പാകിസ്താനിലെ ദുകി ജില്ലയിലെ കല്‍ക്കരി ഖനിയില്‍ നടന്ന വെടിവെപ്പില്‍ 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരുക്കേറ്റു. രാജ്യാന്തര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എ പി) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്താനില്‍ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടി നടക്കാനിരിക്കെയാണ് സംഭവം. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് തോക്കുധാരികള്‍ കടന്നുചെല്ലുകയും വെടിവെക്കുകയുമായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥനായ ഹമയൂൻ ഖാൻ നാസിർ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേരും പരുക്കേറ്റവരില്‍ നാലുപേരും അഫ്ഗാനിസ്താൻ സ്വദേശികളാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണകാരികൾ ബലുചിസ്താൻ മേഖലയില്‍നിന്നുള്ളവരാണെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച കറാച്ചി വിമാനത്താവളത്തിനു സമീപമുണ്ടായ ചാവേർ ആക്രമണത്തില്‍ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ചൈനീസ് പൗരന്മാരെ ലക്ഷ്യമാക്കി ബലൂച് തീവ്രവാദികൾ മുൻപും ആക്രമണം നടത്തിയിട്ടുണ്ട്.