HEALTH

ലോക മലേറിയ ദിനം: ഇടവിട്ടുള്ള മഴ കൊതുകുജന്യ രോഗസാധ്യത കൂട്ടുന്നു; പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്

'കൂടുതല്‍ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം' എന്നതാണ് ഈ വര്‍ഷത്തെ ലോക മലേറിയ ദിനാചരണ സന്ദേശം

വെബ് ഡെസ്ക്

കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഏപ്രില്‍ 25 ലോക മലേറിയ ദിനമായി ആചരിക്കുന്നത്. ആഗോളതലത്തില്‍ മലമ്പനി നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കുന്നതിനും ദിനം ലക്ഷ്യമിടുന്നു. 'കൂടുതല്‍ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം' എന്നതാണ് ഈ വര്‍ഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശം.

ഗര്‍ഭിണികള്‍, കുഞ്ഞുങ്ങൾ, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. മലമ്പനി ചികിത്സിച്ചില്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുക എന്നിവയ്ക്ക് കാരണമാകും. മലമ്പനിക്ക് കൃത്യമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ കണ്ട് എത്രയും വേഗം ചികിത്സ തേടിയാല്‍ മലമ്പനി പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും.

അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. കൊതുക് കടിയേല്‍ക്കുന്നത് വഴിയും മലമ്പനിയുള്ള രോഗിയുടെ രക്തം സ്വീകരിക്കുന്നത് വഴിയും ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍നിന്ന് കുഞ്ഞിലേക്കും മലമ്പനി പകരുന്നു. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില്‍നിന്ന് രക്ഷനേടാം. ഇടവിട്ട് മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ