എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 ലോക ഒസ്റ്റിയോപൊറോസിസ് ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ എല്ലുകള്‍ അപകടങ്ങളില്ലാത്ത ഭാവി ഉണ്ടാക്കുമെന്ന അര്‍ഥത്തില്‍ 'ശക്തമായ എല്ലുകള്‍ വളര്‍ത്തിയെടുക്കൂ' എന്നതാണ് ഈ വര്‍ഷത്തെ ഒസ്റ്റിയോപൊറോസിസ് പ്രമേയം.
എല്ലുകള്‍ ദുര്‍ബലമാകുകയും ഒടിഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥയാണ് ഒസ്റ്റിയോപൊറോസിസ്. അപകടം സംഭവിക്കുന്നതുവരെയും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകില്ല. ചെറിയ ഒരു വീഴ്ചയോ നടക്കുമ്പോള്‍ ചരിവോ വരുമ്പോള്‍ ഒസ്റ്റിയോപൊറോസിസ് രോഗികളില്‍ എല്ലുകള്‍ ഒടിയുന്നതിനു കാരണമാകും.
പ്രായമായവരില്‍ ഒസ്റ്റിയോപൊറോസിസ് സാധ്യത കൂടുതലാണ്. മുതിര്‍ന്നവരിലുണ്ടാകുന്ന പൊട്ടലുകള്‍ക്കുള്ള പ്രധാന കാരണവും ഒസ്റ്റിയോപൊറോസസാണ്. ലക്ഷണങ്ങള്‍ പ്രകടമാകാത്തതുകൊണ്ടുതന്നെ പൊട്ടലും ഒടിവും ഒഴിവാക്കാന്‍ എല്ലുകളുടെ ആരോഗ്യത്തില്‍ അധികശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
50 വയസ്സ് പിന്നിട്ട മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്കും അഞ്ചില്‍ ഒരു പുരുഷനും ആഗോളതലത്തില്‍ ഒസ്റ്റിയോപൊറോസിസ് കാരണമുള്ള ഒടിവ് സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇത് പ്രായമായവരില്‍ തീവ്രവേദനയുടെയും ദീര്‍ഘകാല വൈകല്യത്തിന്റെയും പ്രധാന കാരണങ്ങളിലൊന്നായി മാറുന്നു. ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തതയും ചികിത്സാസൗകര്യങ്ങളുടെ അസൗകര്യതയും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയും കാരണം രോഗബാധിരായവരില്‍ വെറും 20 ശതമാനം മാത്രമാണ് ശരിയായ ചികിത്സ തേടുന്നത്.
പ്രായമായ സ്ത്രീകളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ത്തവവിരാമത്തിനുശേഷം 5-7 വര്‍ഷം കഴിയുന്നതോടെ സ്ത്രീകളിലെ എല്ലുകളുടെ സാന്ദ്രത കുറയാന്‍ തുടങ്ങും. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന കുറവ് എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിയാനുള്ള സാധ്യത കൂട്ടുന്നു. ശരീരത്തിന് കാത്സ്യം സ്വീകരിക്കാനുള്ള ശക്തി കുറയുന്നതും വിറ്റാമിന്‍ ഡിയുടെ കുറവും ഒസ്റ്റിയോപൊറോസിസിനുള്ള കാരണമാണ്.
എല്ലുകളുടെ ആരോഗ്യം എങ്ങനെ നിലനിര്‍ത്താം?
വ്യായാമം
എല്ലുകളെയും മസിലുകളെയും ശക്തിപ്പെടുത്താനുള്ള മസില്‍ സ്‌ട്രെങ്തനിങ്, ബാലന്‍സ് ട്രെയ്‌നിങ് വ്യായാമങ്ങള്‍ ശീലമാക്കാം.
പോഷകം
കാല്‍സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ നിങ്ങളുടെ ഡയറ്റില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
ജീവിതശൈലി
ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണം ഉള്‍പ്പെടുത്തി ശരിയായ ബോഡി മാസ് ഇന്‍ഡക്‌സ് നിലനിര്‍ത്തിയുള്ള ജീവിതശൈലി പിന്തുടരുക. പുകവലി, അമിത മദ്യപാനം എന്നിവ ഒഴിവാക്കുക.
ബോധവല്‍ക്കരണം
രോഗത്തെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടായാല്‍ ഉടന്‍ വിദഗ്‌ധോപദേശം സ്വീകരിക്കുക എന്നതും പ്രധാനമാണ്.
ഡയറ്റ് എങ്ങനെ ക്രമീകരിക്കാം?
കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ പോലെ കാല്‍സ്യം അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക
മാംസം പോലെ പ്രോട്ടീന്‍ ഭക്ഷണം കഴിക്കാം
ഫോസ്ഫറസ് സമൃദ്ധമായ ആഹാരം ശീലമാക്കാം
മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കാം
വിറ്റാമിന്‍ കെ ഡയറ്റില്‍ ഉറപ്പാക്കുക
ഓക്‌സലേറ്റുകള്‍ അടങ്ങിയ ചീര പോലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.