ലോകത്തെവിടെയും കുട്ടികൾ പത്താംതരത്തിൽ പഠിക്കുന്ന 14ാം വയസിൽ, ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ്എക്സിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി കരിയര്‍ തുടങ്ങുകയാണ് കൈറാന്‍ ക്വാസി. കാലിഫോര്‍ണിയയിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായ സാന്റാ ക്ലാരയിൽ നിന്ന് ബിരുദം നേടിയതിന് പിന്നാലെയാണ് കൈറാനെ ഇലോൺ മസ്കിന്റെ സ്ഥാപനം ജോലിക്കെടുത്തത്.
സ്പേസ് എക്സിലെ സ്റ്റാർലിങ്ക് എഞ്ചിനീയറിങ് ടീമിന്റെ ഭാഗമായി അടുത്തമാസമാണ് പതിനാലുകാരൻ തന്റെ ആദ്യ മുഴുവൻ സമയ ജോലി ആരംഭിക്കുക. സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ് ബിരുദധാരിയാണ് കൈറാൻ. സ്പേസ് എക്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരനെന്ന ഖ്യാതിയും ഇനി കൈറാന് അവകാശപ്പെട്ടതാണ്.
ഉയർന്ന ഐക്യുവാണ് തൊഴിൽപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ അസാധാരണ നേട്ടം കൊയ്യാൻ കൈറാൻ ക്വാസിയെ പ്രാപ്തനാക്കിയത്. കൈറാന്റെ ഐക്യു 99.9 ആണെന്നാണ് റിപ്പോർട്ടുകൾ.
നന്നേ ചെറുപ്പത്തിൽ തന്നെ അസാധാരണ സ്വഭാവ സവിശേഷതകൾ കൈറാൻ പ്രകടിപ്പിച്ചിരുന്നു. രണ്ടാം വയസിൽ തന്നെ ഒരു വാക്യം പൂർണമായും സംസാരിക്കാനായി. അതോടെയാണ് കുട്ടിയുടെ അസാധാരണ ബൗധിക നിലവാരം മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത്.
സാമൂഹിക വിഷയങ്ങളിൽ അതീവ താത്പര്യമുള്ള വ്യക്തിയായിരുന്നു ചെറു പ്രായത്തിൽ തന്നെ കൈറാൻ. മുല്ലപ്പൂ വിപ്ലവ കാലത്താണ് കൈറാന്റെ പ്രീ സ്കൂളിങ് ആരംഭിക്കുന്നത്. ''ക്ലാസിലെ എല്ലാ കുട്ടികളെയും കൊണ്ട് ഫ്രീ ഈജിപ്ത്, ഇനി ജനാധിപത്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചു രണ്ടാം വയസില്‍ കൈറാന്‍. ബഷര്‍ അല്‍ അസദ് സിറിയയില്‍ രാസായുധം പ്രയോഗിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സുഹൃത്തുകളുമായി പങ്കുവയ്ക്കുമായിരുന്നു.'' അമ്മ ജൂലിയ ഓര്‍ത്തെടുക്കുന്നു.
പത്താം വയസിൽ അപ്ലൈഡ് മാത്തമാറ്റിക്‌സ് പ്രോഗ്രാമില്‍ കൈറാന്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സാന്റാ ക്ലാര സർവകലാശലയിലേക്ക് മാറി. അവിടെ കമ്പ്യൂട്ടര്‍ സയന്‍സും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങും പഠിച്ചു. ബിരുദം നേടുന്നതിന് ഒരു മാസം മുൻപ് തന്നെ സ്പേസ് എക്സിന്റെ അഭിമുഖത്തില്‍ പങ്കെടുത്തു. ആഴ്ചകൾക്കകം ജോലി നേടി.
''സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് ബിരുദം സ്വന്തമാക്കാൻ എനിക്ക് കഴിഞ്ഞു. സ്റ്റാര്‍ലിങ്ക് എഞ്ചിനിയറിങ് ടീമിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായി ലോകത്തെ ഏറ്റവും മികച്ച കമ്പനിയില്‍ ചേരുകയാണ്,'' ജോലിയിൽ പ്രവേശിക്കുന്ന വിവരം തന്റെ ലിങ്ക്ഡിൻ പ്രൊഫൈവിലൂടെ കൈറാൻ ഇങ്ങനെ ലോകത്തെ അറിയിച്ചു.