ക്ഷീണിച്ചിരിക്കുമ്പോൾ ഒരു കപ്പ് ചൂടുകാപ്പി ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാപ്പി കുടിക്കുമ്പോള്‍ മിക്കവർക്കും ഊർജവും ഏകാഗ്രതയും അനുഭവപ്പെടുമെന്നതാണ് അതിന് കാരണം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നതെന്നാണ് ഇത്രയും കാലം കാപ്പിപ്രേമികളും ഗവേഷകരും കരുതിയിരുന്നത്. എന്നാല്‍ കഫീനല്ല, കാപ്പികുടിച്ചാൽ കൂടുതല്‍ ഊര്‍ജസ്വലരാകാന്‍ സാധിക്കുമെന്ന ചിന്തയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പോർച്ചുഗലിലെ മിന്‍ഹോ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ.
പ്രതിദിനം കുറഞ്ഞത് ഒരു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. പഠനത്തിന് മുമ്പ് മൂന്ന് മണിക്കൂറെങ്കിലും കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന് ഇവർക്ക് നിർദേശം നൽകി. ഗവേഷണത്തിന്റെ ഭാഗമായ ആളുകളുടെ വിവരങ്ങൾ അഭിമുഖങ്ങളിലൂടെ ശേഖരിക്കുകയും അവരുടെ മസ്തിഷ്ക പ്രവർത്തനത്തിന്റെ എംആര്‍ഐ (എഫ്എംആര്‍ഐ) സ്‌കാനിങ്ങിനും ശേഷമാണ് പഠനം ആരംഭിച്ചത്. സ്‌കാന്‍ ചെയ്യുമ്പോള്‍ ഓരോരുത്തർക്കും വിശ്രമമാണ് നിർദേശിച്ചത്. അവരോടെല്ലാം കാപ്പി കുടിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കാനും ആവശ്യപ്പെട്ടു.
കാപ്പി കുടിക്കുന്നവരുടെ പ്രവർത്തനം, വൈജ്ഞാനിക നിയന്ത്രണം, ലക്ഷ്യബോധമുള്ള പെരുമാറ്റം എന്നിവ പരിശോധിക്കാനുള്ള അഭിമുഖങ്ങളും നടത്തിയിരുന്നു. കാപ്പിയുടെ പ്രത്യേക മണവും രുചിയും നൽകുന്ന പ്രതീക്ഷയാണ് മിക്കവരിലും കണ്ടെത്താനായത്.