ഇന്ത്യന്‍ ജനതയുടെ അന്ധതയ്ക്കു പിന്നിലെ ഒരു പ്രധാന കാരണമാണ് ഗ്ലോക്കോമ. തിമിരവും റിഫ്രാക്ടീവ് പ്രശ്‌നങ്ങളും പോലെ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു നേത്രരോഗമാണ് ഗ്ലോക്കോമയും. പതിയെ പ്രത്യക്ഷപ്പെട്ട് കാഴ്ചനഷ്ടത്തിലേക്കു നയിക്കുന്നതിനാല്‍ത്തന്നെ തുടക്കത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ അന്ധതയുടെ 12.8 ശതമാനം ഗ്ലോക്കോമ കാരണമാണെന്ന് കരുതപ്പെടുന്നു. രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കാനാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 12 ഗ്ലോക്കോമ ദിനമായി ആചരിക്കുന്നത്.
കണ്ണിന്‌റെ പിന്‍ഭാഗത്തുള്ള ഒപ്റ്റിക് നാഡിക്ക് കേടുവരുത്തി അന്ധതയിലേക്കു തള്ളിവിടുന്ന ഒരു കൂട്ടം നേത്രരോഗങ്ങളെയാണ് ഗ്ലോക്കോമ എന്നു പറയുന്നത്. ആദ്യം നഷ്ടമാകുന്നത് പെരിഫെറല്‍ കാഴ്ച ആയതിനാല്‍ തുടക്കത്തില്‍ പലരും അവഗണിക്കാറാണ് പതിവ്. ഇതാണ് അന്ധതയിലേക്കു നയിക്കുന്നത്. ഗ്ലോക്കോമയ്ക്ക് വ്യക്തവും അറിയപ്പെടുന്നതുമായ കാരണങ്ങളില്ല. പതിവ് നേത്രപരിശോധനയുടെ ഭാഗമായാണ് പലപ്പോഴും രോഗം കണ്ടുപിടിക്കപ്പെടുന്നത്. ഗ്ലോക്കാമ സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും കണ്ണിലെ രക്തസമ്മര്‍ദം കൂടുതലായിരിക്കും. ഇത് നിയന്ത്രിക്കാന്‍ സാധിക്കുന്നതോടെ അസ്വസ്ഥതകള്‍ക്കും പരിഹാരം ലഭിക്കും.
കണ്ണിന്‌റെ ആരോഗ്യം ഉറപ്പാക്കേണ്ടതിന്‌റെ ആവശ്യകതെയക്കുറിച്ചും നേത്രപരിശോധനകള്‍ നടത്തേണ്ടതിന്‌റെ പ്രാധാന്യത്തെക്കുറിച്ചും ഗ്ലോക്കോമ ദിനം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു.
തലച്ചോറും കണ്ണുകളും തമ്മിലുള്ള സുപ്രധാന കണ്ണിയായ ഒപ്റ്റിക് നാഡിയെയാണ് ഗ്ലോക്കോമ ബാധിക്കുന്നത്. ഇതിന്‌റെ ഭാഗമായി കണ്ണിലെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനം ഉണ്ടാകുന്നു.
വശങ്ങളിലെ കാഴ്ചയ്ക്ക് മങ്ങല്‍ അനുഭപ്പെടുന്നതാണ് ഗ്ലോക്കോമയുടേതായി ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം. ഇത് വഷളാകുമ്പോഴാകും പലരും ശ്രദ്ധിക്കപ്പെടുന്നത്. രോഗം ഗുരുതരമാകുമ്പോള്‍ തലവേദന, കണ്ണിനു വേദന, ഓക്കാനം എന്നിവ അനുഭവപ്പെടാം. മങ്ങിയതോ ഇരുണ്ടതോ ആയ സാഹചര്യങ്ങളില്‍ ചിലരില്‍ ലൈറ്റിനു ചുറ്റും ഹാലോസ് അനുഭവപ്പെടാം. കാഴ്ചയ്ക്ക് മങ്ങല്‍, അലര്‍ജി കാരണമല്ലാതെ കണ്ണിനു ചുവപ്പ് എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം.
പ്രായം 60 പിന്നിട്ടവരിലും പാരമ്പര്യമായി ഗ്ലോക്കാമ ബാധിതരിലും അപകടഘടകങ്ങള്‍ നിലനില്‍ക്കുന്നു. ഇതോടൊപ്പം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, സ്റ്റിറോയ്ഡ് ഉപയോഗവുമൊക്കെ അപകടസാധ്യത കൂട്ടുന്നുണ്ട്.
ഗ്ലോക്കോമയ്ക്ക് ശാശ്വത പരിഹാരം നല്‍കുന്ന ചികിത്സ ഇല്ലെങ്കിലും നേരത്തേ കണ്ടെത്തുന്നതിലൂടെ രോഗം മൂര്‍ഛിക്കുന്നത് തടയാനും കാഴ്ചനഷ്ടം പ്രതിരോധിക്കാനുമാകും. ഐ ഡ്രോപ്‌സ്, മരുന്നുകള്‍, ലേസര്‍ ചികിത്സ, കണ്ണിലെ സമ്മര്‍ദം കുറയ്ക്കാനുള്ള ശസ്ത്രക്രിയ തുടങ്ങിയവയാണ് സാധാരണ ചികിത്സാമാര്‍ഗങ്ങള്‍.