HEALTH

ദന്തപ്രശ്‌നങ്ങളെക്കുറിച്ച് ഇനി ആശങ്ക വേണ്ട; പല്ലുകള്‍ പുനരുജ്ജീവിപ്പിക്കുന്ന മരുന്നുമായി ഗവേഷകര്‍

വെബ് ഡെസ്ക്

പല്ലുകള്‍ ഒരു ആശങ്കാജനകമായ വിഷയമാണ്. പല്ലിനുണ്ടാകുന്ന പോടും കേടുപാടുകളും വേദനയും പുളിപ്പുമെല്ലാം ആശങ്കയിലാക്കുന്ന വിഷയങ്ങള്‍തന്നെ. കാരണം ഒരു പല്ലിന് എന്തെങ്കിലും സംഭവിച്ചാല്‍ പകരം കൃത്രിമമായി പല്ല് നിര്‍മിച്ചെടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നതുതന്നെ. എന്നാല്‍ ഇപ്പോള്‍ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. കേടായ പല്ലിനു പകരം പല്ല് വീണ്ടും വളര്‍ത്തുന്ന മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകസംഘം.

ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു മരുന്നെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മനുഷ്യരുടെ പല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ മരുന്നിന്‌റെ പ്രത്യേകത. കുഞ്ഞുങ്ങളില്‍ പാല്‍പ്പല്ല് കൊഴിഞ്ഞുപോയി പുതിയ പല്ല് വരും. എന്നാല്‍ മുതിര്‍ന്നശേഷം നഷ്ടപ്പെട്ടുപോകുന്ന പല്ലിന് ഡെന്‌റല്‍ ഇംപ്ലാന്‌റ് പോലുള്ള ചികിത്സാരീതികളല്ലാതെ പുനരുജ്ജീവിപ്പിക്കുന്ന മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഇതിലെല്ലാം കൃത്രിമ മാര്‍ഗത്തിലൂടെ പല്ല് നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. പുതിയ മരുന്ന് ഉപയോഗിച്ച് സ്ഥിരമായ പല്ലുകള്‍ നഷ്ടമാകാതെ അതുതന്നെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശ വാദം.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ പല്ല് പുനരുജ്ജീവിപ്പിക്കാനുള്ള പരീക്ഷണം ആരംഭിച്ചാല്‍ 2030 ഓടെ വാണിജ്യപരമായി മരുന്നുകള്‍ ലഭ്യമായേക്കാം. മൃഗങ്ങളില്‍ മരുന്ന് വിജയകരമായി പരീക്ഷിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാം.

2024 സെപ്റ്റംബര്‍ മുതല്‍ 2025 ഓഗസ്റ്റ് വരെ ക്യോട്ടോ യൂണിവേഴ്‌സി ഹോസ്പിറ്റലിലാകും പരീക്ഷണങ്ങള്‍ നടക്കുക. ഏറ്റവും കുറഞ്ഞത് ഒരു പല്ലെങ്കിലും നഷ്ടമായ 30നും 64നും ഇടയിലുള്ള പുരുഷന്‍മാരാകും പരീക്ഷണത്തില്‍ പങ്കാളികളാകുക. ട്രയല്‍ രീതി ഞരമ്പുകളിലൂടെ പ്രയോഗിക്കുന്ന തരത്തിലാകും. മനുഷ്യരുടെ പല്ലുകളില്‍ ഇതിന്‌റെ ഫലപ്രാപ്തിക്കായി മരുന്ന് വിലയിരുത്തും. എലികളില്‍ പല്ലുകള്‍ വിജയകരമായി വളര്‍ത്താന്‍ ഇതിനു കഴിഞ്ഞിരുന്നു. ഇവയില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തതുമില്ല.

'പല്ല് നഷ്ടപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ശാശ്വത രോഗശമനം നല്‍കുന്ന ചികിത്സ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും പല്ലുകളെക്കുറിച്ചുള്ള ആളുകളുടെ പ്രതീക്ഷകള്‍ കൂടുതലാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു-' ഗവേഷണത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളും കിറ്റാനോ ഹോസ്പിറ്റല്‍ ഓറല്‍ സര്‍ജറി ആന്‍ഡ് ഡെന്‌റിസ്ട്രി ഹെഡുമായ കത്‌സു തകഹാഷി പറയുന്നു.

11 മാസം നീണ്ടുനില്‍ക്കുന്ന ആദ്യഘട്ട പരീക്ഷണത്തിനുശേഷം ഏറ്റവും കുറഞ്ഞത് നാല് പല്ലുകളെങ്കിലും നഷ്ടമായ രണ്ടിനും ഏഴ് വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ പരീക്ഷണം നടത്താനാണ് ആഗ്രഹിക്കുന്നത്. കാരണം ഇവര്‍ ജന്‍മനാ പല്ലിന് വൈകല്യമുള്ളവരായിരിക്കാം- ഗവേഷകര്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും