Women's Day

പ്രതിദിനം 63 സ്ത്രീകള്‍ കൊല്ലപ്പെടുന്ന നാട്; ഗാസയിലേക്ക് നോക്കാതെ വനിതാ ദിനത്തിന് കടന്നുപോകാനാകുമോ?

ഏകദേശം അഞ്ച് മാസം മുൻപ് ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത് ഒൻപതിനായിരത്തിലധികം സ്ത്രീകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്

വെബ് ഡെസ്ക്

വീണ്ടുമൊരു അന്താരാഷ്ട്ര വനിതാ ദിനം കൂടി കടന്നുപോകുകയാണ്. സ്ത്രീശാക്തീകരണത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചെല്ലാം സമൂഹത്തെ വീണ്ടും വീണ്ടും ബോധവാന്മാരാക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഓരോ വർഷവും നമ്മൾ വനിതാ ദിനം ആചരിക്കുന്നത്. എന്നാൽ ഗാസയിലെ സ്ത്രീകൾ നേരിടുന്ന മനുഷ്യത്വവിരുദ്ധതയും ക്രൂരമായ ആക്രമണങ്ങളും പരിഗണിക്കുമ്പോൾ 2024ലെ വനിതാ ദിനം കൂടുതൽ ശ്രദ്ധ അർഹിക്കുന്നു.

ഏകദേശം അഞ്ച് മാസം മുൻപ് ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത് ഒൻപതിനായിരത്തിലധികം സ്ത്രീകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) കണക്ക്. ഇതൊരു ഏകദേശ കണക്ക് മാത്രമാണ്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധിപേർ കുടുങ്ങി കിടപ്പുണ്ടാകാം എന്നാണ് വിലയിരുത്തുന്നത്. ഗാസയിൽ ഓരോ ദിവസവും ശരാശരി 63 സ്ത്രീകൾ കൊല്ലപ്പെടുന്നുണ്ട്. അതുപോലെ പ്രതിദിനം 37 അമ്മമാർക്കും ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നുണ്ട്.

23 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, ഒരു ചെറിയ മുനമ്പാണ് ഗാസ. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്ന വിശേഷണം വഹിച്ചിരുന്ന പ്രദേശം. ഈ മേഖലയില്‍ ആകമാനം ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണം ഒരു ജനതയെ ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണുണ്ടായത്. ഗാസയിലെ 23 ലക്ഷം ജനങ്ങൾ കൊടും പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സഹായവിതരണവുമായി എത്തുന്ന ട്രക്കുകൾ കാത്തുനിൽക്കുന്നവർ ഉൾപ്പെടെ ഗാസയിൽ ആക്രമിക്കപ്പെടുന്നുണ്ട്. ഗാസയിൽ പലയിടങ്ങളിലും അതിരൂക്ഷമായ പട്ടിണിയാണെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരു കുടുംബത്തിലെ ഒരാളെങ്കിലും ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ട്. ഇതിൽ 95 ശതമാനം സാഹചര്യങ്ങളിലും കുടുംബങ്ങളിലെ സ്ത്രീകളാണ് മക്കൾക്ക് ഭക്ഷണം നൽകാൻ ആഹാരം വേണ്ടെന്ന് വയ്ക്കുന്നത്. പത്തിൽ ഒൻപത് സ്ത്രീകൾക്കും ഭക്ഷണം കണ്ടെത്തുന്ന കാര്യത്തിൽ പ്രതിസന്ധികള്‍ നേരിടുന്നതായും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

ഏകദേശം 340 ആളുകൾക്ക് ഒരു ടോയ്‌ലെറ്റ് സൗകര്യമാണ് ഗാസയിലുള്ളത്. സ്വന്തമായുണ്ടായിരുന്ന വീടും മറ്റെല്ലാ സ്വത്തുക്കളും ഇസ്രയേൽ ആക്രമണത്തിൽ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. വടക്കൻ ഗാസക്കാർക്ക് തിരികെ പോകാൻ ആകുമോ എന്നുപോലും അറിയാതെ തെക്കൻ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിച്ചുകൂട്ടുകയാണ്.

ഇസ്രയേലിന്റെ ബോംബാക്രമണത്തേക്കാൾ ആർത്തവ സമയത്തെ ഭയക്കുന്നുവെന്നാണ് ഗാസയിലെ സ്ത്രീകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശപ്പിനുപുറമെ, ആർത്തവസമയത്തുണ്ടാകുന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയാതെ കഷ്ട്ടപ്പെടുകയാണ് അവർ. ശുദ്ധമായ കുടിവെള്ളമില്ല, ശുചിമുറി സംവിധാനങ്ങളില്ല, വൈദ്യുതിയില്ല. അതിനൊപ്പം ആർത്തവം കൂടി എത്തുമ്പോൾ സ്ത്രീകൾക്ക് നരകയാതനയുടെ അനുഭവം വീണ്ടും വർധിക്കുന്നുവെന്ന് ഗാസയിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗാസയിൽ ഏകദേശം 7,00,000 സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആർത്തവചക്രം ഉണ്ടെന്നാണ് യുഎൻ കണക്കാക്കുന്നത്. എന്നാൽ അതിനുപയോഗിക്കാൻ പാഡുകളോ, ആവശ്യമായ ടോയ്‌ലെറ്റ് സംവിധാനങ്ങളോ ലഭ്യമല്ല. സാനിറ്ററി പാഡുകൾ കണ്ടെത്താൻ അവർ ബുദ്ധിമുട്ടുകയാണ്. പലരും ഉപയോഗിച്ച പാഡുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്ന അവസ്ഥ വരെയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിലർ കൂടാരങ്ങളുടെ തുണി കീറിയാണ് പാഡായി ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ