമുക്കും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുന്നു

നിരന്തരമായി രക്തദാനം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തം ദാനം ചെയ്യുമ്പോള്‍ രക്തത്തിന്റെ വിസ്‌കോസിറ്റി കുറയുന്നു. ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയെ പ്രതിരോധിക്കുന്നു. വിസ്‌കോസിറ്റി കൂടുന്നത് രക്തക്കുഴലുകള്‍ തകരാറിലാകാന്‍ കാരണമാകുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും പ്ലാക്ക് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു

അമിതമായ ഇരുമ്പിന്റെ അംശം കുറയ്ക്കുന്നു

രക്തത്തിലെ അമിതമായ ഇരുമ്പ് കരള്‍, ഹൃദയം എന്നീ അവയവങ്ങള്‍ തകരാറിലാകാന്‍ കാരണമാകുന്ന ഹെമോക്രോമാറ്റോസിസ് എന്ന അസുഖത്തിന് കാരണമാകുന്നു. എന്നാല്‍ രക്തം ദാനം ചെയ്യുന്നത് ഇരുമ്പിന്റെ അംശം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കുന്നു. രക്തത്തില്‍ ഇരുമ്പ് കൂടുതലായി കാണപ്പെടുന്നവര്‍ ആറുമാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യുന്നത് നല്ലതാണ്

പുതിയ രക്തകോശങ്ങള്‍ ഉണ്ടാകുന്നു

ഓരോ തവണയും നാം രക്തം ദാനം ചെയ്യുമ്പോള്‍ ശരീരത്തിലെ രക്തനഷ്ടം നികത്താന്‍ ശരീരം പ്രവര്‍ത്തിക്കും. ഇത് പുതിയ രക്തകോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഇത് രക്തകോശങ്ങള്‍ ആരോഗ്യകരമാകാനും പ്രവര്‍ത്തനക്ഷമമാകാനും സഹായിക്കുന്നു.

സൗജന്യ ആരോഗ്യ പരിശോധന

രക്തം ദാനം ചെയ്യുമ്പോള്‍ രക്തദാതാക്കളുടെ പള്‍സ്, രക്തസമ്മര്‍ദം, ശരീര താപനില, ഹീമോഗ്ലോബിന്‍ അളവ് എന്നിവ പരിശോധിക്കപ്പെടുന്നു. ഇതിലൂടെ നമ്മുടെ ആരോഗ്യ സ്ഥിതിയെന്താണെന്ന് മനസിലാക്കാന്‍ സാധിക്കും.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി