ആഗോളതലത്തില്‍ നടക്കുന്ന 'മിസിസ് ഇന്ത്യ' മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. കുട്ടിക്കാലം മുതല്‍ പലതരത്തിലുള്ള ബോഡിഷെയിമിങ്ങും അവഗണനകളും നേരിട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് നിമ്മി. ഇത്തരം ബോഡിഷെയിമിങ് കാരണം തനിക്ക് മരണവീട്ടിലോ കല്യാണ വീടുകളിലോ പോകാന്‍ ഇഷ്ടമല്ലായിരുന്നെന്നും നിമ്മി പറഞ്ഞു.
ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കാന്‍ ഭയമായിരുന്നു, ശരീരം മെലിഞ്ഞതിന് ഡോക്ടറുടെ സമീപം കൊണ്ടുപോയിട്ടുണ്ടെന്നും ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ടാണ് താന്‍ ഇന്നുകാണുന്ന നിലയിലേക്ക് ഉയര്‍ന്നതെന്നും നിമ്മി പറയുന്നു. തനിക്കു സാധിച്ചതുപോലെ സമാനവെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിമ്മി ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്.
വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി 'മിസിസ് ഇന്ത്യ' മത്സര രംഗത്തേക്ക് എത്തിയത്. ആരെങ്കിലും ഒരാള്‍ ഒന്ന് മാറി ചിന്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സന്ദേശം ഉയര്‍ത്തിപിടിച്ചുകൊണ്ട് നിമ്മി രംഗത്തെത്തുന്നത്. 'മിസിസ് ഇന്ത്യ' മത്സരത്തില്‍ പങ്കെടുത്ത മൂവായിരത്തില്‍പരം വ്യക്തികളെ മറികടന്നാണ് അവസാനറൗണ്ടിലെ നൂറ് പേരില്‍ ഒരാളായി നിമ്മി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.