WORLD

പാകിസ്താനില്‍ ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു

നിരപരാധികളായ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ആക്രമണത്തെ പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ അപലപിച്ചു

വെബ് ഡെസ്ക്

പാകിസ്താനിലെ അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നോർത്ത് വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയിലാണ് ആക്രമണമുണ്ടായത്.

ഇന്നലെയാണ് ഷാവൽ തഹസിൽ ഗുൽ മിർ കോട്ടിന് സമീപം 16 തൊഴിലാളികൾ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. ഭീകരാക്രമണമാണെന്ന് നോർത്ത് വസീറിസ്ഥാൻ ഡെപ്യൂട്ടി കമ്മീഷണർ റെഹാൻ ഗുൽ ഖട്ടക് സ്ഥിരീകരിച്ചു.

നിർമാണത്തിലിരിക്കുന്ന സർക്കാർ കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 11 പേരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്ന് പേരെ കാണാനില്ല. ദക്ഷിണ വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയിലെ തഹ്‌സിൽ മക്കിൻ, വാന വിഭാഗത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കാണാതായ തൊഴിലാളികളെ കണ്ടെത്താനുമുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നിരപരാധികളായ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ആക്രമണത്തെ പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ അപലപിച്ചു.

"വടക്കൻ വസീറിസ്ഥാനിൽ 11 നിരപരാധികളായ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തെക്കുറിച്ച് അറിയുന്നത് ഹൃദയഭേദകമാണ്. വിവേകശൂന്യമായ ഈ അക്രമത്തെ ശക്തമായി അപലപിക്കുകയും ദുരിതബാധിതരായ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു," അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ ഒരാക്രമണത്തിൽ അപ്പർ സൗത്ത് വസീറിസ്ഥാനിലെ മക്കിൻ തഹസിൽ ബോംബ് ഡിസ്പോസൽ സ്ക്വാഡിലെ നാല് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരുടെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം