സാമൂഹിക വേര്‍തിരിവും സാമ്പത്തിക ബാധ്യതയും കാരണം ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിതരായ പെണ്‍കുട്ടികള്‍ക്ക് രോഗനിര്‍ണയവും ചികിത്സയും ലഭിക്കാതെ പോകുന്നതായി ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്)പഠനം. ചെന്നൈയും ഡല്‍ഹിയും കേന്ദ്രീകരിച്ച് ക്യാന്‍സർ ബാധിതരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഡല്‍ഹിയില്‍ ക്യാന്‍സര്‍ ബാധിതരായ രണ്ട് ആണ്‍കുട്ടികള്‍ ചികിത്സയ്ക്ക് വിധേയരാകുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് മാത്രമാണ് ചികിത്സ ലഭിക്കുന്നതെന്നാണ് കണ്ടെത്തല്‍. ചെന്നൈയിലാകട്ടെ, 1.44 ആൺകുട്ടികള്‍ക്ക് ചികിത്സ ലഭിക്കുമ്പോള്‍ ഒരു പെൺകുട്ടിയാണ് ചികിത്സയ്ക്ക് വിധേയയാകുന്നത്.
ജനസംഖ്യാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ക്യാൻസർ രജിസ്ട്രികളില്‍ (പിബിസിആര്‍) നിന്നും ക്യാന്‍സർ സെന്ററുകളില്‍ നിന്നുമുള്ള വിവരങ്ങളാണ് പഠനത്തിന്റെ അടിസ്ഥാനം. രജിസ്ട്രിയിലെ 11,000 കുട്ടികളെയും മൂന്ന് കാന്‍സർ സെന്ററുകളിലെ 22,000 കുട്ടികളെയുമാണ് പഠനവിധേയമാക്കിയത്. പഠനത്തില്‍ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആകെ അനുപാതം 2.06 എന്ന നിലയ്ക്കാണ്. ഇന്ത്യയിലെ അനുപാതം 1.6 ആണെങ്കില്‍, യുഎസ്എ, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ യഥാക്രമം 1.1 , 1.2 ഉം ആണെന്നാണ് പഠനത്തിലൂടെ വ്യക്തമായത്.
ഇന്ത്യയിലെ ആൺ-പെൺ അനുപാതം 1.6 ആണെങ്കില്‍, യുഎസ്എ, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ യഥാക്രമം 1.1 , 1.2 ഉം ആണ്
ഇന്ത്യയില്‍ ഓരോ വര്‍ഷവും 75,000 കുട്ടികളിലാണ് അര്‍ബുദ രോഗം സ്ഥിരീകരിക്കുന്നത്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ക്യാന്‍സര്‍ സെന്ററുകളില്‍ ചികിത്സയ്‌ക്കെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണെന്നും പഠനം പറയുന്നു. ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും കണക്കിലും ചികിത്സയ്‌ക്കെത്തുന്നതില്‍ ആൺ-പെൺ അനുപാതത്തില്‍ വ്യത്യാസമുണ്ടെന്നും പഠനം പറയുന്നു.
ലിംഗ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ക്യാന്‍സര്‍ ചികിത്സയില്‍ കുടുംബങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ബാല്യകാല അര്‍ബുദ രോഗ പരിചരണത്തിന് വേർതിരിവ് ഒഴിവാക്കാന്‍ കഴിയുമെന്ന് ദ ലാന്‍സറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ ഗവേഷകർ വ്യക്തമാക്കി. എയിംസിലെ ഡോ ബി ആര്‍ അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാന്‍സര്‍ ആശുപത്രി, രാജീവ് ഗാന്ധി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂഡല്‍ഹി വുമണ്‍സ് ഇന്ത്യന്‍ അസോസിയേഷന്‍,ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.