ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നിതിനിടയിലും ഗാസയിലെ ദുരിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകി രണ്ടാം ഘട്ട സഹായമെത്തി. ഞായറാഴ്ച രാത്രിയാണ് ഈജിപ്ത് അതിർത്തിയായ റഫാ വഴി 17 ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചത്. വൈദ്യുതി ക്ഷാമം മൂലം വലയുന്ന ഗാസയിലേക്ക് ഇത്തവണയും ഇന്ധനമെത്തിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഏകദേശം 400 പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണം ലെബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന തരത്തിലാണ് ഇസ്രയേൽ നടപടികൾ. തിങ്കളാഴ്ച പുലർച്ചെ ലെബനനിലെ രണ്ട് ഹിസ്ബുള്ള താവളങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സിറിയയിലെ ദമാസ്കസ്, അലെപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു.
പശ്ചിമേഷ്യയിലേക്ക് സംഘർഷം വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ കൂടുതൽ നൂനത വ്യോമപ്രതിരോധ സംവിധാനങ്ങൾ അമേരിക്ക അയച്ചിട്ടുണ്ട്. ഇറാൻ അനുബന്ധ സേനകളുടെ ആക്രമണം തടയാൻ രണ്ട് വിമാനവാഹിനിക്കപ്പലുകൾ, സപ്പോർട്ട് ഷിപ്പുകൾ, ഏകദേശം 2,000 നാവികർ എന്നിവയുൾപ്പെടെ നിരവധി സഹായങ്ങൾ ഇതിനകം അമേരിക്ക ഇസ്രയേലിന് നൽകിയിരുന്നു. അതിനുപിന്നാലെയാണ് പാട്രിയോട്ട് എയർ ഡിഫെൻസ് സംവിധാനങ്ങളും അമേരിക്ക പശ്ചിമേഷ്യയിലേക്ക് എത്തിക്കുന്നത്.
ഗാസയിലെ ആശുപത്രികൾക്ക് സമീപവും ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഗാസയിൽ സ്ഥിതി ചെയ്യുന്ന അൽ ഖുദ്സ്, അൽ ഷിഫാ എന്നീ ആശുപത്രികൾക്ക് സമീപം ഇസ്രയേൽ ബോംബിങ് നടന്നിരുന്നു. ഏത് നിമിഷവും പൊട്ടിത്തെറിയുണ്ടായേക്കാമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ് അൽ-ഖുദ്‌സ് ആശുപത്രിക്ക് ലഭിച്ചതായും പലസ്തീൻ റെഡ് ക്രസന്റ് മീഡിയ ഡയറക്ടർ പറഞ്ഞിരിന്നു.
ഒക്ടോബർ ഏഴിന് ശേഷം ഐക്യരാഷ്ട്രസഭയുടെ 29 പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസി ഫോർ പലസ്തീനിയൻ റെഫ്യൂജീസ് അറിയിച്ചിരുന്നു. ഇതിൽ പകുതിയോളം പേരും സംഘടനയുടെ ഭാഗമായി മുനമ്പിൽ പ്രവർത്തിക്കുന്ന അധ്യാപകരാണെന്നും എക്‌സിൽ പങ്കുവച്ച കുറിപ്പിൽ യുഎൻആർഡബ്യുഎ കുറിച്ചു.
നിലവിലെ കണക്കുകൾ പ്രകാരം 4651 പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, അമേരിക്ക എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണമെന്നും സാധാരണക്കാർക്ക് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.