HEALTH

പക്ഷാഘാതത്തിനു മുമ്പുള്ള പ്രീ സ്ട്രോക്കിനെ അവഗണിക്കരുത്; എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക പ്രധാനം, ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

തലച്ചോറിലെ രക്തക്കുഴലുകളില്‍ എവിടെയെങ്കിലും തടസമുണ്ടാകുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്

വെബ് ഡെസ്ക്

ഇന്ന് ലോക പക്ഷാഘാത ദിനം. പക്ഷാഘാത പ്രതിരോധം, ചികിത്സ, രോഗത്തിനു ശേഷമുള്ള ജീവിതം എന്നിവയെക്കുറിച്ചുള്ള അവബോധം ലക്ഷ്യമിട്ടാണ് ലോക പക്ഷാഘാത ദിനം ആചരിക്കുന്നത്.

എന്താണ് പക്ഷാഘാതം?

തലച്ചോറിലെ രക്തക്കുഴലുകളില്‍ എവിടെയെങ്കിലും തടസമുണ്ടാകുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. ഇത് മൂന്നുതരമാണുള്ളത്.

1. ഇസ്‌കീമിക് സ്‌ട്രോക്

രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ബ്ലോക്കാകുന്നതുകൊണ്ടുണ്ടാകുന്നതാണ് ഇസ്‌കീമിക് സ്‌ട്രോക്. ഇതാണ് വളരെ സാധാരണമായി കാണപ്പെടുന്നത്.

2. ഹെമറേജിക് സ്‌ട്രോക്

രക്തസമ്മര്‍ദം കൂടി രക്തക്കുഴലുകള്‍ പൊട്ടി ഉണ്ടാകുന്നു.

3. എംബോളിക് സ്‌ട്രോക്

ഹൃദയത്തിലോ കാലിലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ ക്ലോട്ട് ഉണ്ടെങ്കില്‍ അത് തലച്ചോറില്‍ ചെന്ന് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കുന്നവയാണ് എംബോളിക് സ്‌ട്രോക്.

എന്തുകൊണ്ട് സ്ട്രോക്ക്?

60 വയസ് കഴിഞ്ഞവരിലാണ് സ്‌ട്രോക് സാധാരണ കാണുന്നത്. ഈ പ്രായം ആകുമ്പോഴേക്കും രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകാറുണ്ട്. എന്നാലിപ്പോള്‍ 30 വയസുള്ളവരിലും പക്ഷാഘാതം കണ്ടുതുടങ്ങിയിട്ടുണ്ട്. അമിഭാരവും ആരോഗ്യകരമല്ലാത്ത ജീവിതരീതി പിന്തുടരുന്നതുമാണ് ഇതിനുള്ള പ്രധാനകാരണം. ഇതിനൊപ്പം അനിയന്ത്രിതമായ രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മയക്കുമരുന്ന് ഉപയോഗം, കൂടിയ കൊളസ്‌ട്രോള്‍, ശാരീരികപ്രവര്‍ത്തനങ്ങളുടെ കുറവ് എന്നിവയെല്ലാം അപകടസാധ്യത കൂട്ടുന്നു. ഇപ്പോഴത്തെ ജോലിയുടെ ഭാഗമായുള്ള കടുത്ത സ്‌ട്രെസും യുവാക്കളിലെ സ്ട്രോക്കിനു പിന്നിലെ പ്രധാന കാരണമാണ്.

അവഗണിക്കരുത് പ്രീ സ്ട്രോക്കിനെ

50 ശതമാനം ആളുകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഒരു സ്‌ട്രോക്ക് അവരുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും അനുഭവപ്പെട്ടേക്കാം. ചെറുതായി ബലക്കുറവ് അനുഭവപ്പെടുക, നാക്ക് കുഴയുക പോലുള്ള ലക്ഷണങ്ങള്‍ വരുകയും മിനുറ്റുകള്‍ക്കുള്ളില്‍ ഇത് അപ്രത്യക്ഷമാകുകയും ചെയ്യുന്ന പ്രീ സ്‌ട്രോക്ക് (ട്രാന്‍സിയന്റ് ഇസ്‌കീമിക് അറ്റാക്ക്) ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ഗുരുതരമായ സ്‌ട്രോക്കിന്റെ ഏറ്റവും ചെറിയ രൂപമാണ്. സാധാരണയായി ഒരുപാട് പേരില്‍ ഇത് പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പലപ്പോഴും ആളുകള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ തുടങ്ങി മരണത്തിലേക്കുവരെ നയിക്കുന്ന ഗുരുതരമായ സ്‌ട്രോക്കുകളുണ്ട്. മുതിര്‍ന്നവരില്‍ ഒരു 10-15 ശതമാനം പേരിലും ഇതു കാണാന്‍ സാധിക്കും.

ട്രാന്‍സിയന്റ് ഇസ്‌കീമിക് സ്‌ട്രോക് വന്നവരില്‍ പിന്നീട് സ്‌ട്രോക് വരാനുള്ള സാധ്യത അധികമാണ്. ഇവര്‍ ശരിയായ മാര്‍ഗനിര്‍ദേശം സ്വീകരിച്ച് രക്തക്കുഴലില്‍ എവിടെയാണ് തടസമെന്ന് മനസ്സിലാക്കി ചികിത്സയെടുക്കണം. ഇത് ശരിക്കും ഒരു മുന്‍കൂര്‍ സൂചനയാണ്. ഗുരുതരമായുള്ള തടസമാണെങ്കില്‍ സ്റ്റെന്റ് ഇട്ട് രക്തക്കുഴലുകളെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി കൊണ്ടുവരണം. ചിലപ്പോള്‍ ശസ്ത്രക്രിയ പോലുള്ളവയും വേണ്ടിവന്നേക്കാം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

മസ്തിഷകത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ഗൗരവമായെടുക്കണം. ഒരു ഭാഗത്തെ കൈക്കോ കാലിനോ മരവിപ്പ്, തളര്‍ച്ച, ചുണ്ട് കോടിപ്പോകുക, സംസാരിക്കുമ്പോള്‍ കുഴഞ്ഞുപോകുക തുടങ്ങിയവയാണ് സാധരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഇതിനെയാണ് FASTഎന്നു പറയുന്നത്.

Face: മുഖം കോടുക

Arm Weakness: പെട്ടെന്നുണ്ടാകുന്ന, കൈകാലുകളുടെ തളര്‍ച്ച, മരവിപ്പ്

Speech: സംസാരിക്കുന്നതിലുണ്ടാവുന്ന ബുദ്ധിമുട്ട്

Time to Act: എത്രയും വേഗത്തില്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കുക.

തലച്ചോറിലെ ഏതു ഭാഗത്താണോ ബ്ലോക്ക് വരുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനം കുറയും. തലകറക്കം, കാഴ്ചയില്‍ മങ്ങല്‍, കേള്‍വിക്കുറവ്, നടക്കാന്‍ ബുദ്ധിമുട്ട് ഇങ്ങനെയൊക്കെ തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. ഈ ലക്ഷണങ്ങളെല്ലാം പ്രകടമാകുകയാണെങ്കില്‍ ഡോക്ടറെ കണ്ട് സ്ട്രോക്കിന്റെ ലക്ഷണമണോയെന്ന് സ്ഥിരീകരിക്കണം.

സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയെ എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കണം. ബ്ലോക്ക് വന്നാല്‍ ധമനികളില്‍ തുടര്‍ച്ചയായി തകരാറ് സംഭവിച്ചുകൊണ്ടിരിക്കും. തലച്ചോറിലെ ഞരമ്പുകളില്‍ തകരാറ് വന്നാല്‍ അത് സ്ഥായിയാണ്.

ആദ്യത്തെ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ തുടങ്ങിയിരിക്കണം. എത്രയും നേരത്തെ രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നുവോ അതനുസരിച്ച് രോഗിക്കുണ്ടാകുന്ന ആഘാതവും കുറഞ്ഞിരിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം