Women's Day

'ഈ ദിനം ഞങ്ങളുടേത് കൂടിയാകണം'; വനിതാ ദിനത്തില്‍ ട്രാൻസ് സ്ത്രീകള്‍ക്ക് പറയാനുള്ളത്

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടലുകള്‍ നടത്തുന്ന, നേട്ടമുണ്ടാക്കിയ ട്രാന്‍സ് സ്ത്രീകള്‍ 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു

ജെ ഐശ്വര്യ

സ്ത്രീകളുടെ നേട്ടങ്ങള്‍, പോരാട്ടങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, ശാക്തീകരണം; ഇതെല്ലാം ചേരുന്നതാണ് ലോക വനിതാദിനത്തിലെ ചര്‍ച്ചകള്‍. അപ്പോഴും ഇതിലൊന്നും ഉള്‍പ്പെടാത്ത, അവഗണിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട് - ട്രാന്‍സ് സ്ത്രീകള്‍. അവരെ സ്ത്രീകളായി അംഗീകരിക്കാൻ പൊതുസമൂഹം ഇപ്പോഴും തയ്യാറല്ല. മറ്റൊരു ലിംഗത്തില്‍ ജനിച്ചെങ്കിലും സ്വന്തം സ്വത്വം സ്ത്രീത്വമാണെന്ന് തിരിച്ചറിഞ്ഞ് സ്ത്രീകളായി മാറിയ അവരുടേത് കൂടിയല്ലേ ഈ ദിനം? സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടലുകള്‍ നടത്തുന്ന, നേട്ടമുണ്ടാക്കിയ ട്രാന്‍സ് സ്ത്രീകള്‍ 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു

ഞങ്ങളും സ്ത്രീകളാണ്
അരുണിമ
അരുണിമ

അരുണിമ - നിയമ വിദ്യാര്‍ഥിനി, രാഷ്ട്രീയ പ്രവർത്തക

ഞങ്ങളും സ്ത്രീകളാണ്. എല്ലാ ചുറ്റുപാടുകളിലും പ്രധാന പങ്ക് വഹിക്കുന്നവരാണ്. എന്നാല്‍ മുഖ്യധാരാ സമൂഹത്തിലേക്ക് ട്രാൻസ്ജെൻഡർ സ്ത്രീകള്‍ ഇപ്പോഴും എത്തിയിട്ടില്ല. ഞങ്ങളെ അംഗീകരിക്കുന്നു എന്ന് പറയുന്നവരാരും ഞങ്ങളെ ചേര്‍ത്ത് പിടിക്കാറില്ല. അതുകൊണ്ട് തന്നെ ഇവിടെ മാറ്റം അനിവാര്യമാണ്. സ്ത്രീകളെ പോലും ഇപ്പോഴും മുന്നോട്ട് കൊണ്ടുവരാത്ത ഒരു സമൂഹമാണ് നമ്മുടേത്. കേരളത്തില്‍ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നതാണ് അതിന് ഉദാഹരണം. അത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് എങ്ങനെ പരിഗണന ലഭിക്കാനാണ്? മാറ്റത്തിനായി ശക്തമായി പോരാടും. രാഷ്ട്രീയ രംഗത്ത് ഞാനുള്‍പ്പെടെ പലരും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും മുഖ്യധാരയിലേയ്ക്കോ പ്രധാന പദവികളിലേയ്ക്കോ ഞങ്ങളെ കൊണ്ടുവരാന്‍ രാഷ്ട്രീയ പാർട്ടികള്‍ പോലും തയ്യാറാകുന്നില്ല.

ഫെമിനിസം ട്രാന്‍സ് സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തിയാകണം.
നേഗ
നേഗ

നേഗ - സിനിമാ താരം

ഈ വിഷയം വളരെ പ്രസക്തമാണ്. ചില ഫെമിനിസ്റ്റുകള്‍ പോലും പറയുന്നത് ഞങ്ങള്‍ അവരില്‍ ഉള്‍പ്പെടുന്നില്ല എന്നാണ്. ഇന്ത്യയിലാകെ ഇതാണ് അവസ്ഥ. ഫെമിനിസം ട്രാന്‍സ് സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തുന്നതാകണം, കാരണം ഞങ്ങളും സ്ത്രീകളാണ്. 2023 ആയിട്ടും അവകാശങ്ങള്‍ക്കായി പോരാടുകയാണ് ഞങ്ങള്‍. യുഎന്‍ വുമണ്‍ കോണ്‍ഫറന്‍സില്‍ ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നതിനൊപ്പം ട്രാന്‍സ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നതും ഉള്‍പ്പെടുത്തണമെന്നാണ് അവിടെ ഞാൻ ആവശ്യപ്പെട്ടത്. സമൂഹത്തോട് ഈ വനിതാ ദിനത്തില്‍ പറയാനുള്ളത് ഇതാണ്, ''ട്രാന്‍സ് സ്ത്രീകളും സ്ത്രീകളാണ്, ട്രാന്‍സ് പുരുഷന്മാരും പുരുഷന്മാരാണ്''.

'അന്തരം' സിനിമയിലൂടെ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ പ്രത്യേക സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയയാളാണ് നേഗ

വനിതാദിനം പൂര്‍ണമാകുന്നത് ഞങ്ങള്‍ കൂടി ഉള്‍പ്പെടുമ്പോഴാണ്
അവന്തിക
അവന്തിക

അവന്തിക - സോഷ്യല്‍ ആക്റ്റിവിസ്റ്റ്

തുല്യത എന്നത് സ്ത്രീക്കും പുരുഷനും എന്നതുപോലെ ട്രാന്‍സ് വ്യക്തികള്‍ക്കും അവകാശപ്പെട്ടതാണ്. മൂന്നാമതൊരു ലിംഗത്തെ അംഗീകരിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീകളായി തന്നെ ട്രാന്‍സ് സ്ത്രീകളേയും പരിഗണിക്കണം. വനിതാദിന ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുപ്പിച്ച് മുഖ്യധാരയിലേക്ക് ഞങ്ങളെ കൊണ്ടുവരാന്‍ എല്ലാവരും തയ്യാറാകണം. സ്ത്രീകള്‍ക്ക് കിട്ടുന്ന നിയമപരമായ പരിരക്ഷ ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. അതിലൊക്കെ മാറ്റമുണ്ടാകണം. വനിതാദിനം പൂര്‍ണമാകുന്നത് ഞങ്ങള്‍ കൂടി ഉള്‍പ്പെടുമ്പോഴാണ്.

അന്ന

അന്ന - രാഷ്ട്രീയപ്രവര്‍ത്തക

ഞങ്ങളെ മാറ്റിനിര്‍ത്തരുത്, സ്ത്രീകളായി തന്നെ എല്ലാ കാര്യങ്ങളിലും ഉള്‍പ്പെടുത്തണമെന്നാണ് പറയാനുള്ളത്. സ്ത്രീകളുടെ മനസോടെ ജനിച്ചത് കൊണ്ടാണ് ഒരുപാട് വേദന സഹിച്ച് സര്‍ജറി നടത്തി സ്ത്രീയായി മാറിയത്. എന്നിട്ടും ഞങ്ങളെ സ്ത്രീയായി അംഗീകരിക്കാത്തത് വലിയ വേദനയാണ്. തുല്യത വേണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. ബസിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് ഞാന്‍. സ്ത്രീകളുടെ പ്രശ്‌നങ്ങളും മനസും അറിയുന്നത് കൊണ്ടാണത്.

ഞങ്ങള്‍ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും സമൂഹം കാണുന്നത് ട്രാൻസ്ജെൻഡർ എന്ന ഒരു കണ്ണിലൂടെ മാത്രമാണ്. സെക്‌സ് വര്‍ക്കിലേക്ക് ഇനി ഞങ്ങളുടെ ഇടയില്‍ നിന്ന് ആര്‍ക്കും വരേണ്ടി വരരുത് എന്നതാണ് ആഗ്രഹം. മറ്റ് വഴികളൊന്നും ഇല്ലാത്തതിനാലാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. എന്നാലിപ്പോള്‍ ആ അവസ്ഥയൊക്കെ ഒരുപാട് മാറി. നല്ല കുടുംബ ജീവിതം നയിച്ച് ജോലിയെടുത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. അടുത്ത വനിതാദിനത്തിലെങ്കിലും ഞങ്ങളെ കൂടി ഉള്‍പ്പെടുത്തുകയും ചേര്‍ത്ത് പിടിക്കുകയും വേണം.

താര - രാഷ്ട്രീയപ്രവര്‍ത്തക, ആക്ടിവിസ്റ്റ്

സമൂഹം ഞങ്ങളെ സ്ത്രീകളായി അംഗീകരിക്കണം. സത്രീകള്‍ക്ക് ഷീ ലോഡ്ജ് പോലെയുള്ള ഷെല്‍ട്ടര്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് അത്തരത്തിലുള്ള യാതൊരു സംവിധാനങ്ങളുമില്ല. ഒരു ഷെല്‍ട്ടര്‍ സംവിധാനം അടിയന്തരമായി വേണം. എറണാകുളം മേയര്‍ക്കുള്‍പ്പെടെ ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ധ്യ മയങ്ങി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല. എല്ലാവരും സെക്‌സ് വര്‍ക്ക് ചെയ്ത് ജീവിക്കുന്നവരല്ല. എന്നാല്‍ സമൂഹം കാണുന്നത് ആ കണ്ണിലൂടെയാണ്.

ജോലിക്ക് പോയി തിരിച്ച് വരുമ്പോഴൊക്കെ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വനിതകള്‍ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളൊക്കെ ഞങ്ങളേയും കൂടി ചേര്‍ത്തു കൊണ്ടായിരിക്കണമെന്നാണ് ആഗ്രഹം. സ്ത്രീകളായി ജീവിക്കുന്ന ഞങ്ങളെ എന്തിന് മാറ്റി നിര്‍ത്തണം? എന്താണ് ട്രാന്‍സ്ജന്‍ഡര്‍ എന്നതിനെ പറ്റി കൃത്യമായ അവബോധമില്ലാത്തതാണ് പ്രശ്‌നം. ഞങ്ങളുടെ ഇടയില്‍ സെലിബ്രിറ്റികളുണ്ട്, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുണ്ട്, വക്കീലന്മാരുണ്ട്. കേരളത്തില്‍ ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടിയ ട്രാന്‍സ് വ്യക്തി ഞാന്‍ മാത്രമാണെന്ന് കൂടി ഓര്‍മിപ്പിക്കട്ടെ.

പദ്മ ലക്ഷ്മി, ലോ ട്രെയിനി

ഇന്ത്യൻ പീനൽ കോഡ് പ്രകാരം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതിനുള്ള ശിക്ഷ പത്തു വർഷമാണ്, അത് ജീവപര്യന്തം തടവും പിഴയും വരെ നീണ്ടേക്കാം. എന്നാല്‍, ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ്) ആക്‌ട് പ്രകാരമുള്ള ശിക്ഷ ആറ് മാസം തടവ് മാത്രമാണ്, അത് രണ്ട് വർഷം വരെ നീളാം. ഇതിലുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ലിംഗ സമത്വം ഉറപ്പാക്കണം. ഡിജിറ്റല്‍ ലോകത്ത് സ്ത്രീകള്‍ പല രീതിയിൽ ആക്രമിക്കപ്പെടുന്നു. എന്നാൽ അതേസമയം പ്രതികരിക്കുവാനുള്ള വലിയ അവസരങ്ങളും സ്ത്രീകള്‍ക്ക് ലഭിക്കുന്നു. ഇറാനിലെ യുവതികളുടെ പ്രതികരണം ഉദാഹരണമാണ്. പക്ഷെ അത്തരം ഒരു പ്രതികരണം കേരളം എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല.

സ്ത്രീകളുടെ അവകാശങ്ങൾ നേടി എടുക്കാൻ നമ്മൾ മുന്നിട്ടിറങ്ങുക തന്നെ വേണം. പാഠ പുസ്തകത്തിൽ പുരുഷന്‍ ഭർത്താവ്, സ്ത്രീ ഭാര്യ, എന്ന് കുഞ്ഞുങ്ങൾ പഠിക്കുന്നു. പകരം ഇരുവരും ജീവിത പങ്കാളി എന്ന് മാറി ചിന്തിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യേണ്ട സമയം എത്തിയിരിക്കുന്നു. ആണും പെണ്ണും മാത്രമല്ല, ലെസ്ബിയനൻസും, ഗേയ്സും, ട്രാൻസ് വുമൺസും , ട്രാൻസ് മെനുമൊക്കെ (LGBTQ+) അടങ്ങിയതാണ് ഈ ലോകമെന്ന് പഠിച്ച് വളരുമ്പോള്‍ മാത്രമേ മാറ്റത്തിന്റെ കാറ്റ് വീശുകയുള്ളു. ഈ വനിതാ ദിനത്തിൽ അതാണ് ഞാൻ ആഗ്രഹിക്കുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം