പൂക്കള്‍ 
LIFESTYLE

പൂക്കളെ നോക്കൂ... മാനസിക സമ്മര്‍ദ്ദം അതിജീവിക്കാം

പൂക്കളുടെ നിറവും, മണവും മനുഷ്യരുടെ മനസില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്

ശ്രീരന്യ പി

ഓണക്കാലം പൂക്കളുടെ കാലമാണ്. നമ്മുടെ ആഘോഷങ്ങളില്‍ പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന കാലം. വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങള്‍ കാണുന്നതുതന്നെ മനസ് കുളിര്‍പ്പിക്കും. എന്നാല്‍ അതിനപ്പുറം, പൂക്കള്‍ മനുഷ്യന്റെ മനസിലും ശരീരത്തിലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? പുതിയകാലത്ത് മനുഷ്യനെ ഏറെ അലട്ടുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുന്നതില്‍ പൂക്കള്‍ക്ക് വലിയ പങ്കുണ്ട്. പൂക്കളുടെ നിറവും, മണവും മനുഷ്യരുടെ മനസില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു പൂവ് കാണുമ്പോള്‍, നാം അറിയാതെ തന്നെ അത് നമ്മുടെ മനസുകളില്‍ പോസിറ്റീവ് എനര്‍ജി പകരുമെന്ന് സാരം.

ഭംഗിയേറിയ പൂവ് കണ്ടാല്‍, അതൊന്ന് നോക്കാത്തവരോ മണക്കാത്തവരോ ആയി ആരും കാണില്ല. പൂക്കളുമായുള്ള മനുഷ്യന്റെ ബന്ധത്തിന് അവന്റെ ഉല്‍പ്പത്തിയോളം പഴക്കമുണ്ടെന്ന് പറയാം. പൂവ് ചൂടുന്നവരും, പൂക്കളെ പരിപാലിക്കുന്നവരും തുടങ്ങി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമായി പൂക്കള്‍ ഉപയോഗിക്കുന്നവര്‍ വരെ അത് നീളുന്നു. ഓരോ വ്യക്തിയും നിത്യജീവിതത്തില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍, മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ പൂക്കളുമായി തുടങ്ങിയ ബന്ധം അവനെ സഹായിക്കുന്നുണ്ട്. മാനസികാരോഗ്യം വര്‍ധിപ്പിക്കാനും ചികിത്സാരീതി എന്ന നിലയിലും ആധുനിക വൈദ്യശാസ്ത്രം ഫലപ്രദമായി ഉപയോഗിക്കുന്ന മാര്‍ഗം കൂടിയാണ് പൂന്തോട്ട പരിപാലനം.

പൂന്തോട്ട പരിപാലനം എങ്ങനെയാണ് ചികിത്സാരീതിയാവുന്നത്?

പല നിറത്തിലുളള പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന തോട്ടങ്ങള്‍ കാണുമ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കപ്പെടുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പൂക്കളുടെ വ്യത്യസ്ത നിറങ്ങള്‍ കാണുമ്പോള്‍ തലച്ചോറിനുണ്ടാകുന്ന ഉദ്ദീപനമാണ് അത്തരമൊരു മാറ്റത്തിന് കാരണമെന്നാണ് ശാസ്ത്രീയ വിശദീകരണം. ഭംഗി ആസ്വദിക്കുന്നതിനപ്പുറം വിവിധ നിറത്തിലുളള പൂക്കളെ കാണുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ പോസിറ്റീവായ ഊര്‍ജം നമ്മളിലേക്ക് എത്തും. ഇത്തരത്തില്‍, മനുഷ്യ മനസിന്റെ വികാരവിചാരങ്ങളെ പോസിറ്റീവായി സ്വാധീനിക്കാന്‍ പൂന്തോട്ട പരിപാലനത്തിന് കഴിയുമെന്നാണ് അമേരിക്കന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി അസോസിയേഷന്റെ പഠനം.

കുഞ്ഞുങ്ങളും പൂക്കളും

പൂവ് വിരിയുന്നതുപോലെയാണ് ഓരോ കുഞ്ഞിന്റെയും മനസിലെ ചിന്തകള്‍ കടന്നുപോകുന്നത്. അത്രത്തോളം മൃദുലവും ലളിതവുമാണ് അവരുടെ വിചാരങ്ങള്‍. അതുകൊണ്ടാണ് മാതാപിതാക്കളുടെയോ മുതിര്‍ന്നവരുടെയോ നിസാര വാക്കുകള്‍ പോലും അവരെ മുറിവേല്‍പ്പിക്കുന്നത്. കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കേണ്ടിവന്ന മാനസിക, ശാരീരിക സമ്മര്‍ദ്ദം ചെറുതായിരുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നു. അക്രമവാസന, പെട്ടെന്ന് ദേഷ്യം വരിക എന്നിങ്ങനെ മാറ്റങ്ങള്‍ പല കുട്ടികളിലും പ്രകടമായിരുന്നു. അതിനെ ചെറുക്കാന്‍ വിദ്യാലയങ്ങളില്‍ തുടക്കമിട്ട പൂന്തോട്ട പരിപാലനത്തിന് സാധിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ പഠനം കണ്ടെത്തുന്നത്. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നവരാണ് കുഞ്ഞുങ്ങള്‍. അവരുടെ മാനസിക വളര്‍ച്ചയ്ക്ക് സഹായകമാകുന്നതും സന്തോഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ചുറ്റും നടക്കുമ്പോള്‍, അത് അവരില്‍ പോസിറ്റീവായ ഊര്‍ജമാണ് പകരുന്നത്.

പൂക്കളും മാനസിക സംതൃപ്തിയും

പൂക്കളുടെ സാന്നിധ്യം മാനസികാവസ്ഥയെ നല്ല രീതിയില്‍ മാറ്റുമെന്നാണ് അമേരിക്കയിലെ റട്ട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ പഠനം വ്യക്തമാക്കുന്നത്. മാനസികാരോഗ്യത്തെ ശക്തപ്പെടുത്തുന്നതില്‍ പൂക്കള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും 'പൂക്കളും മനുഷ്യന്റെ മാനസിക സംതൃപ്തിയും' എന്ന വിഷയത്തില്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഗവേഷക സംഘം ഇത്തരമൊരു കണ്ടെത്തലില്‍ എത്തിയത്. പൂക്കള്‍ നല്‍കിയതിനെത്തുടര്‍ന്ന് പല പ്രായത്തില്‍പ്പെട്ടവരിലും സന്തോഷം, ആശ്ചര്യം എന്നിങ്ങനെ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടായെന്ന് പഠനം പറയുന്നു. പത്ത് മാസത്തെ പഠനത്തില്‍ സ്ഥിരമായി പൂക്കളുമായി അടുപ്പം നിലനിര്‍ത്തുന്നവരില്‍ മാനസിക സമ്മര്‍ദ്ദം കുറഞ്ഞതായും സംതൃപ്തമായ ജീവിത നിലവാരം പുലര്‍ത്തുന്നതായും കാണപ്പെട്ടു. പൂക്കള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെ, സന്തോഷകരമായ ബന്ധം കൂടുതല്‍നാള്‍ നിലനില്‍ക്കുന്നതായും കണ്ടെത്തി.

പൂക്കളുടെ നിറങ്ങള്‍ എങ്ങനെ മനസിനെ സ്വാധീനിക്കുന്നു?

ഓരോ നിറവും പല തരത്തിലാണ് മനുഷ്യ മനസുകളെ സ്വാധീനിക്കുന്നത്. പൂക്കളുടെ നിറത്തിന്റെ കാര്യത്തിലും അത് ബാധകമാണ്.

ചുവപ്പ്: സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും വര്‍ണ്ണമായാണ് ചുവപ്പ് അറിയപ്പെടുന്നത്. എന്നാല്‍, ചുവന്ന നിറമുള്ള പൂക്കള്‍ കാണുന്നത് മനുഷ്യശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഉണര്‍വ്വ് പകരും.

വയലറ്റ്: മനസില്‍ ശാന്തത പടര്‍ത്തുന്ന നിറമാണ് വയലറ്റ്. സര്‍ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വയലറ്റ് പൂക്കള്‍ സഹായിക്കുന്നു.

മഞ്ഞ: മനശാസ്ത്രപരമായി മഞ്ഞ പൂക്കള്‍ സന്തോഷത്തിന്റെ നിറമാണ്. സൂര്യപ്രകാശത്തിന് സമാനമായ നിറം ആശയവിനിമയം കൂട്ടാനും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

ഓറഞ്ച്: ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ ഓറഞ്ച് പൂക്കള്‍ സഹായിക്കുന്നു.

നീല: ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന നിറമാണ് നീല. ആകാശവും സമുദ്രവും നീലയാണ്. ശാന്തമായ മാനസികാവസ്ഥ നല്‍കാന്‍ നീല നിറം സഹായിക്കും.

പച്ച: ലോകത്തിലെ ഏറ്റവും സാധാരണ നിറമെന്നാണ് പച്ചയെ വിശേഷിപ്പിക്കുന്നത്. പുതുമയുടെയും ഐശ്വര്യത്തിന്റെയും പ്രതീതിയാണ് പച്ച പൂക്കള്‍ കാണുമ്പോള്‍ ലഭിക്കുക.

പിങ്ക്: കടുത്ത പിങ്ക് നിറം ചുവപ്പ് നിറത്തോട് സമാനമാണ്. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പിങ്ക് പൂക്കള്‍ സഹായകമാണ്. നേര്‍ത്ത പിങ്ക് നിറം സ്നേഹത്തിന്റെ അടയാളമായാണ് വിശേഷിപ്പിക്കുന്നത്.

വെളള: വെളുത്ത പൂക്കള്‍ പരിശുദ്ധിയുടെയും സത്യസന്ധതയുടെയും അടയാളമായി കണക്കാക്കപ്പെടുന്നു.

രോഗശാന്തിക്കായി പൂക്കള്‍ ഉപയോഗിക്കുന്നത് ആധുനിക വൈദ്യശാസ്ത്രം കൂടുതലായി പിന്തുടരുന്നുണ്ട്. ഇസ്രായേലിലെ ചെറുതും വലുതുമായ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പൂന്തോട്ട പരിപാലനം ചികിത്സാരീതിയുടെ ഭാഗമാണ്. മധ്യ ഇസ്രായേലിലെ ശല്‍വാത മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ വ്യക്തികള്‍ക്കോ ഒരു കൂട്ടം ആളുകള്‍ക്കായോ പൂന്തോട്ട ചികിത്സ ഉപയോഗപ്പെടുത്തുന്നുണ്ട്. രോഗിയുടെ മാനസിക നിലവാരം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പെരുമാറ്റ വൈകല്യങ്ങളുളള യുവാക്കളിലും പൂന്തോട്ട ചികിത്സ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും പൂക്കളും പൂന്തോട്ടവുമൊക്കെ ചികിത്സാരീതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്