WORLD

പുകയുന്ന ഇറാൻ - പാകിസ്താന്‍ അതിർത്തി, സംഘർഷങ്ങളുടെ ചരിത്രമെന്ത്?

വെബ് ഡെസ്ക്

പാകിസ്താനെതിരായ ഇറാന്റെ മിസൈൽ ആക്രമണങ്ങളും തിരിച്ചടികളും പശ്ചിമേഷ്യയെ കൂടുതൽ സംഘർഷ ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ആക്രണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ഒടുവിൽ പാകിസ്താനും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം സമ്പൂർണ തകർച്ചയുടെ വക്കിലാണ്. ഇരു രാജ്യങ്ങളും തമ്മിൽ നീണ്ട കാലങ്ങളായി നിലനിൽക്കുന്ന അതിർത്തി സംഘർഷത്തിലെ പുതിയൊരു ഏടാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പറയാം.

14 വർഷത്തോളമായി അവസാനമില്ലാതെ തുടരുകയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം. പാകിസ്താന്റെയും ഇറാന്റെയും ബന്ധം വഷളാക്കിയ മുൻകാല സംഭവങ്ങൾ എന്തൊക്കെയായിരുന്നു?

2010 : ഡിസംബറിൽ ഇറാനിലെ ചബഹാർ നഗരത്തിലെ ഇമാം ഹുസൈൻ പള്ളിക്കടുത്തുണ്ടായ ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദ സുന്നി മുസ്ലീം സംഘടനയായ ജുൻദല്ലാ (ഇപ്പോൾ ജെയ്ഷ് അല്‍ അദ്ല്‍)യാണ് അന്ന് ആ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഷിയാ ദുഃഖാചരണ ദിനമായ ആഷുറ ദിവസം പ്രാർത്ഥനയ്‌ക്കെത്തിയ ആളുകളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമുണ്ടായത്.

(2002ലോ 2003ലോ സ്ഥാപിതമായ വിഘടനവാദ സംഘടനയാണ് ജുന്‍ദല്ല. 2010ൽ ജുന്‍ദല്ലയുടെ നേതാവായിരുന്ന 'അബ്ദോല്‍മാലിക് റിജി'യെ ഇറാൻ ഗവൺമെന്റ് പിടികൂടി വധിച്ചത്തിന് ശേഷം ഗ്രൂപ്പ് പല ഘടകങ്ങളായി പിരിഞ്ഞു, അതിൽ ഏറ്റവും സജീവവും സ്വാധീനവുമുള്ളതായി നിലവിൽ നിലകൊള്ളുന്ന സംഘടനയാണ് ജെയ്‌ഷ് അൽ-അദ്‌ൽ. 2012ലാണ് ജെയ്ഷ്‌ അല്‍-അദ്ല്‍ സ്ഥാപിതമാകുന്നത്. 'ആർമി ഓഫ് ജസ്റ്റിസ്', 'പീപ്പിൾസ് റെസിസ്റ്റൻസ് ഓഫ് ഇറാൻ' എന്നും ഈ സംഘടനാ അറിയപ്പെടുന്നു.)

2013 : ജെയ്‌ഷ് അൽ-അദ്‌ൽ ഇറാൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 14 ഇറാൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ജെയ്‌ഷ് അൽ-അദ്‌ൽ നിരന്തരം ഇറാൻ അതിർത്തിയിലെ സൈനികർക്ക് നേരെ ആക്രമങ്ങൾ അഴിച്ച് വിട്ടിട്ടുണ്ട്. 2014ൽ ഇറാനിയൻ സേനയിലെ കുറഞ്ഞത് അഞ്ച് അംഗങ്ങളെ ഇവർ തട്ടിക്കൊണ്ടുപോയിരുന്നു.

2017 : മിർജാവേയിൽ നടന്ന ആക്രമണത്തിൽ 10 ഇറാൻ അതിർത്തി കാവൽക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷ് അൽ-അദ്ൽ ഏറ്റെടുത്തു. ദീർഘദൂര തോക്കുകൾ ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നും ആക്രമണത്തിന്റെ ആത്യന്തിക ഉത്തരവാദിത്തം പാകിസ്താൻ സർക്കാരിനാണെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം തന്നെ പുഞ്ച്ഗൂർ പ്രദേശത്ത് ഇറാന്റെ ആളില്ലാ വിമാനം വ്യോമസേന വെടിവെച്ചിട്ടതായി പാകിസ്താൻ വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇറാന്റെ ആളില്ലാ വിമാനം പാകിസ്താൻ വെടിവെച്ചിടുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു.

2018 : സിസ്താൻ-ബലൂചിസ്താന്‍ പ്രവിശ്യയിലെ മിർജാവേ നഗരത്തിലെ അതിർത്തി പോസ്റ്റിൽ അതിർത്തി കടന്നുള്ള ആക്രമണത്തിൽ മൂന്ന് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ സായുധ സംഘം കൊലപ്പെടുത്തിയതായി ഐആർജിസി അറിയിച്ചു.

അതേവർഷം ഒക്ടോബറിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (ഐആർജിസി) ഇന്റലിജൻസ് ഓഫീസർമാർ ഉൾപ്പെടെ 12 ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ പാക്കിസ്താന്റെ തെക്കുകിഴക്കൻ അതിർത്തിയിൽ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉണ്ടായിരുന്നു. ഇതിന്റെ ഉത്തരവാദിത്തവും ജെയ്‌ഷ് അൽ അദ്‌ൽ ഏറ്റെടുത്തു. സായുധ സംഘത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ 12 പേരിൽ അഞ്ച് പേരെയെങ്കിലും മോചിപ്പിക്കാൻ പാകിസ്താൻ സുരക്ഷാ സേന ഇറാനെ സഹായിച്ചു.

ഡിസംബറിൽ ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ചബഹാറിലെ പോലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ ചാവേർ കാർ ബോംബ് ആക്രമണത്തിൽ നാല് പോലീസുകാർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാന്റെ അന്നത്തെ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പാകിസ്താനെ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.

2019 : ബലൂചിസ്ഥാനിൽ ബസ് യാത്രക്കാർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ 10 നാവികസേനാ ഉദ്യോഗസ്ഥരും മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരും കോസ്റ്റ്ഗാർഡിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. ഇറാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ ആണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചത്.

അടുത്ത രണ്ട് വർഷം വലിയ സംഘർഷങ്ങൾ ഇല്ലാതെയാണ് ഇരു രാജ്യങ്ങളും കടന്ന് പോയത്.

2021 : ഫെബ്രുവരിയിൽ രണ്ട് ഇന്റലിജൻസ് ഏജന്റുമാരെ ഭീകരർ പിടികൂടിയെന്ന് ആരോപിച്ച് അവരെ രക്ഷിക്കാൻ ഇറാൻ സൈനികർ പാകിസ്താൻ പ്രദേശത്ത് പ്രവേശിച്ചു. സെപ്റ്റംബറിൽ ഇറാനിൽ നിന്ന് അതിർത്തി കടന്നുള്ള വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടുവെന്നും ഇറാനിലെ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും പാകിസ്താൻ അവകാശപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ നാല് മാസത്തെ അടച്ചുപൂട്ടലിന് ശേഷം സെപ്റ്റംബർ 20ന് ഉഭയകക്ഷി വ്യാപാരത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തുറന്നതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.

ശേഷം അടുത്ത സംഘർഷം ഉണ്ടാകുന്നത് 2023 ജനുവരിയിലാണ്. ബലൂചിസ്താനിൽ ഇറാൻ അതിർത്തിയിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനെ അന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. പഞ്ച്ഗുർ ജില്ലയിലെ ചുക്കാബ് സെക്ടറിലുണ്ടായ ആക്രമണത്തിന് ശേഷം, പാക് വിദേശകാര്യ മന്ത്രാലയം (എംഎഫ്എ) ഇക്കാര്യം അന്വേഷിക്കാനും കുറ്റവാളികളെ ഉത്തരവാദികളാക്കാനും ഇറാനോട് ആവശ്യപ്പെടുകയും ചെയ്തു. ഇസ്ലാമാബാദിലെ ഇറാൻ എംബസിയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഏപ്രിലിൽ കെച്ച് ജില്ലയിലെ ജൽഗായ് സെക്ടറിൽ ഇറാനിൽ നിന്നുള്ള അക്രമകാരികൾ തങ്ങളുടെ നാല് അതിർത്തി പട്രോളിംഗ് സൈനികരെ വധിച്ചതായി ഐഎസ്പിആർ അറിയിച്ചു.

കഴിഞ്ഞ വർഷം അവസാനം 'ഭീകര' സംഘടനയായി ഇറാൻ കരിമ്പട്ടികയിൽ പെടുത്തിയ ജെയ്‌ഷ് അൽ-അദ്‌ൽ, തെക്കുകിഴക്കൻ അതിർത്തി പ്രവിശ്യയായ സിസ്താൻ-ബാലുചെസ്ഥാനിലെ ഇറാനിയൻ പട്ടണത്തിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 11 സുരക്ഷാ ഉദ്യോഗസ്ഥരാണ് പോലീസ് സ്റ്റേഷനിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ പിന്നീട് പാകിസ്താൻ അപലപിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും