ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 23 പേർ മരിച്ചു. മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്ത് നിന്ന് പലായനം ചെയ്യുകയായിരുന്ന അഭയാർഥികൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. എട്ട് പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50-ലധികം യാത്രക്കാരുമായി മലേഷ്യ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടിരുന്നത്. റാഖൈനിന്റെ തലസ്ഥാനമായ സിറ്റ്‌വെയ്‌ക്ക് സമീപം ബോട്ട് ശക്തമായ തിരമാലകളിൽ പെട്ടുപോവുകയായിരുന്നു. ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയതോടെ ജീവനക്കാർ തങ്ങളെ നടുക്കടലിൽ ഉപേക്ഷിച്ച് പോയതായി രക്ഷപ്പെട്ട അഭയാർത്ഥികൾ പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങൾ മറ്റ് ബോട്ടുകൾ കണ്ടെടുക്കുകയോ കടൽത്തീരത്ത് ഒഴുകിയെത്തുകയോ ചെയ്യുകയായിരുന്നു. മരിച്ചവരിൽ 13 സ്ത്രീകളും 10 പുരുഷന്മാരും ആണ്. മരിച്ച എല്ലാവരും റോഹിങ്ക്യൻ മുസ്ലീങ്ങൾ. ഓരോ വർഷവും ആയിരകണക്കിന് റോഹിങ്ക്യകൾ മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടലിലൂടെ അപകടകരമായ രീതിയിൽ പലായനം ചെയ്യാൻ ശ്രമിക്കാറുണ്ട്.
മ്യാൻമറിലെ വംശീയ ന്യൂനപക്ഷമാണ് മുസ്ലീം റോഹിങ്ക്യകൾ. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമറിലെ റാഖൈനിൽ ഏകദേശം 600,000 റോഹിങ്ക്യൻ മുസ്‌ലീങ്ങളുണ്ട്. അവരെ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരായി കണക്കാക്കി സർക്കാർ പൗരത്വവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുകയാണ്. ബർമീസ് സൈന്യം ആരംഭിച്ച വംശഹത്യയിൽ നിന്ന് രക്ഷപ്പെടാൻ അവരിൽ പലരും 2017 ൽ ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത് തുടങ്ങി. 2021ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ അവശേഷിക്കുന്നവരും രാജ്യത്ത് നിന്നും പലായനം ചെയ്തു. ബംഗ്ലാദേശിലെ തിരക്കേറിയ അഭയാർത്ഥി ക്യാമ്പുകളും മോശം ജീവിത സാഹചര്യങ്ങളും പലായനത്തിനുള്ള കാരണങ്ങളാണ്.
മലേഷ്യയിലേക്കുള്ള യാത്രയ്ക്ക് ഒരാൾക്ക് ഏകദേശം 4,000 ഡോളർ (3,153 പൗണ്ട്) പണമാണ് ചിലവ്. തിങ്ങി നിറഞ്ഞ മൽസ്യബന്ധന ബോട്ടുകളിൽ കടലിലൂടെ നടത്തുന്ന ഇത്തരം യാത്രകൾ വളരെ അപകടം പിടിച്ചതാണ്. ഒക്ടോബറിനും മെയ് മാസത്തിനും ഇടയിലാണ് മിക്ക റോഹിങ്ക്യകളും പലായനം ചെയ്യാൻ ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ ജനുവരി ഡേറ്റ പ്രകാരം കഴിഞ്ഞ വർഷം 39 കപ്പലുകളിലായി 3500-ലധികം റോഹിങ്ക്യകൾ ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലും കടക്കാൻ ശ്രമിച്ചിട്ടുണ്ട്. 2022-ൽ കുറഞ്ഞത് 348 റോഹിങ്ക്യകളെങ്കിലും കടലിൽ മരിക്കുകയോ കാണാതാവുകയോ ചെയ്‌തിട്ടുണ്ട്.