WORLD

ഇസ്രയേൽ ആക്രമണം; ലെബനനില്‍ 274 പേർ കൊല്ലപ്പെട്ടു, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുസേനകളും തമ്മിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങൾക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്

വെബ് ഡെസ്ക്

തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം. ആയിരത്തില‍ധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുസേനകളും തമ്മിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങൾക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്.

ഒക്ടോബർ ഏഴിന് ശേഷം, 11 മാസക്കാലമായി ഗാസയിൽ നടത്തിയിരുന്നു ഏകപക്ഷീയ ആക്രമണങ്ങൾക്ക് ശേഷമാണ് ഇസ്രയേൽ തങ്ങളുടെ വടക്കൻ അതിർത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്. സാബത്ത് ആക്രമണം (ഹമാസ് ഇസ്രയേലിൽ നടത്തിയത്) പിന്നാലെ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേലിനെതിരെ ഹിസ്‌ബുള്ളയും രംഗത്തുവന്നിരുന്നു. അതിന്റെ ഭാഗമായി നടത്തിയ മിസൈൽ ആക്രമണങ്ങൾ കാരണം എഴുപത്തിനായിരത്തോളം ഇസ്രയേലി പൗരന്മാരാണ് ജൂത രാഷ്ട്രത്തിന്റെ വടക്കൻ മേഖലകളിൽനിന്ന് കുടിയിറങ്ങിയത്. ഇവരെ തിരികെ സുരക്ഷിരായി വീടുകളിലെത്തിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ നിലവിലെ ലെബനൻ ആക്രമണം.

ലെബനനിലെ തങ്ങളുടെ ആക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഹിസ്‌ബുള്ള നടത്തിയ തിരിച്ചടിയിൽ ഇസ്രയേലിലെ ഹൈഫ മേഖലയിൽ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. നാലോളം പേർക്ക് പരുക്കേൽക്കുകയും നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ലെബനനിൽ കഴിയുന്ന പൗരന്മാരോട് ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ പതിനേഴിനാണ് ലെബനനെതിരെ ഇസ്രയേൽ വ്യാപക ആക്രമണം ആരംഭിച്ചത്. ലെബനനിലെ പലയിടങ്ങളിലായി ഹിസ്‌ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചിരുന്നു. തൊട്ടടുത്ത ദിവസം വാക്കി ടോക്കികൾ ഉപയോഗിച്ചും ആക്രമണമുണ്ടായി. ഏകദേശം 39 പേരാണ് ഇസ്രയേൽ നടത്തിയ ആസൂത്രിത ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടത്. പിന്നാലെ ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിക്കാൻ ഹിസ്‌ബുള്ളയും ആഹ്വാനം ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ