HEALTH

അകാരണമായ ക്ഷീണവും ചര്‍മത്തിലെ ചൊറിച്ചിലും കരള്‍ രോഗലക്ഷണങ്ങളാകാം; വേണം ശ്രദ്ധ

'ജാഗ്രത പാലിക്കുക, പതിവായി കരള്‍ പരിശോധന നടത്തുക, ഫാറ്റി ലിവര്‍ രോഗങ്ങള്‍ തടയുക' എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിന സന്ദേശം

വെബ് ഡെസ്ക്

പൊതുജനങ്ങളില്‍ കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 19 ലോക കരള്‍ ദിനം ആചരിക്കുന്നത്. 'ജാഗ്രത പാലിക്കുക, പതിവായി കരള്‍ പരിശോധന നടത്തുക, ഫാറ്റി ലിവര്‍ രോഗങ്ങള്‍ തടയുക' (Be Vigilant, Get Regular Liver Check-Ups and Prevent Fatty Liver Diseases) എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിന സന്ദേശം.

മനുഷ്യശരീരത്തിലെ ഏറ്റവും വലുതും സുപ്രധാനവുമായ രണ്ടാമത്തെ അവയവമാണ് കരള്‍. മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനങ്ങള്‍), ദഹനം, പ്രതിരോധശേഷി, വിഷവസ്തുക്കളുടെ ശുദ്ധീകരണം, വിറ്റാമിനുകള്‍, ധാതുക്കള്‍, ഗ്ലൂക്കോസ് മുതലായവയുടെ സംഭരണം ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളാണ് കരള്‍ നിര്‍വഹിക്കുന്നത്. അതിനാല്‍ കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

മഞ്ഞപ്പിത്തം, കരള്‍ വീക്കം, സിറോസിസ്, കരളിലെ അര്‍ബുദം, ഫാറ്റി ലിവര്‍ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. അനാരോഗ്യകരമായ ഭക്ഷണക്രമം, മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയവ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ പോലുള്ള അസുഖങ്ങളില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. കണ്ണുകളിലെ മഞ്ഞ നിറം, കാലിലെയും വയറ്റിലെയും നീര്, മലത്തിലോ ഛര്‍ദ്ദിയിലോ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം, അബോധാവസ്ഥ, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദനയും വീക്കവും മുതലായവ കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാവാം.

അകാരണമായ ക്ഷീണം

സ്ഥായിയായ ക്ഷീണവും തളര്‍ച്ചയും കരള്‍ രോഗത്തിന്‌റെ ലക്ഷണമാകാം. എനെര്‍ജി മെറ്റബോളിസത്തില്‍ പ്രധാനപങ്ക് വഹിക്കുന്നത് കരളാണ്. അകാരണമായ ക്ഷീണവും തളര്‍ച്ചയും വിശ്രമിച്ചിട്ടും മാറാത്ത അവസ്ഥയിലാണെങ്കില്‍ ഡോക്ടറെകണ്ട് വിദഗ്ധ പരിശോധന നടത്തണം.

വയറിനുചുറ്റും കൊഴുപ്പടിയല്‍

വയറിനുചുറ്റും കൊഴുപ്പടിയുന്നത് കരള്‍രോഗത്തിന്‌റെ ലക്ഷണമാണ്. വിസറല്‍ ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ഫാറ്റി ലിവറുമായി ബന്ധപ്പെട്ടിരിക്കുന്നു.

മഞ്ഞപ്പിത്തം

ചര്‍മം, കണ്ണുകള്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മഞ്ഞനിറം കരള്‍ തകരാറിലാണെന്നതിന്‌റെ സൂചനയാണ്. ബിലിറുബിന്‍ ഫലപ്രദമായി പ്രോസസ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവ ശരീരത്തില്‍ അടിഞ്ഞുകൂടുകയും മഞ്ഞനിറം പ്രത്യക്ഷമാകുകയും ചെയ്യും. എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ട അവസ്ഥയാണിത്.

ഉദരത്തിലെ വേദന

വയറിനു മുകളില്‍ വലതുവശത്തായുണ്ടാകുന്ന വേദന കരള്‍ തകരാറിലാണെന്നതിന്‌റെ സൂചനയാണ്. ചെറിയ രീതിയില്‍ ആരംഭിച്ച് സ്ഥിരമായുള്ള അസഹനീയ വേദനയിലേക്ക് ഇത് മാറും.

തടിപ്പ്

വയര്‍, കാലുകള്‍, കണങ്കാല്‍ എന്നിവിടങ്ങളിലുണ്ടാകുന്ന തടിപ്പ് കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിന്‌റെ ഫലമായി ഫ്‌ലൂയിഡ് അടിഞ്ഞുകൂടി ഉണ്ടാകുന്നതാണ്.

ചര്‍മത്തിലെ ചൊറിച്ചില്‍

ചര്‍മത്തില്‍ സ്ഥിരമായുണ്ടാകുന്ന ചൊറിച്ചില്‍ കരളിന്‌റെ പ്രവര്‍ത്തനം തകരാറിലാണെന്നതിന്‌റെ സൂചനയാണ്. രക്തത്തില്‍ പിത്തരസം അടിഞ്ഞുകൂടുന്നതിന്‌റെ ഫലമാണ് ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍. കൈകളിലും കാല്‍പാദത്തിലുമാണ് ഇവ കൂടുതലും അനുഭവപ്പെടുക.

അസിഡിറ്റിയും നെഞ്ചെരിച്ചിലും

മഞ്ഞപ്പിത്തം, വയറുവേദന, തടിപ്പ് എന്നിവയ്‌ക്കൊപ്പം അസിഡിറ്റിയും നെഞ്ചെരിച്ചിലുമുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കരളിന്‌റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ദഹനത്തെ ബാധിക്കുകയും ഇത് അസിഡിറ്റിയും നെഞ്ചെരിച്ചിലും സൃഷ്ടിക്കുകയും ചെയ്യും.

രോഗനിര്‍ണയവും പ്രതിരോധവും

രക്തപരിശോധനകള്‍, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, അള്‍ട്രാസൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, ഫൈബ്രോ സ്‌കാന്‍, എന്‍ഡോസ്‌കോപ്പി, ബയോപ്സി മുതലായ പരിശോധനകളിലൂടെ കരള്‍ രോഗങ്ങള്‍ കണ്ടെത്താം.

മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പും കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക, അമിതഭാരം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കുക, തിളപ്പിച്ചാറ്റിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും ശീലമാക്കുക, ആഹാരത്തിനു മുമ്പും മലമൂത്ര വിസര്‍ജനശേഷവും ശുചിത്വം പാലിക്കുക, മറ്റുള്ളവര്‍ ഉപയോഗിച്ച ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവയിലൂടെ കരള്‍ രോഗങ്ങള്‍ പ്രതിരോധിക്കാനാകും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി