ആര്‍ട്ടിക് പ്രദേശങ്ങളിലും മറ്റ് സ്ഥലങ്ങളിലും മഞ്ഞുപാളികള്‍ക്കും മണ്ണിനടിയിലുമുള്ള വൈറസുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍. ഉത്തരധ്രുവത്തിലെ പെര്‍മാഫ്രോസ്റ്റ് ഉരുകുന്നത് 'സോംബി വൈറസുകള്‍' പുറത്തുവിടുകയും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതാപനം മൂലമുള്ള താപനില ഉയരുന്നതിന്‌റെ ഫലമായി തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ ഉരുകാന്‍ തുടങ്ങിയത് ഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വൈറസുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ വര്‍ഷം സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് എടുത്ത സാമ്പിളുകളില്‍ നിന്ന് അവയില്‍ ചിലത് ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചിരുന്നു. ഈ വൈറസുകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മണ്ണിനടയില്‍ നിശ്ചലമായിരിക്കുന്നവയാണ്.
മനുഷ്യരെ ബാധിക്കാനും ഒരു പുതിയ രോഗത്തിനു കാരണകാവുന്നതുമായ വൈറസുകളുടെ സാധ്യത ഉള്ളതായി Aix-Marseille യൂണിവേഴ്സിറ്റിയിലെ ജനിതക ശാസ്ത്രജ്ഞന്‍ ജീന്‍-മൈക്കല്‍ ക്ലേവറി പറയുന്നു. തെക്കന്‍പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്നേക്കാവുന്ന രോഗങ്ങളിലാണ് മഹാമാരി ഭീഷണികളുടെ വിശകലനം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ വടക്കന്‍ പ്രദേശങ്ങളിലും പെട്ടെന്ന് പൊട്ടിപ്പുറപ്പെടാവുന്ന രോഗത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഭൂമിയുടെ ഉപരിതലത്തിലോ മണ്ണിനടിയിലോ ഇവ നിശ്ചലമായി കിടക്കുമെന്ന് കരുതുന്നില്ലെന്നും പെട്ടെന്ന് രോഗം പൊട്ടിപ്പുറപ്പെടാന്‍ പ്രാപ്തിയുള്ള ഒരു രോഗാണു ഉണ്ടാകാനുള്ള അപകടസാധ്യതയുണ്ടെന്ന് മനസിലാക്കുന്നെന്നും റോട്ടര്‍ഡാമിലെ ഇറാസ്മസ് മെഡിക്കല്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ മരിയോണ്‍ കൂപ്മാന്‍സ് പറയുന്നു. മണ്ണിനടിയില്‍ എന്തെല്ലാം വൈറസുകളാണ് ഉള്ളതെന്ന് അറിയില്ല. മുന്‍പുണ്ടായ പോളിയോ പോലെ ഒരു ഔട്ട് ബ്രേക്ക് പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങളായി മണ്ണിനടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴുള്ള വൈറസുകള്‍ ഏകകോശ ജീവികളെ ബാധിക്കുമെന്ന് 2014-ല്‍ സൈബീരിയ ക്ലാവെറിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഏഴ് വ്യത്യസ്ത സൈബീരിയന്‍ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി വൈറസ് വകഭേദങ്ങള്‍ക്ക് കോശങ്ങളില്‍ അണുബാധയ്ക്കുള്ള സാധ്യത കണ്ടെത്തിയിരുന്നു. 48,500 വര്‍ഷം പഴക്കമുള്ളതായിരുന്നു ഒരു വൈറസ് സാമ്പിള്‍.
'ഞങ്ങള്‍ വേര്‍തിരിച്ചെടുത്ത വൈറസുകള്‍ക്ക് അമീബയെ ബാധിക്കാന്‍ മാത്രമേ കഴിയൂ, മനുഷ്യര്‍ക്ക് ഒരു അപകടസാധ്യതയുമില്ല. എന്നിരുന്നാലും പെര്‍മാഫ്രോസ്റ്റിലുള്ള മറ്റ് വൈറസുകള്‍ക്ക് മനുഷ്യരില്‍ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കില്ല എന്ന് അര്‍ഥമാക്കുന്നില്ല. മനുഷ്യ രോഗകാരികളായ പോക്‌സ് വൈറസുകളും ഹെര്‍പ്പസ് വൈറസുകളും ഇതിന് ഉദാഹരണമാണ്,' മിസ് ക്ലേവറി പറഞ്ഞു.