ലോകമെമ്പാടുമുള്ള നൂറ് കോടി ജനങ്ങള്‍ അമിതഭാരത്തിന്റെ പിടിയിലെന്ന് പഠനറിപ്പോര്‍ട്ട്. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 1990 മുതലുള്ള കണക്കുകളെക്കാള്‍ നാലിരട്ടി വര്‍ധനവാണ് അമിതഭാരക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലുമാണ് അമിതഭാരം കാണപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് ഏറ്റവും കൂടുതലും ബാധിക്കുന്നത് ദരിദ്ര രാജ്യങ്ങളെയാണെന്നും പഠനം പറയുന്നു.
മാര്‍ച്ച് നാലിലെ ലോക ഒബീസിറ്റി ദിനത്തോട് അനുബന്ധിച്ചാണ് പഠനം പുറത്തിറക്കിയിരിക്കുന്നത്. 1990ല്‍ ലോകത്ത് കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏകദേശം 22.6 കോടി ജനങ്ങള്‍ക്കാണ് അമിതഭാരം ഉണ്ടായിരുന്നതെങ്കില്‍ 2022ലെ കണക്കുകള്‍ പ്രകാരം 103.8 കോടി ജനങ്ങള്‍ അമിത ഭാരം മൂലം ബുദ്ധിമുട്ടുന്നുണ്ട്. അമിതഭാരമുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ആരോഗ്യ വിദഗ്ധര്‍ 20230ഓടെ പ്രവചിച്ചിരുന്ന കണക്കിലേക്കാണ് ഇപ്പോള്‍ എത്തിപ്പെട്ടതെന്ന ആശങ്കയും നിലനില്‍ക്കുന്നു. 190 രാജ്യങ്ങളിലെ 22 കോടി ജനങ്ങളുടെ ഉയരവും ഭാരവുമാണ് പഠനവിധേയമാക്കിയത്.
2022ലെ കണക്കനുസരിച്ച് 50.4 കോടി മുതിര്‍ന്ന സ്ത്രീകളും 37.4 കോടി മുതിര്‍ന്ന പുരുഷന്മാരുമാണ് അമിതഭാരമുള്ളവര്‍. 1990നെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണം മൂന്നിരട്ടിയും (14 ശതമാനം), സ്ത്രീകളുടേത് ഇരട്ടിയും (18.5 ശതമാനം) വര്‍ധിച്ചിട്ടുണ്ട്.15.9 കോടി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമാണ് ഇക്കാലയളവില്‍ അമിതഭാരമുള്ളതെങ്കില്‍ 1990ല്‍ ഇത് 3.1 കോടി മാത്രമായിരുന്നു.
അമിതഭാരം ഹൃദ്രോഗം മൂലമുള്ള മരണത്തിനും പ്രമേഹം, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കോവിഡിന്റെ സമയത്ത് അമിതഭാരം മരണ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. പോളിനേഷ്യ, മൈക്രോനേഷ്യ, കരീബിയന്‍, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ അമിതഭാരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പണ്ട് അമിതഭാരം സമ്പന്നരുടെ പ്രശ്‌നമായാണ് കണ്ടിരുന്നതെങ്കില്‍ ഇന്നത് ലോകത്തിന്റെ പ്രശ്‌നമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ പോഷകാഹാര ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ ബ്രാന്‍ക പറഞ്ഞു. ഇതിനു കാരണമായി താഴ്ന്ന-മധ്യ വരുമാനമുള്ള രാജ്യങ്ങളിലെ വേഗത്തിലുള്ള ജീവിത രീതി മാറ്റങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഭക്ഷണ രീതികളിലെ മാറ്റങ്ങള്‍ മികച്ച രീതിയിലുള്ളതല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയര്‍ കോളേജിലെ മജിദ് എസ്സാദി പറഞ്ഞു. തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ അമിതഭാരം കുറയുന്ന സൂചനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടങ്ങളില്‍ ഏറ്റവും കുറവ് അമിതഭാരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സ്ത്രീകളിലാണ്.
മിക്ക രാജ്യങ്ങളിലും ഭാരക്കുറവിനെക്കാള്‍ ആളുകള്‍ അമിതഭാരത്താല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതിയായ ആഹാരം കഴിക്കാത്തതാണ് ഭാരക്കുറവിന് കാരണമാകുന്നതെങ്കില്‍ മോശമായ ഭക്ഷണരീതിയാണ് അമിത ഭാരത്തിനടയാക്കുന്നത്. ഭക്ഷണ ക്രമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലൂടെ ചെറിയ പ്രായം മുതല്‍ പ്രായമാകുന്നത് വരെ അമിതഭാരം തടയുന്നതിന് പ്രാധാന്യം നല്‍കണമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ജനറല്‍ ഡയറക്ടര്‍ ടെഡ്രോസ് അദാനം ഗബ്രിയേസിസ് പറയുന്നു.