HEALTH

കരുതലുണ്ടെങ്കിൽ ജന്തുജന്യ രോഗങ്ങൾ തടയാം

ജൂലൈ ആറ് ലോക സൂനോസിസ് ദിനം

വെബ് ഡെസ്ക്

പ്രശസ്ത ഫ്രഞ്ച് ജീവ ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ പേവിഷ ബാധയ്ക്കുള്ള റാബിസ് വാക്സിൻ കണ്ടു പിടിച്ചത് 1885, ജൂലൈ ആറിനാണ്. അതിന്റെ ഓർമദിനമായിട്ടാണ് എല്ലാ വർഷവും ജൂലൈ ആറ് ലോക സൂനോസിസ് ദിനം ആചരിക്കുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങളെയാണ് സൂനോസിസ് (ജന്തുജന്യരോഗം) എന്ന് പറയുന്നത്. ഇത്തരം രോഗങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശ്രദ്ധ നൽകാനുമാണ് സൂനോസിസ് ദിനം ആചരിക്കുന്നത്.

എന്താണ് സൂനോട്ടിക് അസുഖം ?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അണുബാധയെയാണ് സൂനോട്ടിക് രോഗങ്ങൾ എന്ന് പറയുന്നത്. വിവിധ പഠനങ്ങൾ പ്രകാരം മനുഷ്യരിൽ ബാധിക്കുന്ന ഒട്ടുമിക്ക അസുഖങ്ങളുടെയും ആരംഭം മൃഗങ്ങളിൽ നിന്നാണ്. മൃഗങ്ങളിൽ നിന്നോ പ്രാണികളിൽ നിന്നോ മനുഷ്യരിലേക്ക് കടക്കാൻ കഴിവുള്ള വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ രോഗമുണ്ടാക്കാം.

എന്നാൽ എല്ലാവരുടെയും ഇഷ്ട മൃഗമായ നായകളാണ് അസുഖങ്ങളുടെ പ്രധാന വാഹകരായി പ്രവർത്തിക്കുന്നത്. നായകൾ വഴി മനുഷ്യരിലേക്ക് പടരുന്ന ചില സൂനോട്ടിക് അസുഖങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

റാബിസ്

നായ്ക്കളിൽ സാധാരണയായി കാണപ്പെടുന്ന സൂനോട്ടിക് രോഗമാണ് റാബിസ്. റാബിസ് ബാധിച്ച മൃഗങ്ങൾ കടിക്കുന്നത് വഴി മനുഷ്യർക്ക് പേവിഷ ബാധയേൽക്കാനുള്ള സാധ്യത കൂടുന്നു. കൃത്യമായ കുത്തിവയ്പ് എടുക്കുന്നത് വഴി മൃഗങ്ങൾക്ക് പേവിഷ ബാധ വരാതെ തടയാൻ സാധിക്കും. ആക്രമണോത്സുകത, പക്ഷാഘാതം, ശ്വാസംമുട്ടൽ, പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് പേവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ.

എലിപ്പനി

എലിക്ക് പുറമെ കന്നുകാലികളും നായകളും എലിപ്പനിയുടെ പ്രധാന വാഹകരാണ്. ലെപ്‌റ്റോസ്‌പൈറ വർഗത്തിൽപ്പെട്ട ബാക്ടീരിയായ ലെപ്‌റ്റോസ്‌പൈറോസിസാണ് എലിപ്പനിക്ക് കാരണമാകുന്നത്. മൂത്രം, മലിനമായ വെള്ളം എന്നിവ വഴിയാണ് നായകളിൽ ബാക്ടീരിയ പ്രവേശിക്കുക. എലിപ്പനി ബാധയിലൂടെ തകരാറിലാകുന്ന അവയവങ്ങളാണ് വൃക്കയും കരളും. നേരിയ പനിയും അവയവങ്ങളുടെ തകരാറുമാണ് പ്രാഥമിക ലക്ഷണങ്ങൾ. ശുചിത്വവും കൃത്യ സമയത്ത് വാക്സിനേഷനും സ്വീകരിക്കുന്നത് വഴി എലിപ്പനി തടയാൻ സാധിക്കും.

ലൈം രോഗം

ബൊറേലിയ ബർഗ്ഡോറിയൻ എന്ന ബാക്ടീരിയയാണ് ലൈം രോഗത്തിന് കാരണം. ചെള്ളുകളിലാണ് പൊതുവെ ഈ ബാക്ടീരിയ കാണപ്പെടുന്നത്. രോഗ ബാധിതരായ ചെള്ളുകൾ നായകളെ കടിക്കുന്നത് വഴിയാണ് അസുഖം നായകൾക്കും പടരുന്നത്. ലക്ഷണങ്ങൾ പൊതുവെ നായകൾ പ്രകടിപ്പിക്കാറില്ലെങ്കിലും വാഹകരായി പ്രവർത്തിച്ച് മനുഷ്യരിലേക്ക് അസുഖം വേഗം പടരാൻ ഇടയാക്കുന്നു. രോഗം ബാധിച്ച മനുഷ്യരിൽ സന്ധി വേദന, പനി, ക്ഷീണം, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പ്രകടമാകും.

പുഴുക്കടി

മനുഷ്യരുടെയും നായകളുടെയും നഖങ്ങൾ, മുടി, ചർമ്മം എന്നിവയെ പ്രാഥമികമായി ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയാണ് പുഴുക്കടി. വൃത്തിഹീനമായ സാഹചര്യങ്ങൾ, രോഗബാധിതരായ വ്യക്തികൾ എന്നിവരുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്. അസുഖം ബാധിച്ച നായകളിൽ ചുവന്ന വൃത്താകൃതിയിൽ രോമം പിഴിച്ചിൽ കാണപ്പെടും. മനുഷ്യർക്കും നായകൾക്കും സാധാരണയായി ആൻറി ഫംഗൽ മരുന്നുകളാണ് നിർദേശിക്കുക.

സാൽമൊണെല്ലോസിസ്

സാൽമൊണെല്ല ബാക്ടീരിയയാണ് അസുഖത്തിന് കാരണം. രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ വൃത്തിഹീനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് നായകൾക്ക് സാൽമൊണെല്ലോസിസ് ബാധിക്കുക. രോഗം ബാധിച്ച നായകളുടെ മലത്തിലാണ് ബാക്ടീരിയ അടങ്ങിയിരിക്കുന്നത്. വയറുവേദന, വയറിളക്കം, പനി, ഛർദ്ദി എന്നിവയാണ് രോഗബാധിതരായ നായ്ക്കളിൽ സാധാരണയായി കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ.

നായകൾ എല്ലാവർക്കും പ്രിയപ്പെട്ട മൃഗം ആണെങ്കിലും അവയ്ക്ക് ശുചിത്വവും ആരോഗ്യകരവുമായ ജീവിതം നൽകി അസുഖം വരാതെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണ്. അത് വഴി മനുഷ്യരിലേയ്ക്ക് അസുഖം പടരുന്നതും തടയാം. അതിനു വേണ്ടി നിരന്തരമായ പരിശോധനകൾ നടത്തി പ്രതിരോധ കുത്തിവയ്‌പുകൾ എടുക്കുക.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷം കടന്നു, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ