ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് രാജ്യത്ത് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെകിസ്ഥാൻ സർക്കാർ. ഇന്ത്യന്‍ മരുന്നു നിർമാണ കമ്പനിയായ മരിയോണ്‍ ബയോടെകിനെതിരെയാണ് പരാതി. സ്ഥാപനം നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് അമിത അളവിൽ ഉപയോഗിച്ച കഴിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാംബിയ മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് മാസങ്ങൾക്കകമാണ് സമാനമായ പരാതി ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഉണ്ടാകുന്നത്.
ഗുരുതര ശ്വാസകോശ അസുഖങ്ങൾ ബാധിച്ചവരാണ് മരിച്ച കുട്ടികളെന്ന് ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -1 സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അമിത ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയത്.
ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പ് കഴിച്ച് 70 ഓളം കുട്ടികളാണ് ഗാംബിയയിൽ മരിച്ചത്. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മയില്‍ നിര്‍മിച്ച കഫ്‌സിറപ്പാണ് അന്ന് വില്ലനായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന മെയ്‌ഡെന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ കഫ്സിറപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള പരാതി.
ഗുരുതര ശ്വാസകോശ രോഗമുള്ള 21 കുട്ടികളില്‍ 18 പേരും ഡോക് -1 മാക്‌സ് സിറപ്പ് കഴിച്ചതിന്റെ ഫലമായാണ് മരിച്ചതെന്ന് ഉസ്ബെക്കിസ്ഥാൻ അറിയിച്ചു. മരിച്ച കുട്ടികളെല്ലാം ആശുപത്രിയിൽ എത്തുമുൻപ് വീട്ടിൽ വെച്ച് കഫ് സിറപ്പ് കഴിച്ചവരാണ്. ഒരു ദിവസം 3മുതല്‍ 4 തവണവരെ 2.5-5 മില്ലി എന്ന നിരക്കില്‍ 2 മുതല്‍ 7 ദിവസം വരെ സിറപ്പ് കഴിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് അമിത ഡോസാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ കുട്ടികള്‍ക്കും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് മരുന്ന് നല്‍കിയത്.
ഡോക്-1 സിറപ്പിന്റെ പ്രാഥമിക പരിശോധനയില്‍ സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. വിഷലിപ്തമായി ഈ പദാര്‍ത്ഥം 1-2 മില്ലി അംശം പോലും രോഗിയില്‍ ഛര്‍ദ്ദി, ബോധക്ഷയം, ഹൃദയാഘാതം തുടങ്ങി ഗുരുതരമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക് -1 മാക്സിന്റെ ടാബ്ലെറ്റുകളുടെയും സിറപ്പുകളുടെയും വില്പന രാജ്യത്ത് നിരോധിച്ചതായി ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍ പ്രതികരണത്തിനില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തോട് പ്രതികരിക്കാൻ വിവാദ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.